തിരുവനന്തപുരം: മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ഏപ്രിൽ ഒന്നിന് ആരംഭിക്കും. വിവിധ വകുപ്പുകളുടെ ഏകോപിത പ്രവർത്തനങ്ങൾ ഉറപ്പാക്കാൻ ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. വീടുകളിലും ഓഫിസുകളിലും ഉൾപ്പെടെ ശുചീകരണ പ്രവർത്തനങ്ങൾ ജനപങ്കാളിത്തത്തോടെ നടത്തണം. വൃത്തിയാക്കാൻ നിശ്ചയിച്ച ഇടങ്ങൾ, മാലിന്യക്കൂനകൾ, കവലകൾ, ചെറുപട്ടണങ്ങൾ, പൊതുഇടങ്ങൾ, അപ്പാർട്മെന്റ് കോംപ്ലക്സുകൾ, വ്യാപാര കേന്ദ്രങ്ങൾ, ഷോപിങ് കോംപ്ലക്സുകൾ, ചന്തകൾ, കമ്യൂണിറ്റി ഹാൾ, വിവാഹ മണ്ഡപങ്ങൾ, ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാമ്പസുകൾ മുതലായവ വൃത്തിയാക്കി വലിച്ചെറിയൽമുക്ത ഇടങ്ങളായി പ്രഖ്യാപിക്കണം. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഇക്കാര്യം ചെയ്യണം. മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും ജൈവമാലിന്യം ഉറവിടത്തിൽ സംസ്കരിക്കാൻ ക്രമീകരണം ഏർപ്പെടുത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
കൊതുക് നിവാരണത്തിന്റെ ഭാഗമായി ഞായറാഴ്ചകളിൽ വീടുകളിലും വെള്ളിയാഴ്ചകളിൽ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും ഡ്രൈ ഡേ ആചരിക്കണം. മുഴുവൻ ഓടകളും വൃത്തിയാക്കണം. മലിനമായിക്കിടക്കുന്ന നീർച്ചാലുകൾ, തോടുകൾ, കുളങ്ങൾ, ഓടകൾ എന്നിവയുടെ പട്ടിക തയാറാക്കി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം. പുഴകളിലെയും നദികളിലെയും ചളിയും എക്കലും നീക്കം ചെയ്യണം. വൃത്തിയാക്കിയ ശേഷമുള്ള മണലും ചളിയും നിക്ഷേപിക്കാനുള്ള സൗകര്യം പ്രാദേശികമായി മുൻകൂട്ടി തയാറാക്കണം. അപകടസാധ്യതയുള്ള മരച്ചില്ലകൾ വെട്ടി മരങ്ങൾ കോതിയൊതുക്കുന്ന പ്രവൃത്തി തദ്ദേശ സ്ഥാപനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണം.വൈദ്യുതി ലൈനുകളുടെയും പോസ്റ്റുകളുടെയും സുരക്ഷാ പരിശോധന കെ.എസ്.ഇ.ബി നടത്തണം. ഇതിന് സമയക്രമം നിശ്ചയിച്ച് ചുമതല നൽകണം. കൺട്രോൾ റൂമുകൾ ആരംഭിക്കാനും മുഖ്യമന്ത്രി നിർദേശിച്ചു.
എല്ലാ ജില്ലകളിലും ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തിൽ പ്രതിമാസ മഴക്കാല മുന്നൊരുക്ക അവലോകനയോഗം ചേരും. മന്ത്രിമാരായ പി. രാജീവ്, പി.എ. മുഹമ്മദ് റിയാസ്, റോഷി അഗസ്റ്റിൻ, എം.ബി. രാജേഷ്, വീണാ ജോർജ്, അഡീ. ചീഫ് സെക്രട്ടറിമാരായ ഡോ.വി. വേണു, ശാരദാ മുരളീധരൻ, വകുപ്പു മേധാവികൾ, ജില്ല കലക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.