തിരുവനന്തപുരം: അപേക്ഷ സ്വീകരിക്കലും കടലാസ് നടപടികളുമില്ലാതെ അർഹരായവരിലേക്ക് ആനുകൂല്യങ്ങളും സേവനങ്ങളും നേരിട്ടെത്തിക്കുന്ന മൂന്നാംതലമുറ ഇ-ഗവേണൻസിന് സംസ്ഥാനം തയാറെടുക്കുന്നു. സംസ്ഥാനത്തെ മൂന്നരക്കോടി പേരുടെയും ഡിജിറ്റൽ വിവരങ്ങൾ ഉൾപ്പെടുത്തി ഐ.ടി മിഷന്‍റെ നേതൃത്വത്തിൽ വ്യക്തിഗത പ്രൊഫൈൽ തയാറാക്കിയാണ് 'പ്രൊ ആക്ടിവ് ഗവേണൻസ്'എന്ന പേരിൽ പുതിയ സേവനസംവിധാനം നടപ്പാക്കുന്നത്. ഏതു രീതിയിൽ വിവരശേഖരണം നടത്തണമെന്നത് സംബന്ധിച്ച ശിപാർശകളും ഐ.ടി വകുപ്പ് സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ മന്ത്രിസഭയാണ് തീരുമാനമെടുക്കേണ്ടത്.
പുതിയ ഗവേണൻസ് സംവിധാനം നിലവിൽ വരുന്നതോടെ സേവനലഭ്യതയുടെ മുഖച്ഛായ തന്നെ മാറുമെന്നാണ് ഐ.ടി മിഷന്‍റെ കണക്കുകൂട്ടൽ. ക്ഷേമപെൻഷൻ ലഭിക്കണമെങ്കിൽ നിലവിൽ അപേക്ഷ നൽകി നടപടികൾ പൂർത്തിയാകുന്നതുവരെ കാത്തിരിക്കണം. എന്നാൽ, പുതിയ സംവിധാനത്തിൽ വ്യക്തികളുടെ വിവരങ്ങളെല്ലാം ഡേറ്റ ബേസിലുള്ളതിനാൽ അർഹരായവർക്ക് അപേക്ഷയില്ലാതെ മാനദണ്ഡപ്രകാരമുള്ള പ്രായപരിധിയെത്തുമ്പോൾ പെൻഷൻ നൽകിത്തുടങ്ങാം.
കുടുംബങ്ങൾക്കുള്ള ആനുകൂല്യങ്ങൾ, ദുരിതബാധിത മേഖലകളിലുള്ളവർക്ക് സാമ്പത്തിക സഹായം, ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയവയിലെല്ലാം ഈ രീതി ഏർപ്പെടുത്താനാകും. പ്രകൃതിദുരന്തങ്ങൾ പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ എത്ര പേരെ ബാധിച്ചെന്നത് വേഗത്തിൽ കണ്ടെത്താനാകും. ആനുകൂല്യങ്ങളിലെ ഇരട്ടിപ്പ്, അനർഹർക്കുള്ള ആനുകൂല്യങ്ങൾ എന്നിവ കണ്ടെത്തി തടയാനും സാധിക്കും. ആധാർ വിവരങ്ങൾ അടിസ്ഥാനപ്പെടുത്തിയുള്ള 'ആധാർ വോൾട്ടു'മായി ബന്ധിച്ചാണ് പുതിയ ഗവേണൻസ് വിഭാവനം ചെയ്തിരിക്കുന്നത്. മൂന്നുവർഷം കൊണ്ട് സംവിധാനം യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷ.
ആധാർ സൂക്ഷിക്കില്ല, പകരം ആധാർ വോൾട്ട്
ആധാർ നമ്പർ ഒരിടത്തും സൂക്ഷിക്കാൻ പാടില്ലെന്നാണ് കേന്ദ്രനിയമം. അതേസമയം ചില സേവനങ്ങൾക്ക് ആധാർ നമ്പർ ശേഖരിച്ച് സൂക്ഷിക്കേണ്ടിവരും. ഈ സാഹചര്യം കണക്കിലെടുത്ത് വ്യക്തിയുടെ ആധാർ നമ്പറിനു പകരം ആധാറിന്‍റെ റഫറൻസ് ഐ.ഡി (വെർച്വൽ ഐ.ഡി) തയാറാക്കി സൂക്ഷിക്കുന്ന സംവിധാനമാണ് 'ആധാർ വോൾട്ട്'. സംസ്ഥാനം സ്വന്തം നിലക്കാണ് ആധാർ വോൾട്ട് തയാറാക്കുന്നത്. ഒന്നര മാസത്തിനുള്ളിൽ ഇത് നടപ്പാക്കും. സെർവർ, ഹാർഡ്വെയർ സെക്യൂരിറ്റി മൊഡ്യൂൾ (എച്ച്.എസ്.എം), ഡേറ്റബേസ് എന്നിവ ചേർന്നതാണ് 'ആധാർ വോൾട്ട്'. എവിടെയെങ്കിലും ആധാർ നമ്പർ ശേഖരിച്ച് സൂക്ഷിക്കേണ്ടിവന്നാൽ പകരം ആധാർ വോൾട്ടാകും പ്രയോജനപ്പെടുത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.