തിരുവനന്തപുരം: എൻ.ടി.പി.സിയുടെ കായംകുളം താപവൈദ്യുതി നിലയവുമായുള്ള കരാർ കെ.എസ്.ഇ.ബിയുടെ കീശ ചോർത്തുന്നു. ഇവിടെനിന്നുള്ള വൈദ്യുതി ഉപയോഗിക്കാതെ പ്രതിവർഷം 100 കോടി രൂപയാണ് ഫിക്സഡ് ചാർജായി നൽകുന്നത്. ഉയർന്ന വിലയ്ക്കുള്ള വൈദ്യുതി വാങ്ങൽ കരാർ അവസാനിപ്പിക്കാൻ കെ.എസ്.ഇ.ബി നീക്കം നടത്തുന്നുണ്ടെങ്കിലും എൻ.ടി.പി.സി നിലപാട് തടസ്സമാണ്.
കായംകുളം കരാർ പുതുക്കിയില്ലെങ്കിൽ കുറഞ്ഞ വിലയിൽ ലഭ്യമാവുന്ന താൽചർ താപനിലയത്തിൽനിന്നുള്ള 180 മെഗാവാട്ട് അധിക വൈദ്യുതി വിഹിതം നിർത്തലാക്കുമെന്നാണ് മുന്നറിയിപ്പ്. ഇതുമൂലം കരാർ പുതുക്കേണ്ട നിർബന്ധിതാവസ്ഥയാണ്.
കായംകുളം നിലയവുമായി 1995ലാണ് കരാർ ഒപ്പിടുന്നത്. നിലയം തുടങ്ങി അഞ്ച് വർഷത്തേക്കായിരുന്നു കാലാവധി. തുടർന്ന് പലവട്ടം പുതുക്കിയ കരാറിന്റെ കാലാവധി 2025 ഫെബ്രുവരിയിൽ അവസാനിക്കും. കരാർ പുതുക്കാൻ എൻ.ടി.പി.സി സമ്മർദം തുടരുന്നുണ്ട്. ഇവിടെനിന്നുള്ള വിലകൂടിയ വൈദ്യുതി ഉപയോഗിക്കുന്നില്ലെങ്കിലും പ്രതിവർഷം 100 കോടി ഫിക്സഡ് ചാർജ് നൽകേണ്ടിവരുന്നുവെന്നും കരാർ പുതുക്കിയില്ലെങ്കിൽ ഈ തുക ലാഭിക്കാനാവുമെന്നുമാണ് കെ.എസ്.ഇ.ബി വാദം.
കഴിഞ്ഞ ആഗസ്റ്റ് വരെ ഫിക്സഡ് ചാർജിനത്തിൽ എൻ.ടി.പി.സിക്ക് നൽകിയത് 4481.66 കോടി രൂപയാണ്. കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമീഷൻ നിശ്ചയിച്ച തുകയാണ് ഫിക്സഡ് ചാർജായി നൽകുന്നത്. വൈദ്യുതി നിലയം സ്ഥാപിക്കാൻ ആവശ്യമായ മൂലധന ചെലവുകളുടെ പലിശ സഹിതമുള്ള തിരിച്ചടവ്, തേയ്മാന ചെലവ്, പ്രവർത്തന പരിപാലന ചെലവ് തുടങ്ങിയ ഘടകങ്ങളെല്ലാം കണക്കിലെടുത്താണ് ഫിക്സഡ് ചാർജ് നിശ്ചയിക്കുന്നത്.
കായംകുളം നിലയത്തിൽനിന്ന് 1999 മുതലാണ് വൈദ്യുതി വാങ്ങിത്തുടങ്ങിയത്. അന്ന് യൂനിറ്റൊന്നിന് ശരാശരി ഫിക്സഡ്ചാർജ് 2.55 രൂപയും എനർജി ചാർജ് 2.38 രൂപയുമായിരുന്നു. ചില വർഷങ്ങളിൽ യൂനിറ്റിന് ഫിക്സഡ് ചാർജായി 3.56 രൂപയും എനർജി ചാർജായി 12.22 രൂപവരെയും നൽകേണ്ടിവന്നു.
2021ലാണ് അവസാനമായി 98.289 ദശലക്ഷം യൂനിറ്റ് വൈദ്യുതി വാങ്ങിയത്. അതിനുശേഷം കടുത്ത ക്ഷാമമുണ്ടായിട്ടും കായംകുളത്തുനിന്നും വൈദ്യുതി വാങ്ങിയിട്ടില്ല. ഇതിനേക്കാൾ കുറഞ്ഞ നിരക്കിൽ മറ്റിടങ്ങളിൽനിന്ന് ലഭിക്കുന്നതാണ് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.