തൃശൂർ: സർക്കാറിന്റെ ഒന്നാംവാർഷികത്തിന് മുമ്പ് സംസ്ഥാനത്ത് ഒരു ലക്ഷംപേർക്ക് കൂടി മുൻഗണന റേഷൻ കാർഡുകൾ വിതരണം ചെയ്യുമെന്ന് ഭക്ഷ്യ- പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. 82 കേന്ദ്രങ്ങളിലായി കാർഡുകൾ വിതരണം ചെയ്യും.
കേന്ദ്രസർക്കാർ മുൻഗണന മാനദണ്ഡം കേരളത്തിലെ ജനങ്ങൾക്ക് ദോഷകരമാണ്. ഇത് തിരുത്തിക്കാനുള്ള ഇടപെടലുകൾ തുടരുകയാണ്. സപ്ലൈകോ വെഹിക്കിൾ ട്രാക്കിങ് ഉദ്ഘാടനം തൃശൂരിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ ഇടപെടൽ വഴി അനർഹരായ 1,64,000 പേർ മുൻഗണന കാർഡുകൾ തിരിച്ചു നൽകി. റേഷൻ കാർഡുകൾ ഇപ്പോൾ സ്മാർട്ടാക്കി. സംസ്ഥാനത്ത് തെരഞ്ഞെടുത്ത 1000 റേഷൻ കടകൾ സ്മാർട്ടാക്കും. കേരളത്തിൽ റേഷൻ കടകളിൽ ജയ അരി വിതരണം ചെയ്യാൻ ആന്ധ്രയുൾെപ്പടെയുള്ള സംസ്ഥാനങ്ങളുമായി ചർച്ച നടത്തിവരികയാണ്. പൊതുവിതരണം ജനകീയമാക്കാനാണ് സർക്കാർ ശ്രമം. ഇതിന്റെ ഭാഗമായാണ് റേഷൻ വണ്ടികൾ വഴി മാറുന്നത് തടയിടാൻ വെഹിക്കിൾ ട്രാക്കിങ്. റേഷൻ ഉൽപന്നങ്ങൾ കയറ്റി പോവുന്ന വാഹനങ്ങളുടെ സഞ്ചാരപാത ഉദ്യോഗസ്ഥർക്ക് കൃത്യമായി ഇതുവഴി നിരീക്ഷിക്കാനാവും. അടുത്ത ഘട്ടത്തിൽ ഇത് ജനങ്ങൾക്കും നിരീക്ഷിക്കാൻ കഴിയും വിധം വികസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
തൃശൂർ വി.കെ.എൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ പി. ബാലചന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. സി.എഫ്.ആർ.ഡി ഡിജിറ്റൽ മാഗസിൻ പ്രകാശനവും നിർവഹിച്ചു. മേയർ എം.കെ. വർഗീസ്, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, സപ്ലൈകോ മാനേജിങ് ഡയറക്ടർ ഡോ. സഞ്ജീബ്കുമാർ പട്ജോഷി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, സി.പി.എം ജില്ല സെക്രേട്ടറിയറ്റംഗം പി.കെ. ഷാജൻ, സി.ആർ. വത്സൻ, ജെയിംസ് മുട്ടിക്കൽ, സെബാസ്റ്റ്യൻ ചൂണ്ടൽ, വസന്തൻ ചിയ്യാരം, അഡ്വ. ദിപിൻ, സപ്ലൈകോ ജനറൽ മാനേജർ ബി. അശോകൻ, ജില്ല സപ്ലൈ ഓഫിസർ പി.ആർ. ജയചന്ദ്രൻ, ജോയിസ് ബെന്നി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.