തിരുവന്തപുരം: സംസ്ഥാനത്തെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഉണർവേകി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി കേരളത്തിലെത്തി. ആലപ്പുഴ ജില്ലയിലെത്തിയ പ്രിയങ്ക ഗാന്ധി കായംകുളത്തെ യു.ഡി.എഫ് സ്ഥാനാർഥി അരിത ബാബുവിനൊപ്പം റോഡ് ഷോയിൽ പങ്കെടുത്തു. അരിത ബാബു കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാർഥികളിലൊരാളാണെങ്കിലും ധൈര്യവതിയും കേരളത്തിന്‍റെ ഭാവിപ്രതീക്ഷയാണെന്നും പ്രിയങ്ക പറഞ്ഞു.
റോഡ് ഷോയിൽ പങ്കെടുക്കുന്നതിനിടെ കായംകുളത്തെത്തിയപ്പോൾ പ്രിയങ്ക അരിതയുടെ വീട് സന്ദർശിക്കാൻ താൽപര്യം കാട്ടുകയായിരുന്നു. റോഡ് ഷോയ്ക്കിടെ അപ്രതീക്ഷിതമായി യാത്ര അരിതയുടെ വീട്ടിലേക്ക് വഴിമാറി. ഈ സമയം,അരിതയുടെ മാതാപിതാക്കൾ വീട്ടിൽ ഇല്ലായിരുന്നു. അവർ പ്രിയങ്കയെ കാണുന്നതിനായി റോഡ് ഷോ നടക്കുന്നിടത്തേക്ക് പോയതായിരുന്നു. പ്രിയങ്ക വീട്ടിലെത്തുന്ന വിവരമറിഞ്ഞ് അവരും തിരിച്ചെത്തി. അൽപസമയം അരിതയുടെ വീട്ടിൽ ചെലവഴിച്ച പ്രിയങ്ക തുടർന്ന് പശുവളർത്തലിനെക്കുറിച്ചെല്ലാം വിശദമായി ചോദിച്ചറിഞ്ഞു. ഇതിനിടയിൽ നിരവധി പേർ വീട്ടിനകത്തും പരിസരങ്ങളിലുമായി നേതാവിനെ കാണാൻ എത്തിച്ചേർന്നിരുന്നു. ഈ ആവേശനിമിഷങ്ങൾക്ക് ശേഷം അരിതയുമൊത്ത് വീട്ടിൽനിന്നിറങ്ങി പ്രിയങ്ക റോഡ് ഷോ തുടരുകയായിരുന്നു.
ഒരുമണിക്കൂറോളം നീണ്ട റോഡ്ഷോ യു.ഡി.എഫ് കേന്ദ്രങ്ങൾ വഴിയിലുടനീളം ആവേശത്തോടെയാണ് വരവേറ്റത്. ആലപ്പുഴക്ക് പുറമേ കൊല്ലം, തിരുവനന്തപുരം ജില്ലകളിലും ഇന്ന് പ്രിയങ്ക പര്യടനം നടത്തും. കരുനാഗപ്പള്ളിയിലെ പൊതുസമ്മേളനത്തിൽ പങ്കെടുത്ത പ്രിയങ്ക സംസ്ഥാന സർക്കാറിനെ രൂക്ഷമായഭാഷയിൽ വിമർശിച്ചിരുന്നു.
പിതാവ് അസുഖബാധിതനായതോെട പശുക്കളുടെ പരിപാലനം ഏറ്റെടുത്ത അരിത സ്ഥാനാർഥി പ്രഖ്യാപനത്തിലൂടെ ശ്രദ്ധ നേടിയിരുന്നു. പുലർച്ചെ എഴുന്നേറ്റ് സൊസൈറ്റിയിലും വീടുകളിലും പാൽ വിതരണം ചെയ്ത ശേഷമാണ് അരിത ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗമെന്ന നിലയിൽ പ്രവർത്തിച്ചിരുന്നത്. എൽ.ഡി.എഫിന്‍റെ സിറ്റിങ് എം.എൽ.എ യു. പ്രതിഭയോടാണ് അരിത മാറ്റുരക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.