കോട്ടയം: കെവിൻ കൊലക്കേസ് പ്രതി കസ്റ്റഡിയിലിരിക്കെ ബന്ധുക്കളുമായി വിഡിയോ കാളിൽ സംസാരിച്ച സംഭവം അടിയന്തരമായി അന്വേഷിക്കാൻ ജില്ല പൊലീസ് മേധാവി പി. ഹരിശങ്കർ ഉത്തരവിട്ടു.
സ്പെഷൽ ബ്രാഞ്ചിനോട് 24 മണിക്കൂറിനകം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പൊലീസിെൻറ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെങ്കിൽ ഏതു രീതിയിലാണ് ഉണ്ടായത് എന്നും എന്തെങ്കിലും സഹായമുണ്ടായോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്. റിപ്പോർട്ട് ലഭിച്ച ശേഷം ആവശ്യമായ നടപടിയുണ്ടാകുമെന്നും എസ്.പി പറഞ്ഞു.
വെള്ളിയാഴ്ച പ്രതികളെ എല്ലാവരെയും ഏറ്റുമാനൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതിനായി ജയിലിൽനിന്ന് ജീപ്പിൽ കോടതി വളപ്പിൽ എത്തിച്ചപ്പോഴാണ് ഷഫിൻ വീട്ടുകാരുമായി വിഡിയോ കാളിലൂടെ സന്തോഷം പങ്കുവെച്ചത്. വൈകീട്ട് നാലരയോടയാണ് 10 പ്രതികളെ കോടതിയിൽ എത്തിച്ചത്. കോടതി വളപ്പിൽ നിൽക്കുമ്പോൾ ബന്ധുവായ യുവതി ഷഫിനെ കാണാൻ എത്തി.
സംസാരിച്ചു തുടങ്ങിയ ശേഷം ഇവർ സ്വന്തം ഫോണിൽ ഷഫിെൻറ വീട്ടുകാരെ വിളിച്ചു. തുടർന്ന് യുവതിയുടെ കൈയിലിരുന്ന ഫോണിലൂടെ, ഷഫിൻ പൊലീസ് വാഹനത്തിൽ ഇരുന്ന് മറുതലക്കുള്ള ആളുമായി പരസ്പരം കണ്ടു സംസാരിച്ചതാണ് വിവാദമായത്. ഈസമയം പൊലീസ് ഉദ്യോഗസ്ഥർ സമീപമുണ്ടായിരുന്നു. ഈമാസം 13വരെ പ്രതികളെ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ കോടതി വിട്ടുനൽകിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.