കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതിവിവേചനത്തിനെതിരെ പ്രഫ. ദിവ്യ ദ്വിവേദി

കോഴിക്കോട്: കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതിവിവേചനത്തിനെതിരെ പ്രതികരണവുമായി പ്രമുഖ ചിന്തകയും ഡൽഹി ഐ.ഐ.ടി അസോ. പ്രഫസറുമായ ദിവ്യ ദ്വിവേദി. സ്ഥാപനത്തിലെ സവർണ ഉദ്യോഗസ്ഥർ വിദ്യാർഥികളോട് കാട്ടുന്ന ജാതീയതയും, താഴ്ന്ന ജാതിക്കാരായ ജീവനക്കാരെക്കൊണ്ട് ഡയറക്ടർ വീട്ടുപണി ചെയ്യിപ്പിച്ചെന്നതും ഏറെ വേദനയുണ്ടാക്കുന്നുവെന്ന് അവർ പറഞ്ഞു.

സവർണ മേധാവിത്തം അവസാനിപ്പിക്കാനുള്ള നടപടികൾക്കു പകരം ഇത്തരക്കാർക്ക് പരിരക്ഷ നൽകുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. പ്രതിഷേധിച്ചവരെ ജാതീയവും സ്ത്രീവിരുദ്ധവുമായ വാക്കുകളാൽ പരിഹസിക്കുകയും അപമാനിക്കുകയുമാണ് ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ ചെയ്തത്. പിന്നാലെ ഭരണകക്ഷിയിലെ നേതാക്കൾ അടൂർ ഗോപാലകൃഷ്ണന് സംരക്ഷണം തീർക്കാൻ രംഗത്തെത്തിയിരിക്കുന്നു. സവർണതയുടെ മുന്നേറ്റക്കാരാണ് കേരളം ഇപ്പോഴും ഭരിക്കുന്നത് എന്ന് അറിയുന്നവർക്ക് ഇത് ആശ്ചര്യമുണ്ടാക്കുന്നതല്ല. സവർണർക്ക് മുന്നാക്ക സംവരണം നടപ്പാക്കിയപ്പോൾ നാം ഇത് കണ്ടതാണ്.

ഇന്ത്യയിലെ ആദ്യത്തെ ദലിത് പ്രസിഡന്‍റിന്‍റെ പേരിലുള്ള ഒരു സ്ഥാപനം ഭരിക്കാൻ ന്യൂനപക്ഷ സവർണ്ണ സമുദായങ്ങളിൽ നിന്നുള്ള അംഗങ്ങളെ മാത്രമേ കണ്ടെത്താനായുള്ളൂ എന്നത് ഏറെ ആശങ്കാജനകമാണ്. കേരളത്തിലെ താഴ്ന്ന ജാതിക്കാരെ അദൃശ്യരാക്കിയ സിനിമാ സംസ്കാരത്തെ കുറിച്ചും ചർച്ച ചെയ്യാനുള്ള സമയമാണിത്. ഉയർന്ന ജാതിക്കാരുടെ പാരമ്പര്യം, പൈതൃകം, അഭിമാനം തുടങ്ങിയവയിൽ കേന്ദ്രീകരിക്കുന്ന അടൂർ ഗോപാലകൃഷ്ണന്‍റെ സിനിമകൾ ഇത്തരത്തിലാണ്. സിനിമയെ നിർമിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സവർണ സ്വഭാവമുള്ള സമൂഹത്തെ തുറന്നുകാട്ടുക തന്നെ വേണം.

ജാതീയ അടിച്ചമർത്തലുകൾക്കും ജാതീയ അതിക്രമങ്ങൾക്കും, മനുഷ്യനെന്ന ആശയത്തിന്‍റെ ലംഘനത്തിനുമെതിരെ ഇന്ന് പ്രതിഷേധിക്കുന്നവരെല്ലാം ഇന്ത്യയിലെ സമത്വ രാഷ്ട്രീയത്തിന്‍റെ വിപ്ലവകാരികളാണ്. ഈ ഇരുണ്ട ആകാശത്ത് നിങ്ങൾ വെളിച്ചം നിറക്കുക. ജയ് ഭീം, നീൽ സലാം -പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രസ്താവനയിൽ ദിവ്യ ദ്വിവേദി പറഞ്ഞു. 

Tags:    
News Summary - Prof. Divya Dwivedi against caste discrimination in KR Narayanan Institute.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.