മനുഷ്യസ്നേഹിയായിരുന്ന നേതാവ് എന്നാണ് ഞാൻ സിദ്ദീഖ് ഹസൻ സാഹിബിനെ വിശേഷിപ്പിക്കുക. അദ്ദേഹത്തിെൻറ ഏറ്റവും വലിയ ദൗർബല്യം മനുഷ്യദുരിതങ്ങളായിരുന്നു. ആരെയും കരുതിവെപ്പില്ലാതെ ചേർത്തുപിടിക്കാനുള്ള സന്നദ്ധത അദ്ദേഹത്തെ ഇന്ത്യയറിയുന്ന നേതാവും സംഘാടകനുമാക്കി. രാജ്യതലസ്ഥാനത്തും ഉത്തരേന്ത്യയിലുമുള്ള ആരോരുമറിയാത്ത ആയിരങ്ങൾ അദ്ദേഹത്തിെൻറ വിയോഗമറിഞ്ഞ് കണ്ണീരണിയുന്നുണ്ടാവുമെന്നുറപ്പാണ്.
മുസ്ലിം പിന്നാക്ക ന്യൂനപക്ഷങ്ങളുടെയും മർദിത വിഭാഗങ്ങളുടെയും അസ്തിത്വ, അവകാശസംരക്ഷണത്തിനുവേണ്ടി താൽപര്യങ്ങൾക്ക് വിധേയമാവാതെ സത്യം വിളിച്ചുപറയാനുള്ള ഉൽക്കടമായ ആഗ്രഹത്തോടെ 'മാധ്യമം' ദിനപത്രം തുടങ്ങാൻ ഇസ്ലാമിക പ്രസ്ഥാനം തീരുമാനിക്കുന്നത് അന്നത്തെ സാഹചര്യത്തിൽ അസാധ്യമെന്ന തിരിച്ചറിവോടു കൂടിയായിരുന്നു. ഇന്ന് അദ്ദേഹത്തിെൻറ ഭൗതികശരീരം പൊതുദർശനത്തിന് വെച്ച വെള്ളിമാട്കുന്നിൽ 'മാധ്യമ'ത്തിെൻറ താളുകൾക്ക് അച്ചടിമഷി പുരളുന്നത് അദ്ദേഹത്തിെൻറ സാരഥ്യത്തിലാണ്. പിന്നീട് 'മാധ്യമം' സഞ്ചരിച്ച വഴികൾ കേരളത്തിനു മുന്നിലുണ്ട്. രണ്ടർഥത്തിലും 'മാധ്യമം' വേരാഴ്ത്തിയത് ആ ആത്മബലത്തിലായിരുന്നു. ആരംഭത്തിലെ മുദ്രാവാക്യത്തെ യാഥാർഥ്യമാക്കി മാധ്യമലോകത്ത് വഴിത്തിരിവ് സൃഷ്ടിച്ച് ഇന്ന് അത് നേരും നന്മയും കാത്തു ദൃശ്യമാധ്യമ മേഖലയിൽ വരെ എത്തി നിൽക്കുന്നു. അദ്ദേഹമടക്കമുള്ള ശിൽപികളുടെ നിലപാടുകളിൽനിന്ന് പതിറ്റാണ്ടുകൾക്കു ശേഷവും വ്യതിചലിച്ചിട്ടില്ല എന്നതു തന്നെയായിരിക്കും ഈ സ്ഥാപനങ്ങൾ അദ്ദേഹത്തിനു നൽകുന്ന യാത്രാമൊഴി.
ഒന്നര പതിറ്റാണ്ട് കേരള ജമാഅത്തെ ഇസ്ലാമിയെ അദ്ദേഹം നയിച്ചു. അതുവരെ ശീലിച്ച വഴികളിൽനിന്ന് സംഘടനയെ പുതിയ മേച്ചിൽപുറങ്ങളിലേക്ക് വഴിനടത്തി. സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക മേഖലകളിലേക്കും പ്രസ്ഥാനം പ്രബോധനം ചെയ്തിരുന്ന ആശയങ്ങളുടെ പ്രയോഗവത്കരണത്തിലേക്കും ചുവടുവെക്കാൻ തുടങ്ങിയ നാളുകൾ. നാനാഭാഗത്തുനിന്നും എതിർപ്പുകൾ ശക്തമായപ്പോൾ പ്രതിരോധിക്കാൻ മികച്ചൊരു യുവനിരയെ അദ്ദേഹം സജ്ജമാക്കി. സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് എന്ന യുവജനപ്രസ്ഥാനത്തെ കേരളത്തിന് സമർപ്പിച്ചത് അദ്ദേഹത്തിെൻറ നേതൃത്വത്തിലായിരുന്നു.
ഒരു സംഘടനയുടെ നേതാവായിരിക്കുമ്പോഴും മുസ്ലിംസമുദായവും പതിത സമൂഹങ്ങളും അദ്ദേഹത്തിെൻറ മുഖ്യ വിഷയമായി. അവരെ കൈപിടിച്ചുയർത്താനുള്ള വഴികൾ അന്വേഷിച്ചു. സാധാരണക്കാരനോ അഭ്യസ്തവിദ്യനോ മുതലാളിയോ തൊഴിലാളി നേതാവോ ആരാവട്ടെ, സമുദായത്തിനും പിന്നാക്ക വിഭാഗങ്ങൾക്കും സഹായകമാവുന്ന ഒരു പദ്ധതി അദ്ദേഹത്തിെൻറ കൈകളിലുണ്ടാവും. അത്തരമൊരു പദ്ധതി ആരിൽനിന്നും അദ്ദേഹം ഉരുത്തിരിച്ചെടുക്കും. അങ്ങനെയുണ്ടായ അനേകം പദ്ധതികൾ ഇന്ന് കേരളത്തിൽ തലയുയർത്തി നിൽക്കുന്നുണ്ട്. കോഴിക്കോട് ആസ്ഥാനമായുള്ള സെൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി), മലപ്പുറം വാഴയൂരിലെ 'സാഫി' സ്ഥാപന സമുച്ചയം, ബൈത്തുസ്സകാത് എന്നിവ ഉദാഹരണം.
പിടയുന്ന ജീവിതങ്ങൾ എന്നും അദ്ദേഹത്തിെൻറ ആശ്ലേഷത്തിന് വിധേയമായിട്ടുണ്ട്. ദുരന്തമുഖങ്ങളിൽ ഇന്ന് കേരളം കേൾക്കുന്ന മൂന്നക്ഷരമുണ്ടല്ലോ-ഐ.ആർ.ഡബ്ല്യു എന്ന ഐഡിയൽ റിലീഫ് വിങ്. അദ്ദേഹം കൈപിടിച്ചു വളർത്തിയ ഒരു സംഘമാണത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ നിർധനർക്കുവേണ്ടി തുടങ്ങിയ വിഷൻ 2016, 2026 തുടങ്ങിയവയുടെ മുഖ്യ സംഘാടകനും അദ്ദേഹമായിരുന്നു.
മാറാട് കേരളത്തിെൻറ ദുഃഖമായിരുന്ന കാലം. ആ മേഖലയിലേക്ക് കടന്നുചെല്ലാനാവാതെ കേരളത്തിെൻറ രാഷ്ട്രീയ, മത നേതൃത്വങ്ങൾ പകച്ചുനിന്ന സമയം. അത്തരമൊരു നീക്കത്തെ ഭരണകൂടംപോലും ഭയപ്പെട്ടപ്പോൾ മാറാട് കടപ്പുറത്തേക്ക് സധൈര്യം കടന്നുചെല്ലാൻ ഒരാളേ ധൈര്യം കാണിച്ചുള്ളൂ. കലാപത്തിൽ മുറിവേറ്റ ജനത ഒരാൾക്കേ അനുമതി നൽകിയുള്ളൂ-സിദ്ദീഖ് ഹസൻ എന്ന മനുഷ്യസ്നേഹിക്ക്. 'നിങ്ങളായതുകൊണ്ട് ഞങ്ങൾ സമ്മതിക്കുന്നു' എന്നായിരുന്നു മാറാടിെൻറ സ്വാഗതം.
ഇച്ഛാശക്തി, തേൻറടം, പ്രചോദനശേഷി, നിലപാടിലെ ദൃഢതയും സത്യസന്ധതയും, ഇവയെയെല്ലാം കവിഞ്ഞുനിൽക്കുന്ന വിനയവും ലാളിത്യവും-ഇതെല്ലാം ഒത്തുചേർന്നതായിരുന്നു ആ വ്യക്തിത്വം. ബന്ധപ്പെട്ട ആർക്കും മറക്കാനാവാത്ത ഒരനുഭവം അദ്ദേഹം സമ്മാനിച്ചിട്ടുണ്ടാവും. ജമാഅത്തെ ഇസ്ലാമി കേരള ആസ്ഥാനത്ത് അപരിചിതരായ പലരും കടന്നുവരാറുണ്ട്. കവിഞ്ഞ പരിചയഭാവം അവരുടെ മുഖത്തുണ്ടാവും. പണ്ടെവിടെയോ വെച്ച് സിദ്ദീഖ് ഹസൻ തോളിൽ കൈവെച്ചതിെൻറയും സങ്കടങ്ങൾ കേട്ടുനിന്നതിെൻറയും വഴിയടഞ്ഞപ്പോൾ വഴി പറഞ്ഞുതന്നതിെൻറയും മക്കളെയോ പേരമക്കളെയോ തലയിൽ കൈവെച്ച് ആശീർവദിച്ച് പ്രാർഥിച്ചതിെൻറയുമൊക്കെ കഥകളായിരിക്കും അവർക്ക് പറയാനുണ്ടാവുക.
പണ്ഡിതരും നേതാക്കളും മുൻ അമീറുമാരുമെല്ലാമുള്ള ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലേക്ക് നിയോഗിക്കപ്പെട്ടപ്പോൾ മുപ്പതു പിന്നിടുകമാത്രം ചെയ്ത എന്നെയും സുഹൃത്ത് ടി. ആരിഫലിയെയും ഉപാധ്യക്ഷന്മാരായി നിശ്ചയിച്ച അദ്ദേഹത്തിെൻറ സാഹസികതയിൽ അതിശയിച്ചിട്ടുണ്ട്. അതിരുകളില്ലാത്ത ആത്മവിശ്വാസം അേദ്ദഹത്തിെൻറ മികവാണ്. മറ്റുള്ളവർക്ക് അത് അതേ അളവിൽ പകർന്നുനൽകി. കേരളീയ സമൂഹത്തിന് ധാരാളം മാതൃകകൾ അവശേഷിപ്പിച്ചാണ് സിദ്ദീഖ് ഹസൻ സാഹിബ് വിടപറഞ്ഞത്. ഇത്തരം വ്യക്തിത്വങ്ങളുടെ സാന്നിധ്യം തന്നെയാണ് ഓരോ ജനതയുടെയും സുകൃതവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.