തിരുവനന്തപുരം: 2021 ലെ അബൂദാബി ശക്തി അവാർഡുകൾ പ്രഖ്യാപിച്ചു. പ്രഫ. എരുമേലി പരമേശ്വരൻ പിള്ളയുടെ സ്മരണാർഥമുള്ള ശക്തി എരുമേലി പുരസ്കാരത്തിന് പ്രഫ.എം.കെ. സാനുവിന്‍റെ 'കേസരി, ഒരു കാലഘട്ടത്തിന്‍റെ സ്രഷ്ടാവ്' എന്ന പുസ്തകം അർഹമായി.
വിജ്ഞാന സാഹിത്യ വിഭാഗത്തിൽ മന്ത്രി പി. രാജീവിന്‍റെ 'ഭരണഘടന, ചരിത്രവും സംസ്കാരവും' എന്ന കൃതിക്കാണ് പുരസ്കാരം. നോവൽ കെ.ആർ. മല്ലിക (അകം), കഥ വിഭാഗത്തിൽ വി.ആർ. സുധീഷ് (കടുക്കാച്ചി മാങ്ങ), ബാലസാഹിത്യം- സേതു (അപ്പുവും അച്ചുവും) എന്നിവർ പുരസ്കാരം നേടി.
കവിത, നാടകം, നിരൂപണം വിഭാഗങ്ങളിൽ രണ്ടുപേർ വീതം അവാർഡ് പങ്കിട്ടു. കവിത: രാവുണ്ണി (കറുത്ത വറ്റേ, കറുത്ത വറ്റേ), അസീം താന്നിമൂട് (മരത്തിനെ തിരിച്ചുവിളിക്കുന്ന വിത്ത്), നാടകം: ഇ.പി. ഡേവിഡ് (ഇരിക്കപ്പിണ്ഡം കഥപറയുന്നു), രാജ്മോഹൻ നീലേശ്വരം (ജീവിതം തുന്നുമ്പോൾ), നിരൂപണം: വി.യു. സുരേന്ദ്രൻ (അകം തുറക്കുന്ന കവിതകൾ), ഇ.എം. സൂരജ് (കവിതയിലെ കാലവും കാൽപ്പാടുകളും) എന്നിവർക്കാണ് പുരസ്കാരം. നാടകരംഗത്തെ സമഗ്ര സംഭാവനക്കുള്ള ശക്തി ടി.കെ. രാമകൃഷ്ണൻ പുരസ്കാരം സി.എൽ. ജോസിനാണ്. ഏപ്രിൽ രണ്ടാംവാരം എറണാകുളത്ത് നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.