മോദിക്കൊപ്പം വേദി പങ്കിട്ട് പ്രഫ. ടി.ജെ. ജോസഫും

കൊച്ചി: മറൈൻ ഡ്രൈവിലെ ബി.ജെ.പി പരിപാടിയിൽ നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിട്ട് പ്രഫ. ടി.ജെ. ജോസഫും. ചോദ്യ പേപ്പറിൽ പ്രവാചകനിന്ദ പരാമർശം ഉണ്ടായെന്ന്​ ആരോപിച്ച് പോപുലർ ഫ്രണ്ട് പ്രവർത്തകരുടെ ആക്രമണത്തിനിരയായ തൊടുപുഴ ന്യൂമാൻ കോളജിലെ പ്രഫസറായിരുന്ന ടി.ജെ. ജോസഫിനെ ബി.ജെ.പി നേതാക്കളാണ് യോഗത്തിലേക്ക് പ്രത്യേകം ക്ഷണിച്ചത്. തുടർന്ന് അദ്ദേഹം പരിപാടിക്ക്​ എത്തുകയായിരുന്നു.

13 വർഷം മുമ്പായിരുന്നു ചോദ്യപേപ്പർ വിവാദവും തുടർന്ന് കൈവെട്ടലടക്കമുള്ള സംഭവങ്ങളുമുണ്ടായത്. പ്രധാനമന്ത്രിയെ കണ്ടതിനുപിന്നിൽ രാഷ്ട്രീയ നിലപാടു​കളൊന്നുമില്ലെന്നും ഒരുപാർട്ടിയിലും പെടാത്ത സ്വതന്ത്രനിലപാടാണ് തനിക്കെന്നും ജോസഫ് പറഞ്ഞു.

ജയിക്കാൻ ഓരോ ബൂത്തിലും കഠിനപ്രയത്നം നടത്തണമെന്നും എല്ലാ ബൂത്തിലും ജയിച്ചാൽ കേരളത്തിലും ജയിക്കാമെന്നും കൊച്ചിയിൽ ബി.ജെ.പി ‘ശക്തികേന്ദ്ര പ്രമുഖ’രുടെ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ‘ബൂത്ത്തലത്തിൽ കഠിന പ്രയത്നം ചെയ്ത് ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങണം. രാജ്യം ഭരിക്കുന്ന സർക്കാറിനെ തെരഞ്ഞെടുക്കാനുള്ളതാണ് ലോക്സഭാ തെരഞ്ഞെടുപ്പെന്ന് ഓരോ വോട്ടറെയും ബോധ്യപ്പെടുത്തണം. കേന്ദ്രത്തിന്‍റെ വികസന പദ്ധതികൾ അവരിലേക്ക് എത്തിക്കണം. ഒമ്പതുവർഷത്തിനിടെ 25 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽനിന്ന് കരകയറി. മോദിയുടെ ഉറപ്പ്, ഉറപ്പ് പൂർത്തീകരിക്കുമെന്ന ഉറപ്പുകൂടിയാണ്. 50 വർഷംകൊണ്ട് ദാരിദ്ര്യം ഇല്ലാതാക്കി എന്ന് കോൺഗ്രസ് വെറുതെ പറഞ്ഞുനടക്കുകയായിരുന്നു. എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികളുടെ ചരിത്രം അഴിമതിയുടെയും കുംഭകോണത്തിന്‍റേതുമാണ്’ -മോദി പറഞ്ഞു.

ലോകം ഇന്ത്യയെ മികച്ച സുഹൃത്തായാണ് കാണുന്നത്. ഗൾഫ് രാജ്യങ്ങളുമായുള്ള നമ്മുടെ ബന്ധം ചരിത്രത്തിലെ ഏറ്റവും ശക്തമായ ഘട്ടത്തിലൂടെ കടന്നുപോകുന്നത് ഇതിന് തെളിവാണ്. രാമായണത്തിന് വേണ്ടി ഒരു മാസം മാറ്റിവെക്കുന്ന കേരളത്തിലെ വീടുകളിലും ക്ഷേത്രങ്ങളിലും ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടക്കുമ്പോൾ ശ്രീരാമ ജ്യോതി തെളിയുന്നു എന്ന് ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ, പ്രകാശ് ജാവ്ദേക്കർ, കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ്, സി.കെ. പത്മനാഭൻ, എം.ടി. രമേശ്, ശോഭ സുരേന്ദ്രൻ, അൽഫോൻസ് കണ്ണന്താനം, അനിൽ ആന്‍റണി, എ.പി. അബ്ദുല്ലക്കുട്ടി തുടങ്ങിയവരും സംബന്ധിച്ചു.

Tags:    
News Summary - Prof TJ Joseph shares stage with PM in Kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.