തിരുവനന്തപുരം: ഗതാഗത മന്ത്രി ആൻറണി രാജുവിനെതിരായ തൊണ്ടിമുതൽ വിവാദം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. കേട്ടാൽ നാണം കെട്ടുപോകുന്നതും അറപ്പുളവാക്കുന്നതുമായ പ്രവൃത്തി ചെയ്തയാൾ മന്ത്രിസഭയിൽ ഇരിക്കുകയാണെന്നും ഇത് കേരളത്തിന് അപമാനമാണെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു.
കോടതിയിൽനിന്ന് തൊണ്ടി മുതൽ വക്കീലിന് ഒപ്പിട്ട് വാങ്ങാമെന്നറിയാത്തയാൾ 10 വർഷം ഹൈകോടതിയിൽ അഭിഭാഷകനായിരുന്നുവെന്നതിൽ ലജ്ജ തോന്നുന്നെന്നും കാള പെറ്റെന്ന് കേട്ടപ്പോൾ പ്രതിപക്ഷനേതാവ് കയറെടുക്കുകയാണെന്നുമായിരുന്നു ആന്റണി രാജുവിന്റെ മറുപടി. പിന്നാലെ രൂക്ഷമായ വാദപ്രതിവാദമായി. മന്ത്രിക്കെതിരെയുള്ള പഴയ കേസ് വളരെ ഗുരുതരമായി ഉയർന്നുവന്നിരിക്കുന്നെന്നും അടിവസ്ത്രത്തിൽ ഹാഷിഷ് ഒളിപ്പിച്ചുവന്ന വിദേശിയെ കേസിൽനിന്ന് രക്ഷിക്കാൻ തൊണ്ടിമുതലായ അടിവസ്ത്രം വാങ്ങിച്ച് മുറിച്ച് പത്ത് വയസ്സുകാരന്റെയാക്കി മാറ്റുകയായിരുന്നെന്നും പ്രതിപക്ഷ നേതാവ് ആരോപച്ചു. ഫോറൻസിക് തെളിവുണ്ട്. മന്ത്രി രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, കോടതിയിൽ താനോ അഭിഭാഷനോ ഹാജരാകാത്ത ഒരു പോസ്റ്റിങ് പോലുമില്ലെന്നും തന്റെ അപേക്ഷ പ്രകാരം ഒരു പോസ്റ്റിങ്ങ് പോലും മാറ്റിവെച്ചിട്ടില്ലെന്നും ആന്റണി രാജു തിരിച്ചടിച്ചു. ആരോപണം തെളിയിക്കാൻ പ്രതിപക്ഷനേതാവിനെ വെല്ലുവിളിക്കുന്നു. തനിക്കെതിരെ മൂന്നു തവണയാണ് പൊലീസ് അന്വേഷണം നടന്നത്. രണ്ടുതവണയും യു.ഡി.എഫ് സർക്കാറിന്റെ കാലത്താണ്. തന്നെ പ്രതിയാക്കാനാകില്ലെന്നും തെളിവില്ലെന്നുമുള്ള അന്തിമ അന്വേഷണ റിപ്പോർട്ടാണ് മൂന്ന് വട്ടവും പൊലീസ് കോടതിയിൽ സമർപ്പിച്ചത്. ഇന്റർപോൾ റിപ്പോർട്ടിലും എന്റെ പേരില്ല.
താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോഴെല്ലാം ഈ കേസ് ഉയർന്നുവരുന്നുണ്ട്. യു.ഡി.എഫിന്റെ വേട്ടയാടലിന്റെ പ്രത്യക്ഷ ഉദാഹരണമാണീ കേസ്. ഞാൻ ഒരു പെണ്ണുകേസിലും പ്രതിയല്ല. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സമയത്ത് ഈ കേസിന്റെ വിവരമടക്കം പത്രത്തിൽ കൊടുത്തിരുന്നു. സത്യവാങ്മൂലത്തിലും പറഞ്ഞിരുന്നു. ഒന്നും മറച്ചുവെച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.