കൊച്ചി: സിറോ മലബാർ സഭയിലെ ഏകീകൃത കുർബാനയർപ്പണ വിഷയത്തിൽ മാർപാപ്പ തെറ്റിദ്ധരിപ്പിക്കപ്പെട്ടെന്ന പ്രചാരണമാണ് യഥാർഥത്തിൽ തെറ്റിദ്ധാരണ പടർത്തുന്നതെന്ന് സഭാ നേതൃത്വം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. എറണാകുളം-അങ്കമാലി അതിരൂപതയിലും സിനഡ് കുർബാനയർപ്പണ രീതി നടപ്പാക്കണമെന്ന് രണ്ട് കത്തുകളിലൂടെ മാർപാപ്പ ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്ത സാഹചര്യത്തിലാണ് വിഡിയോ സന്ദേശത്തിലൂടെ ഇക്കാര്യം വീണ്ടും ആവശ്യപ്പെട്ടതെന്ന് സഭ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
ഈ വർഷത്തെ പിറവിത്തിരുനാൾ മുതൽ ഏകീകൃത കുർബാന അതിരൂപതയിലും നടപ്പാക്കണമെന്ന മാർപാപ്പയുടെ ഖണ്ഡിത തീരുമാനമാണ് സന്ദേശത്തിലൂടെ മുന്നോട്ടുവെച്ചത്. മാർപാപ്പയെ അനുസരിക്കുകയും സഭയുടെ കൂട്ടായ്മയിൽ തുടരാൻ ആഗ്രഹിക്കുകയും ചെയ്യുന്നവെരല്ലാം ഈ തീരുമാനം അനുസരിക്കണം. മാർപാപ്പയെ തെറ്റിദ്ധരിപ്പിച്ചു എന്ന പ്രചാരണം മാർപാപ്പയോടുള്ള അനുസരണക്കേടിനെ ന്യായീകരിക്കാനുള്ള വിഫലശ്രമമാണ്.
ഡിസംബർ 25 മുതൽ അതിരൂപതയിൽ സിനഡുതീരുമാനമനുസരിച്ച് വിശുദ്ധ കുർബാനയർപ്പിക്കണമെന്ന് മാർപാപ്പ ആവശ്യപ്പെട്ടശേഷവും ആഘോഷദിവസങ്ങളിൽ മാത്രം ചിലയിടങ്ങളിൽ ചൊല്ലണമെന്നാണ് മാർപാപ്പ പറഞ്ഞത് എന്ന പ്രചാരണമാണ് യഥാർഥത്തിൽ തെറ്റിദ്ധാരണ പടർത്തുന്നത്. മാർപാപ്പയുടെ ആഹ്വാനത്തിൽ വസ്തുതാപരമായ തെറ്റുകളുണ്ടെന്നും അദ്ദേഹത്തെ കല്ദായ വാദികൾ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി അൽമായ മുന്നേറ്റം ഭാരവാഹികൾ രംഗത്തെത്തിയിരുന്നു. ഞായറാഴ്ച നടന്ന സിറോ മലബാർ ഹയറാർക്കി, എറണാകുളം-അങ്കമാലി അതിരൂപത ശതാബ്ദി ആഘോഷ സമാപന ചടങ്ങിൽ ഉദ്ഘാടകനായ റിട്ട. ജസ്റ്റിസ് കുര്യൻ ജോസഫും സമാന പ്രസ്താവനയാണ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.