തിരുവനന്തപുരം: മുട്ടിൽ മരംമുറി വിവാദത്തിെൻറ പശ്ചാത്തലത്തിൽ പട്ടയഭൂമിയിലെ മരങ്ങളുടെ കണക്കെടുക്കാൻ റവന്യൂ വകുപ്പ് നിർദേശം. എത്ര മരങ്ങൾ നഷ്ടപ്പെട്ടു, പട്ടയഭൂമിയിൽ എത്ര രാജകീയ മരങ്ങളുണ്ട്, പട്ടയം കിട്ടിയശേഷം എത്രയെണ്ണം ശേഷിക്കുന്നു, മുമ്പ് എത്രയെണ്ണം ഉണ്ടായിരുന്നു തുടങ്ങിയ വിവരങ്ങൾ ശേഖരിക്കാനാണ് കലക്ടർമാർക്കയച്ച കത്തിൽ റവന്യൂ സെക്രട്ടറിയുടെ നിർദേശം.
ഇക്കാര്യത്തിൽ ഒരു കണക്കും സർക്കാറിെൻറ പക്കലില്ല. പട്ടയഭൂമിയിലെ മരങ്ങളുടെ കണക്കില്ലാത്തത് വീഴ്ചയാണെന്ന് നിയമസഭയിലടക്കം ആക്ഷേപമുയർന്നിരുന്നു.
ഒരാഴ്ചക്കകം കണക്കെടുപ്പ് പൂർത്തിയാക്കി റിപ്പോർട്ട് നൽകാനാണ് റവന്യൂ സെക്രട്ടറി ലാൻറ് റവന്യൂ കമീഷണറോട് ആവശ്യപ്പെട്ടത്. ഇതിന് എല്ലാ കലക്ടർമാർക്കും നിർദേശം നൽകണമെന്നും ആവശ്യമെങ്കിൽ മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥരെക്കൂടി പുനഃക്രമീകരിച്ച് നടപടി വേഗത്തിലാക്കാനുമാണ് നിർദേശം.
പട്ടയഭൂമിയിൽ ഭൂപതിവ് ചട്ടത്തിനുശേഷം നട്ടുവളർത്തിയതും കിളിർത്തുവന്നതുമായ ചന്ദനമൊഴികെ മരങ്ങൾ മുറിക്കാൻ അവകാശം നൽകി മുൻ റവന്യൂ സെക്രട്ടറി കെ. വേണു കഴിഞ്ഞവർഷം സർക്കുലർ ഇറക്കി. പിന്നീടത് ഉത്തരവായിറങ്ങി. സംഭവം വിവാദമായതോടെ ഫെബ്രുവരി രണ്ടിന് ഉത്തരവ് റദ്ദാക്കി. സർക്കുലർ ഇറങ്ങിയതുമുതൽ ഉത്തരവ് റദ്ദാക്കിയതുവരെ എത്ര മരം മുറിച്ചുകടത്തി, ഇനി എത്ര മരം നിൽക്കുന്നു, വനം വകുപ്പ് എത്ര പാസ് നൽകി, എത്ര കേസുണ്ട്, കേസുകളുടെ പുരോഗതി എന്നീ ചോദ്യങ്ങളാണ് കത്തിൽ ഉന്നയിച്ചിരിക്കുന്നത്.
വനം വകുപ്പ് പട്ടയഭൂമിയിലെ സംരക്ഷിത മരങ്ങളുടെ കണക്കെടുപ്പ് തുടങ്ങി. തേക്ക്, വീട്ടി, ചന്ദനം, കരിമരം എന്നിവയുടെ എണ്ണമാണ് ശേഖരിക്കുന്നത്. പട്ടയഭൂമിയിലെ സംരക്ഷിത മരങ്ങളുടെ ഉടമാവകാശം സർക്കാറിനാണ്. ഇവ ഇനംതിരിച്ച് റെയ്ഞ്ച് അടിസ്ഥാനത്തിൽ എണ്ണിത്തിട്ടപ്പെടുത്തും. വലിപ്പവും രേഖപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.