ഒരച്ഛന്‍െറ വിധി, ഒരു കുടുംബത്തിന്‍െറ കണ്ണീര്‍

കല്‍പറ്റ: അച്ഛനെവിടെയെന്ന് ചോദിച്ചാല്‍ കുഞ്ഞുസബിന്‍ കോളനിയിലേക്കുള്ള റോഡിലെ വലിയ കയറ്റത്തിന് മുകളിലേക്ക് കൈചൂണ്ടും. സബിന്‍ പിറന്നുവീഴും മുമ്പേ ജയിലഴിക്കുള്ളിലായതാണ് അച്ഛന്‍ ബാബു. കൊടും ക്രിമിനലുകളെ വിട്ടയക്കാന്‍ ഭരണകൂടം ധിറുതി കാട്ടുന്ന കാലത്ത് ബാബുവിന് നമ്മുടെ നീതിന്യായ വ്യവസ്ഥ വിധിച്ചത് 40 വര്‍ഷത്തെ തടവാണ്. ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ ആചാരപ്രകാരം വിവാഹം കഴിച്ചുവെന്നതാണ് ഈ ആദിവാസി യുവാവ് ചെയ്ത മഹാപരാധം. 

ഭാര്യക്ക് പ്രായപൂര്‍ത്തിയായിട്ടില്ളെന്നതിനാല്‍ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയല്‍ നിയമം (പോക്സോ) പ്രകാരമാണ് ബാബുവിന് ജില്ല പോക്സോ കോടതി 40 വര്‍ഷം തടവുശിക്ഷ വിധിച്ചത്. 2014 ഒക്ടോബര്‍ പത്തിനാണ് ബാബുവിനെ കുമ്പളേരി അയ്യപ്പന്‍മൂല പണിയ കോളനിയില്‍നിന്ന് പൊലീസ് പിടിച്ചുകൊണ്ടുപോകുന്നത്. അന്ന് അമ്പലവയല്‍ പൊലീസ് സ്റ്റേഷനിലെ എസ്.ഐ രാമനുണ്ണി എഴുതിനല്‍കിയ ചില പേപ്പറുകളില്‍ ബാബുവിന്‍െറ ഭാര്യയെ കൊണ്ട് നിര്‍ബന്ധപൂര്‍വം ഒപ്പിടുവിക്കുകയായിരുന്നു. പോക്സോ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട ബാബുവിനെതിരെ ബലാത്സംഗം, ലൈംഗികാതിക്രമങ്ങളടക്കമുള്ള കടുത്ത കുറ്റങ്ങള്‍ ചാര്‍ത്തപ്പെട്ടപ്പോഴാണ് ഭാര്യയും ബന്ധുക്കളുമടക്കമുള്ളവര്‍ ‘ചതി’ മനസ്സിലാക്കുന്നത്. പിന്നീട് പൊലീസുകാരോടും കോടതിയിലും ബാബു തന്‍െറ ഭര്‍ത്താവാണെന്നും തന്നെ ഒരു വിധത്തിലും ഉപദ്രവിച്ചിട്ടില്ളെന്നും ഭാര്യ താണുകേണ് പറഞ്ഞിട്ടും കാര്യമൊന്നുമുണ്ടായില്ല. നാലുമാസത്തോളം നീണ്ട വിചാരണക്കൊടുവില്‍ 2015 സെപ്റ്റംബര്‍ 15ന് പോക്സോയുടെ വിവിധ വകുപ്പുകള്‍ പ്രകാരം ജഡ്ജി പഞ്ചാപകേശന്‍ 40 വര്‍ഷം തടവ് ശിക്ഷ വിധിക്കുകയായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്തതില്‍ പിന്നെ ബാബുവിന് ജാമ്യം കിട്ടിയിട്ടേയില്ല. ശിക്ഷ വിധിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ബാബുവിനെ കൊണ്ടുപോകുമ്പോള്‍ കൈക്കുഞ്ഞായിരുന്ന സബിന് അഞ്ചു മാസമായിരുന്നു പ്രായം. ഏപ്രില്‍ രണ്ടിന് രണ്ടുവയസ്സ് തികയുന്ന അവന്‍ കോളനിക്കാരുടെ അരുമയാണിപ്പോള്‍. എന്നാല്‍, അവന്‍െറ അമ്മയാകട്ടെ എല്ലാംകൊണ്ടും തകര്‍ന്നിരിക്കുന്നു. വ്യവസ്ഥകളെയും കര്‍ക്കശ നിബന്ധനകളെയും കുറിച്ച് പിടിപാടൊന്നുമില്ളെങ്കിലും ഈ ആദിവാസി കുടുംബം ഹൈകോടതിയില്‍ ജാമ്യാപേക്ഷ നല്‍കി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ബാബുവിന്‍െറ അടുത്ത ബന്ധുക്കള്‍ കൂടിയാണ് ഭാര്യയും കുടുംബവും. ഉറ്റവരാരുമില്ലാത്ത ബാബു കോളനിയില്‍ അവരോടൊപ്പമായിരുന്നു താമസം. തുടര്‍ന്ന് ഇഷ്ടത്തിലായ പെണ്‍കുട്ടിയുമായി ആചാരമനുസരിച്ച് ഒന്നിച്ചുജീവിക്കുന്നതിനിടയിലാണ് നിയമം ബാബുവിനെ കൊടും കുറ്റവാളിയും തടവുകാരനുമാക്കിയത്. സമാനമായ കേസില്‍ ഹൈകോടതിയില്‍നിന്നുതന്നെ പലരും ജാമ്യം നേടിയിരുന്നു. എന്നാല്‍, ബാബുവിന്‍െറ കാത്തിരിപ്പ് തുടരുകയാണ്. ആദ്യവര്‍ഷത്തിനിടെ രണ്ടുതവണ മാത്രമാണ് സബിന്‍ അച്ഛനെ കണ്ടത്. അത് കോടതി വളപ്പില്‍വെച്ചായിരുന്നു. മകനെ ഒന്ന് എടുത്തോട്ടെ എന്ന് ഒരുതവണ ബാബു കെഞ്ചിയാചിച്ചിട്ടും പൊലീസ് അനുവദിച്ചില്ല. ബാബു ജയിലിലായതോടെ തങ്ങളുടെ ജീവിതം ദുസ്സഹമായതായി ഭാര്യ പറയുന്നു. 

പാവപ്പെട്ട ആദിവാസി യുവാക്കളെ ആചാരമനുസരിച്ചുള്ള കല്യാണത്തിന്‍െറ പേരില്‍ ജയിലില്‍ തള്ളുന്ന വാര്‍ത്ത ‘മാധ്യമ’മാണ് പുറത്തുകൊണ്ടുവന്നത്. തുടര്‍ന്ന് അന്നന്നെ ജില്ല കലക്ടര്‍ കേശവേന്ദ്രകുമാര്‍ ഇടപെട്ട് ഇവര്‍ക്കെതിരെ പോക്സോ ചാര്‍ത്തുന്നത് നിര്‍ത്തിവെപ്പിക്കുകയായിരുന്നു. എന്നാല്‍, മുമ്പ് അത്തരം കേസില്‍പെട്ട് ജയിലിലായ ബാബുവിനെപ്പോലുള്ളവര്‍ക്ക് നീതികിട്ടിയതുമില്ല. ഈ സാഹചര്യത്തില്‍ ബാബുവിന്‍െറ അപ്പീല്‍ മാര്‍ച്ച് ഒന്നിന് ഹൈകോടതി വിചാരണക്കെടുക്കുന്നതും കാത്തിരിക്കുകയാണ് കുടുംബവും അയ്യപ്പന്‍മൂല കോളനിവാസികളും.
 

Tags:    
News Summary - Protection of Children from Sexual Offences Act

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.