തിരുവനന്തപുരം: സംസ്ഥാനത്തെ ഹൈസ്കൂളുകളിൽ ഒമ്പത്, 10 ക്ലാസുകളിൽ തസ്തിക നഷ്ടം വരുന്ന അധ്യാപകരെ സംരക്ഷിക്കാൻ അനുവദിച്ചിരുന്ന 1:40 എന്ന ഇളവോടെയുള്ള അധ്യാപക-വിദ്യാർഥി അനുപാതം അവസാനിപ്പിച്ച് സർക്കാർ ഉത്തരവ്. ഈ ക്ലാസുകളിൽ 1:45 എന്ന അനുപാതത്തിൽ മാത്രമേ തസ്തിക നിലനിർത്തൂ. അനുപാതത്തിലെ മാറ്റം വഴി ഒട്ടേറെ പേർക്ക് തസ്തിക നഷ്ടം വരും.
വിദ്യാഭ്യാസ അവകാശനിയമ പ്രകാരം ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകളിൽ 1:30, ആറ് മുതൽ എട്ട് വരെ ക്ലാസുകളിൽ 1:35 എന്നിങ്ങനെയാണ് അധ്യാപക-വിദ്യാർഥി അനുപാതം. എന്നാൽ ഒമ്പത്, 10 ക്ലാസുകളിൽ 1:45 ആണ് അനുപാതം. ഒമ്പത്, 10 ക്ലാസുകളിലെ തസ്തികകളിൽ ജോലി ചെയ്യുന്നവരെ സംരക്ഷിക്കാൻ വർഷങ്ങൾക്ക് മുമ്പ് കൊണ്ടുവന്ന ക്രമീകരണമായിരുന്നു 1:40 എന്ന ഇളവ് അനുപാതം.
സംരക്ഷണമുള്ള അധ്യാപകരുടെ പുനർവിന്യാസത്തിനായി എയ്ഡഡ് സ്കൂളുകളിൽ കുട്ടികൾ വർധിച്ചുണ്ടാകുന്ന അധിക തസ്തികകൾ 1:1 എന്ന അനുപാതത്തിൽ സർക്കാർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. തസ്തിക നഷ്ടപ്പെടുന്ന സംരക്ഷണ ആനുകൂല്യമുള്ള അധ്യാപകരെ അധ്യാപക ബാങ്കിൽ ഉൾപ്പെടുത്തുകയും മറ്റ് എയ്ഡഡ് സ്കൂളുകളിലേക്ക് പുനർവിന്യസിക്കുകയും ചെയ്യുന്ന രീതിയാണുള്ളത്. ഈ ക്രമീകരണം കൊണ്ടുവന്ന സാഹചര്യത്തിലാണ് ഒമ്പത്, 10 ക്ലാസുകളിൽ അധ്യാപകരെ സംരക്ഷിക്കാനുള്ള 1:40 അനുപാതം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. 2014-15 വരെ നിയമിക്കപ്പെട്ട അധ്യാപകർക്കാണ് നിലവിൽ സംരക്ഷണ ആനുകൂല്യമുള്ളത്. ഇളവ് അനുപാതം നിർത്തലാക്കുന്നതോടെ 2014ന് ശേഷം നിയമിക്കപ്പെട്ടവർ കുട്ടികൾ കുറഞ്ഞ് തസ്തിക നഷ്ടമായാൽ സർവിസിൽ നിന്ന് പുറത്താകുന്ന സാഹചര്യമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.