തൃശൂർ/മലപ്പുറം: കനത്ത സുരക്ഷക്കിടെ രണ്ടാം ദിവസവും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം. തൃശൂർ കുന്നംകുളത്തും മലപ്പുറം കുറ്റിപ്പുറത്തുമാണ് പ്രതിഷേധം അരങ്ങേറിയത്. കുറ്റിപ്പുറം മിനി പമ്പയിൽ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി. പ്രതിഷേധക്കാർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ച പൊലീസ് ലാത്തിച്ചാർജ് നടത്തി. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.
കുറ്റിപ്പുറം മിനി പമ്പയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി മാർച്ച് സംഘടിപ്പിച്ചു. മലപ്പുറം ഡി.സി.സി അധ്യക്ഷൻ വി.എസ് ജോയി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി റിയാസ് മുക്കോലി അടക്കമുള്ളവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി.
കുറ്റിപ്പുറത്ത് യൂത്ത് ലീഗ് പ്രവർത്തകരും പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റിപ്പുറം മിനി പമ്പയിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ബാരിക്കേഡ് ഉയർത്തി തടഞ്ഞ പൊലീസ്, പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധം കണക്കിലെടുത്ത് പൊലീസ് കുറ്റിപ്പുറം-പൊന്നാനി റോഡിൽ ഗതാഗതം നിരോധിച്ചിട്ടുണ്ട്.
തൃശൂർ കുന്നംകുളത്ത് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ബി.ജെ.പി പ്രവർത്തകർ കരിങ്കൊടി കാണിച്ചു.
പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം മുന്നിൽകണ്ടാണ് മുഖ്യമന്ത്രി സന്ദർശിക്കുന്ന മലപ്പുറം, കോഴിക്കോട് ജില്ലകളിൽ പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. പ്രതിഷേധങ്ങളെ കർശനമായി നേരിടാനാണ് പൊലീസിന് ലഭിച്ച നിർദേശം. അതിനാൽ, മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നു പോകുന്ന റോഡുകളിലും പരിപാടികളിലും വിവിധ തലത്തിലുള്ള പരിശോധന നടത്തും. പരിശോധനകളുണ്ടാവുന്നതിനാൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങിനെത്തുന്നവർ നേരത്തെയെത്തണമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി പങ്കെടുക്കുന്ന കോഴിക്കോട് നഗരത്തിലെ പരിപാടികളിൽ കറുത്ത മാസ്കിന് വിലക്കുണ്ട്. വൈകീട്ട് 5.30ന് കോഴിക്കോട് സെന്റ് ജോസഫ്സ് ദേവാലയാങ്കണത്തിൽ നടക്കുന്ന കോഴിക്കോട് രൂപത ശതാബ്ദി ആഘോഷ പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കുന്നവർ കറുത്ത മാസ്ക് ഒഴിവാക്കണമെന്ന് സ്ഥലത്ത് പരിശോധനക്കെത്തിയെ പൊലീസ് ഉദ്യോഗസ്ഥർ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.