തിരുവനന്തപുരം: ഇഫ്ളു സർവകലാശാലയിൽ കഴിഞ്ഞ ദിവസം വിദ്യാർത്ഥിനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിൽ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത വിദ്യാർഥികളെ കലാപശ്രമമുൾപ്പെടെ വകുപ്പുകൾ ചുമത്തി കേസെടുത്ത തെലങ്കാന പൊലീസ് നടപടി പ്രതിഷേധാർഹമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.എം ഷെഫ്റിൻ. ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ഇഫ്‌ലു യൂനിറ്റ് പ്രസിഡന്‍റ് നൂറ മൈസൂൻ, ജോയിന്‍റ് സെക്രട്ടറി റിഷാൽ ഗഫൂർ എന്നിവരടക്കം 11 വിദ്യാർഥികൾക്കെതിരെയാണ് കലാപശ്രമമടക്കം വകുപ്പുകൾ ചുമത്തി തെലങ്കാന പൊലീസ് കേസെടുത്തത്.
ഇഫ്ളു പ്രോക്ടർ സാംസണിന്‍റെ പരാതിയിലാണ് തെലങ്കാന പൊലീസ് കേസെടുത്തത്. കാമ്പസിലെ വിഷയങ്ങളെ കുറിച്ച് പ്രോക്ടർ സമർപ്പിച്ച പരാതി പച്ചക്കള്ളങ്ങളും അർധസത്യങ്ങളും നിറഞ്ഞതാണ്. സംഭവസ്ഥലത്ത് ഇല്ലാതിരുന്നവർക്കെതിരെ അടക്കം കേസ് ചുമത്തിയതും സമരം ചെയ്ത വിദ്യാർഥികൾക്കെതിരായ പ്രതികാര വേട്ടയുടെ ഭാഗമാണ്. സർവകലാശാല ലൈംഗികാതിക്രമ പരാതിയിൽ നടപടിയെടുക്കുന്നതിൽ യൂനിവേഴ്സിറ്റിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ച മറച്ചുവെക്കാൻ വിദ്യാർഥികൾക്കെതിരെ കേസെടുക്കുകയും തലേ ദിവസം കാമ്പസിൽ നടക്കാനിരുന്ന ഫലസ്തീൻ വിഷയത്തിലെ സാഹിത്യ ചർച്ചയെ ഇതുമായി ബന്ധപ്പെടുത്തുകയും ചെയ്ത യൂനിവേഴ്സിറ്റിയുടെയും പൊലീസിന്‍റെയും നീക്കങ്ങൾ തികഞ്ഞ അക്രമമാണ്.
ഇസ്ലാമോഫോബിയ പ്രചരിപ്പിച്ച് ലൈംഗികാതിക്രമ വിഷയത്തിൽ സമരം ചെയ്ത വിദ്യാർഥികളെ കുറ്റക്കാരാക്കി കൈകഴുകാനുള്ള യൂനിവേഴ്സിറ്റി അധികൃതരുടെ ശ്രമങ്ങൾ ചെറുത്ത് തോൽപിച്ചേ മതിയാവൂ. ലൈംഗികാതിക്രമ പരാതിയിൽ കുറ്റക്കാർക്കെതിരെ ഉടൻ നടപടിയെടുക്കണമെന്നും വിദ്യാർഥികൾക്കെതിരെ ചുമത്തിയ കലാപ ശ്രമമുൾപ്പെടെ കള്ളക്കേസ് റദ്ദാക്കണമെന്നും ഷെഫ്റിൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.