കോട്ടയം: സർക്കാർ ജോലികളിൽ താൽക്കാലികക്കാരെ ഒഴിവാക്കുന്ന രാഷ്ട്രീയ പാർട്ടികളുമായി സഹകരിക്കുമെന്ന് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ ഫെഡറേഷന്‍. റാങ്ക് ലിസ്റ്റുകളിൽ നിന്നും നിയമനങ്ങൾ നടത്തിയില്ലെങ്കിൽ സർക്കാറിനെതിരെ ശക്തമായ പ്രതിക്ഷേധം നടത്തും. കൺസൾട്ടൻസി നിയമനങ്ങൾ തകൃതി ആയി നടക്കുന്നുവെന്നും അതിനെതിരെ കോടതിയിൽ പോകുമെന്നും സംഘടനാ ഭാരവാഹികൾ കോട്ടയത്ത് പറഞ്ഞു.
കേരളത്തിൽ മുൻപെങ്ങും ഇല്ലാത്തവിധത്തിലുള്ള നിയമനകുറവാണ് വിവിധ റാങ്ക് ലിസ്റ്റുകൾ നേരിട്ടു കൊണ്ടിരിക്കുന്നത്. റെക്കോർഡ് നിയമനങ്ങൾ നടന്നു എന്നും, നൂറു ദിനങ്ങൾ കൊണ്ട് 50000 തൊഴിലവസരങ്ങൾ സൃഷ്ടിച്ചുവെന്നും സർക്കാർ പറയുന്ന സാഹചര്യത്തിലും പല റാങ്ക് ലിസ്റ്റുകളിലും വിരലിലെണ്ണാവുന്ന നിയമനങ്ങൾ മാത്രമാണ് നടന്നിട്ടുള്ളത്. ഉദാഹരണത്തിന് 46285 പേരുടെ എല്‍.ജി.എസ് റാങ്ക് ലിസ്റ്റിൽ നിന്നും നൂറുദിന കർമപരിപാടികളിൽ മുൻകാലങ്ങളിൽ റിപ്പോർട്ട് ചെയ്ത ഒഴിവുകൾ ഉൾപ്പെടെ വെറും 126 നിയമന ശുപാർശ അയച്ചതായി പി.എസ്.സി കാണിക്കുന്നുവെങ്കിലും അത്രയും നിയമന ശുപാർശ പോലും അയച്ചിട്ടില്ല. ഇതേ അവസ്ഥ തന്നെയാണ് സിവിൽ സപ്ലൈസ് അസിസ്റ്റന്റ് സെയിൽസ്മാൻ, എല്‍.ഡി.വി ഡ്രൈവർ തുടങ്ങിയ റാങ്ക് ലിസ്റ്റുകളിലും. സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി പുതിയ തസ്തിക സൃഷ്ടിക്കാൻ സാധിക്കില്ല എന്ന് പറയുമ്പോഴും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ തനത് ഫണ്ടിൽ നിന്നും ശമ്പളം നൽകുന്നു എന്ന പേര് കാണിച്ചു 51 താല്ക്കാലികക്കാരെ സ്ഥിരപ്പെടുത്താൻ സർക്കാർ ഉത്തരവിറക്കി.
58878 നിയമനങ്ങൾ മൂന്ന് ആഴ്ച കൊണ്ട് നടത്തി എന്ന് സർക്കാർ അവകാശപ്പെടുമ്പോൾ മുൻകാലങ്ങളിലെ ഒഴിവുകൾ ഉൾപ്പെടെ 1000 നിയമങ്ങളോളം മാത്രമേ നടന്നിട്ടുള്ളൂ എന്ന് പി.എസ്.സി കണക്കുകൾ വ്യക്തമാക്കുന്നു. ലോക്ഡൗണ്‍ കാലത്തു പോലും 7000 ത്തിൽ കൂടുതൽ നിയമനങ്ങൾ നടത്തി എന്ന് പി.എസ്.സി പറയുമ്പോഴാണ് മൂന്ന് മാസത്തിൽ വെറും 1000 നിയമനങ്ങൾ. ചരിത്രത്തിലെ റെക്കോർഡ് വിരമിക്കലുണ്ടായ 2019, 2020 കാലഘട്ടത്തിലൂടെ കടന്നുപോയെങ്കിലും ഇത്രയും കുറവ് നിയമങ്ങളാണ് നടന്നത് എങ്കിൽ ഇനി പരീക്ഷകൾ എഴുതാനിരിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് എന്ത് പ്രതീക്ഷയാണ് സർക്കാരിന് നൽകാനുള്ളത്.
തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുൻപേ നിയമനം ത്വരിതപ്പെടുത്തിയില്ല എങ്കിൽ തൊഴിലന്വേഷകർക്ക് എതിരെയുള്ള ഗവണ്മെന്റിന്റെ നിലപാടുകളെ കുറിച്ച് റാങ്ക് ലിസ്റ്റിൽ ഉൾപെട്ടവരെയും, പി.എസ്.സി പരീക്ഷകൾക്ക് പഠിക്കുന്ന ഉദ്യോഗാർഥികളെയും കുടുംബങ്ങളെയും ബോധവത്കരിച്ചുകൊണ്ട് വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ചു ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.
വാർത്താ സമ്മേളനത്തിൽ റിജു കെ., വിനേഷ് ചന്ദ്രൻ, സിജോ ജോസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.