കോഴിക്കോട്: ക്രൈസ്തവ നാടാർ വിഭാഗത്തെ ഒ.ബി.സി സംവരണത്തിൽ ഉൾപ്പെടുത്തിയതിൽ പ്രതിഷേധം. 80 പിന്നാക്ക വിഭാഗങ്ങൾക്കായുള്ള സംവരണം അട്ടിമറിക്കപ്പെടുന്നുവെന്ന് മോസ്റ്റ് ബാക് വേർഡ് കമ്യൂണിറ്റി ഫെഡറേഷൻ (എം.ബി.സി.എഫ്) ജനറൽ സെക്രട്ടറി എസ്. കുട്ടപ്പൻ ചെട്ടിയാർ പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ നീക്കമാണിത്. 2,700 പേരെ നിയമിക്കുമ്പോഴാണ് റൊട്ടേഷൻ അനുസരിച്ച് ഒരാൾക്ക് ജോലി ലഭിക്കുന്നത്. സർക്കാർ തീരുമാന കാട്ടുനീതിയാണ് എം.ബി.സി.എഫ് വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടി.
12 മുന്നാക്ക ക്രിസ്ത്യൻ സമുദായങ്ങളെ നാടാർ സമുദായമെന്നു പറഞ്ഞ് പിന്നാക്ക സമുദായ ലിസ്റ്റിൽ ഉൾപ്പെടുത്താനും 80 പിന്നോക്ക സമുദായങ്ങൾക്ക് മൊത്തത്തിൽ ലഭിച്ചു കൊണ്ടിരിക്കുന്ന മൂന്നു ശതമാനം സംവരണം വീണ്ടും അട്ടിമറിക്കാനും, വെട്ടിക്കുറക്കാനുമുള്ള മന്ത്രിസഭാ തീരുമാനം ഉടനടി പിൻവലിക്കുക. സാമൂഹ്യവും വിദ്യാഭ്യാസപരവുമായ പുരോഗതിക്കു വേണ്ടിയും പിന്നാക്കാവസ്ഥക്കു ശാശ്വതമായ പരിഹാരമുണ്ടാക്കാനുമായി നാടാർ സമുദായത്തിൽ നിന്നും മതം മാറി. മലങ്കര, സുറിയാനി, ഓർത്തഡോക്സ് തുടങ്ങിയ 12 ക്രൈസ്തവ സഭകളിൽ അംഗങ്ങളായി മുന്നാക്ക സമ്പന്ന സവർണ വിഭാഗങ്ങളായി ഇക്കാലമത്രയും കഴിഞ്ഞു വന്നവരെ രാഷ്ടീയ ലാഭത്തിനും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ വീണ്ടും ജയിച്ച് അധികാരത്തിൽ എത്താമെന്ന ദുഷ്ടലാക്കോടും കൂടി പിന്നാക്ക സമുദായ ലിസ്റ്റിൽ ഉൾപ്പെടുത്തി സംവരണവും മറ്റവകാശങ്ങളും നൽകാനും യഥാർഥ പിന്നാക്ക വിഭാഗങ്ങളെ ക്രൂരമായി ദ്രോഹിക്കാനും ഉള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്‍റെ ഇന്നത്തെ മന്ത്രിസഭാ തീരുമാനം കേരളത്തിലെ അൻപതു ലക്ഷത്തോളം വരുന്ന പ്രത്യേകമായി സംവരണമോ മറ്റവകാശങ്ങളോ ഇന്നുവരെ ലഭിക്കാത്ത പരമ്പരാഗതമായി വിവിധ തരം കുലത്തൊഴിലുകൾ ചെയ്തു വന്ന, യന്ത്രവൽക്കരണം മൂലം തൊഴിൽ നഷ്ടപ്പെട്ട 80 പിന്നോക്ക സമുദായങ്ങളോടു കാണിച്ച ഏറ്റവും വലിയ വഞ്ചനയും ദ്രോഹവുമാണെന്നും ഈ തീരുമാനം എത്രയും വേഗം പിൻവലിക്കണമെന്നും അതല്ലാ എങ്കിൽ പ്രത്യേകമായി സംവരണ ശതമാനം നിശ്ചയിച്ചിട്ടുള്ള ഹിന്ദു നാടാർക്കും - ക്രിസ്ത്യൻ നാടാർക്കുമുള്ള സംവരണ ക്വോട്ടയിൽ ഇവരെ ഉൾപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കണം.
കേരള സർക്കാരിന്‍റെ പിന്നാക്ക സമുദായ ലിസ്റ്റിൽ ഇപ്പോൾ 87 സമുദായങ്ങൾ ഉണ്ട്. ഇവർക്കെല്ലാം കൂടി ഉദ്യോഗ വിദ്യാഭ്യാസ രംഗങ്ങളിൽ 40% സംവരണമാണ് അനുവദിച്ചിട്ടുള്ളത് (പട്ടിക ജാതി- പട്ടിക വർഗ്ഗങ്ങൾക്ക് 10% ഉൾപ്പെടെ ആകെ സംവരണം 50%. ഇതിൽ ഏഴു പിന്നാക്ക സമുദായങ്ങൾക്കായി - (ഈഴവ-, മുസ് ലിം -ലത്തീൻ കത്തോലിക്ക - വിശ്വകർമ്മ -ധീവര -നാടാർ കൺവർട്ടഡ് ക്രിസ്ത്യൻ) 37%. ബാക്കിയുള്ള 80 സമുദായങ്ങൾക്കെല്ലാം കൂടി വെറും 3% മാത്രം. 1979 വരെ ഇത് 10% ഉണ്ടായിരുന്നതാണ് അതിൽ നിന്നും 1979 ൽ വിശ്വ കർമ്മ സമുദായത്തിനും 1980 ൽ ധീവര സമുദായത്തിനും 1982 ൽ നാടാർ സമുദായത്തിനുമായി 7% വെട്ടിക്കുറച്ചാണു് 1982 മുതൽ മൂന്നു ശതമാനമാക്കിയത്.
1982ൽ മൂന്നു ശതമാനമാക്കിയപ്പോൾ 63 സമുദായങ്ങൾ മാത്രമാണ് ഈ ഗ്രൂപ്പിൽ ഉണ്ടായിരുന്നത് എന്നാൽ അതിനു ശേഷം മാറി മാറി വന്ന സർക്കാരുകൾ പലപ്പോഴായി മുന്നോക്ക സമുദായങ്ങളായിരുന്ന പതിനേഴു സമുദായങ്ങളെ കൂടി പിന്നോക്ക സമുദായ പട്ടികയിൽ ഉൾപ്പെടുത്തി അതിനെ തുടർന്നാണ് ഈ ഗ്രൂപ്പിൽ ഇപ്പോൾ 80 സമുദായങ്ങൾ ആയത്. ഇന്ന് 12 സമുദായങ്ങളെ കൂടി ഉൾപ്പെടുത്താൻ തീരുമാനിച്ചപ്പോൾ ഈ ഗ്രൂപ്പിലുള്ള സമുദായങ്ങളുടെ എണ്ണം 92 ആയി. ഉദ്യോഗ - വിദ്യാഭ്യാസ രംഗത്ത് ഈ 92 സമുദായങ്ങൾക്കും കൂടി 3% സംവരണം എന്നു പറഞ്ഞാൽ ഒരു സമുദായത്തിനും ഒരു പ്രയോജനവും ഉണ്ടാവുകയില്ല എന്നത് തർക്കമറ്റ കാര്യമാണ്. മുൻപു തന്നെ 2700 പേരെ പി.എസ്.സി നിയമിക്കുമ്പോഴാണ് റൊട്ടേഷൻ അനുസരിച്ച് ഒരു സമുദായത്തിലെ ഒരാളിന് ഒരു ഉദ്യോഗം കിട്ടിയിരുന്നത്.. അതിന്‍റെ കൂടെ ക്രീമീലെയർ കൂടി ഏർപ്പെടുത്തിയപ്പോൾ അതും കിട്ടാതായി. ഇപ്പോൾ 12 സമുദായങ്ങളെ കൂടി ഉൾപ്പെടുത്തുമ്പോഴുള്ള അവസ്ഥ പരമദയനീയമാണ്.
കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്‍റെ കാലത്തും ഈ കൊടിയ വഞ്ചന നടത്താൻ ചില ദുഷ്ടശക്തികൾ ശക്തമായ കരുക്കൾ നീക്കിയതാണ്. അന്ന് എം.ബി.സി.എഫ് അതിനെതിരേ അതിശക്തമായി പ്രതികരിച്ചതു കൊണ്ടാണു മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി നേരിട്ട് ഇടപെട്ട് ഈ അട്ടിമറി തടഞ്ഞത്. അതിനു ശേഷവും ഈ അനീതി നടത്തിയെടുക്കാനും എം.ബി.സി.എഫിന്‍റെ എതിർപ്പിന്‍റെ കാഠിന്യം കുറയ്ക്കാനുമായി എം.ബി.സി.എഫ് ജനറൽ സെക്രട്ടറിയെ തന്ത്രപരമായി പട്ടം ബിഷപ്പ് ഹൗസിലേക്ക് വലിയ തിരുമേനി തന്നെ നേരിട്ട് അത്താഴ വിരുന്നിനു ക്ഷണിക്കുകയും വലിയ സൗഹൃദം നടിക്കുകയും ഇതിന് അനുകൂലമായ നിലപാടു സ്വീകരിക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്തു. എന്നാൽ ഈ നിർദ്ദേശം എം.ബി.സി.എഫ് ജനറൽ സെക്രട്ടറി പൂർണമായി നിഷേധിക്കുകയാണ് ഉണ്ടായത്.
അന്ന് ശ്രീ ഉമ്മൻ ചാണ്ടിയോടൊപ്പം നിന്ന് എം.ബി.സി.എഫിനുവേണ്ടി അതി ശക്തമായി വാദിച്ചത് മുൻ മന്ത്രി കെ.സി ജോസഫ് ആണ്. ഉമ്മൻ ചാണ്ടി സർക്കാർ നിഷേധിച്ച കാര്യമാണ് ഇപ്പോൾ യാതൊരു മറയും കുടാതെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അനുവദിച്ചിരിക്കുന്നത്. ഇതൊരു കാട്ടുനീതിയാണ്. പ്രത്യേകമായി സംവരണ ശതമാനം അനുവദിച്ചിട്ടില്ലാത്ത എം.ബി.സി.എഫിൽ ഉൾപ്പെട്ട ഏറ്റവും പിന്നാക്കം നിൽക്കുന്ന 80 സമുദായങ്ങളോടു കാണിച്ച ഏറ്റവും വലിയ ക്രൂരതയും ദ്രോഹവുമാണിത്. ഈ കടുത്ത അനീതിക്കെതിരേ അതിശക്തമായ ജനരോഷം ഉണ്ടാകണം എം.ബി.സി.എഫ് സമൂഹങ്ങൾ ഒന്നാകെ ഇതിനെതിരേ അണിനിരക്കുകയും അതിശക്തമായി പ്രതികരിക്കുകയും ചെയ്യണമെന്ന് സംസ്ഥാന കമ്മിറ്റി അഭ്യർഥിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.