കൊച്ചി: കോട്ടയത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനെതിരെ പ്രതിഷേധിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത സംഭവത്തിൽ കോട്ടയം ബാറിലെ 29 അഭിഭാഷകർക്കെതിരെ ഹൈകോടതി സ്വമേധയാ ക്രിമിനൽ കോടതിയലക്ഷ്യക്കേസ് എടുത്തു.
ഇതിന്‍റെ ഭാഗമായി ബാർ അസോസിയേഷൻ പ്രസിഡന്‍റ് അഡ്വ. കെ.എ. പ്രസാദ്, സെക്രട്ടറി അഡ്വ. ടോമി കെ. ജയിംസ് എന്നിവരുൾപ്പെടെയുള്ളവർക്കെതിരായ കോടതിയലക്ഷ്യക്കേസിന്‍റെ പകർപ്പ് കോടതിയലക്ഷ്യ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്‌ണക്കുറുപ്പിന് നൽകാൻ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഹൈകോടതി രജിസ്ട്രിക്ക് നിർദേശം നൽകി. കേസ് നവംബർ 30ന് വീണ്ടും പരിഗണിക്കും.
ഒരു കേസിൽ പ്രതിക്ക് ജാമ്യം ലഭിക്കുന്നതിന് വ്യാജരേഖ ഹാജരാക്കിയെന്ന ആരോപണത്തിൽ പ്രതിക്കുവേണ്ടി ഹാജരായ അഭിഭാഷകനെതിരെ കേസെടുക്കാൻ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നിർദേശിച്ചിരുന്നു. തുടർന്നാണ് അഭിഭാഷകർ മജിസ്ട്രേറ്റിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.
മജിസ്ട്രേറ്റിനെതിരായ പ്രതിഷേധത്തിന്‍റെയും മുദ്രാവാക്യം വിളിയുടെയും ദൃശ്യങ്ങളും മജിസ്ട്രേറ്റ് നൽകിയ റിപ്പോർട്ടും പരിഗണിച്ചാണ് ഹൈകോടതി ഈ വിഷയത്തിൽ സ്വമേധയാ കേസെടുക്കാൻ തീരുമാനിച്ചത്. അഭിഭാഷകർക്കെതിരായ ആരോപണം ഗൗരവമുള്ളതാണെന്ന് വിലയിരുത്തിയാണ് ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.