വിമാനത്തിലെ പ്രതിഷേധം: ഇ.പി ജയരാജന് യാത്രാവിലക്ക്

തിരുവനന്തപുരം: എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജന് ഇൻഡിഗോ വിമാനത്തിൽ യാത്രവിലക്ക്. അടുത്ത മൂന്നാഴ്ച ആഭ്യന്തര-അന്താരാഷ്ട്ര യാത്രയിൽനിന്നാണ് ജയരാജനെ വിലക്കിയത്.

ജൂൺ 14ന് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കു പറന്ന ഇൻഡിഗോ വിമാനത്തിലുണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് നടപടി. മുഖ്യമന്ത്രിക്കൊപ്പം യാത്രചെയ്ത ജയരാജൻ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിടിച്ചുതള്ളുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

അറസ്റ്റിലായ ഫർസീൻ, നവീൻകുമാർ എന്നിവർക്ക് രണ്ടാഴ്ചത്തെ യാത്രവിലക്കും ഏർപ്പെടുത്തി. വ്യോമയാന ഡയറക്ടർ ജനറലിന്റെ (ഡി.ജി.സി.എ) നിർദേശപ്രകാരം രൂപവത്കരിച്ച ഇൻഡിഗോയുടെ ആഭ്യന്തര അന്വേഷണ സമിതി വിമാനത്തിലെ മോശം പെരുമാറ്റം കണക്കിലെടുത്താണ് ജയരാജനും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കുമെതിരെ നടപടിയെടുത്തതെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു. 

കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രക്കിടെയാണ് മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന ഇ.പി ജയരാജൻ യൂത്ത് കോൺഗ്രസുകാരെ തള്ളിവീഴ്ത്തുന്ന ദൃശ്യം പ്രചരിച്ചിരുന്നു. സംഭവം വൻ വിവാദത്തിന് വഴിയൊരുക്കുകയും യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, നവീൻകുമാർ, സുനിത് നാരായണൻ എന്നിവർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

എന്നാൽ, ജയരാജനെതിരെ കേസെടുക്കണമെന്ന കോൺഗ്രസ് ആവശ്യം മുഖ്യമന്ത്രി തള്ളി. തന്നെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ തടയാനാണ് അദ്ദേഹം ശ്രമിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. പ്രതികൾ ചെയ്ത കുറ്റത്തിന്‍റെ ഗൗരവം കുറക്കാനാണ് ജയരാജനെതിരായ പരാതി എന്ന് ബോധ്യമായതിനാൽ കേസില്ലെന്നായിരുന്നു നിയമസഭയിൽ മുഖ്യമന്ത്രി രേഖാമൂലം നൽകിയ മറുപടി. 

Tags:    
News Summary - Protest in flight: EP Jayarajan banned from travel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT