തൃശൂർ: സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകളിൽ തൃശൂരിൽ ഗുരുതര പ്രോട്ടോകോൾ ലംഘനം നടന്നുവെന്ന പരാതിയുമായി ടി.എൻ പ്രതാപൻ എംപി. മന്ത്രിയും ചീഫ് വിപ്പും ജില്ലയിലുണ്ടായിട്ടും ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ ജില്ലാ കലക്ടർ ദേശീയപതാക ഉയർത്തിയെന്നും ഇത് പ്രോട്ടോക്കോൾ ലംഘനമാണെന്നുമാണ് പരാതി.
ഇത് സംബന്ധിച്ച് രാഷ്ട്രപതിക്ക് പരാതി നൽകുമെന്നും എം.പി പറഞ്ഞു. അതേസമയം, പ്രോട്ടോകോൾ ലംഘനം നടന്നിട്ടില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥും ചീഫ് വിപ്പ് കെ. രാജനും സ്ഥലത്തുണ്ടായിട്ടും ജില്ലാ കലക്ടർ എസ്. ഷാനവാസാണ് പരേഡിന് പതാക ഉയർത്തിയത്.
കാബിനറ്റ് പദവി ഉള്ള ആളുകൾ ഉണ്ടെന്നിരിക്കെ പതാക ഉയർത്താൻ ജില്ലാ കലക്ടറെ നിയോഗിച്ചത് ജനാധിപത്യ ധ്വംസാനമാണെന്നാണ് വാദം. മുഖ്യമന്ത്രിയുടെ ജനാധിപത്യ വിരുദ്ധതക്ക് ഉദാഹരണമാണ് ഈ സംഭവമെന്നും ടി എൻ പ്രതാപൻ ആരോപിച്ചു. കാബിനറ്റിലുള്ളവരെ പോലും മുഖ്യന് വിശ്വാസമില്ലെന്നും ടിഎൻ പ്രതാപൻ കുറ്റപ്പെടുത്തി.
അതേസമയം, സ്വാതന്ത്ര്യ ദിനാഘോഷചടങ്ങിൽ പ്രോട്ടോകോൾ ലംഘനം നടന്നെന്ന പരാതിയിൽ കഴമ്പില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. സംസ്ഥാന പ്രോട്ടോക്കോൾ മാന്വൽ പ്രകാരം ജില്ലാ ആസ്ഥാനത്തെ പരേഡ് വേദിയിൽ മന്ത്രി സന്നിഹിതനല്ലെങ്കിൽ ജില്ലാ കലക്ടർക്ക് അഭിവാദ്യം സ്വീകരിക്കാമെന്നും ജില്ലാ ഭരണകൂടം വിശദീകരിച്ചു. എറണാകുളം, തൃശൂർ, വയനാട്, കണ്ണൂർ ജില്ലകളിൽ ജില്ലാ കലക്ടർമാരും മലപ്പുറത്ത് ഡെപ്യുട്ടി കലക്ടറും കോഴിക്കോട് അഡിഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റുമാണ് പതാക ഉയർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.