സുൽത്താൻ ബത്തേരി: യു.ഡി.എഫിന് അൽപം മുൻതൂക്കമുള്ള മണ്ഡലമായാണ് രാഷ്ട്രീയ നിരീക്ഷകർ സുൽത്താൻ ബത്തേരിയെ കാണുന്നത്. ഇത്തവണ മൂന്നാം അങ്കത്തിനിറങ്ങുന്ന ഐ.സി. ബാലകൃഷ്ണനെ തളയ്ക്കാൻ എൽ.ഡി.എഫ് കണ്ടെത്തിയിരിക്കുന്നത് അദ്ദേഹത്തിെൻറ സഹപ്രവർത്തകനായിരുന്ന എം.എസ്. വിശ്വനാഥനെയും.
ഇത്തവണയും സ്ഥാനാർഥിത്വം ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് കെ.പി.സി.സി സെക്രട്ടറിസ്ഥാനവും കോൺഗ്രസ് അംഗത്വവും രാജിവെച്ച് വിശ്വനാഥൻ സി.പി.എമ്മിൽ ചേർന്നത്. ഐ.സിക്കെതിരെ കളത്തിലിറങ്ങാൻ വിശ്വനാഥനേക്കാൾ മികച്ചൊരു സ്ഥാനാർഥിയില്ലെന്ന വിലയിരുത്തലിലാണ് സി.പി.എം അദ്ദേഹത്തെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്. ഇടത്, വലത് മുന്നണികളുടെ പോരാട്ടത്തിനിടയിൽ എൻ.ഡി.എ എത്ര വോട്ടുകൾ നേടുമെന്നതും നിർണായകമാണ്.
2011ൽ ആദ്യമായി അങ്കത്തിനിറങ്ങിയപ്പോൾ ഐ.സിക്ക് 7,583 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു. 2016ൽ അത് 11,198 ആയി ഉയർത്തി. വടക്കേ വയനാട്ടിൽനിന്ന് സുൽത്താൻ ബത്തേരിയിലെത്തി 10 വർഷംകൊണ്ട് മണ്ഡലത്തിൽ ഐ.സി നേടിയ ജനസമ്മതിയെ അതേ നാണയത്തിൽ നേരിടാനാണ് സി.പി.എം ഇത്തവണ ശ്രമിച്ചിട്ടുള്ളത്.
കുറുമ സമുദായംഗമായ വിശ്വനാഥന് മണ്ഡലത്തിലുള്ള ജനസമ്മതിയാണ് സി.പി.എം ലക്ഷ്യമിടുന്നത്. വർഷങ്ങളായി പാർട്ടിയിൽ പ്രവർത്തിച്ച് പരിചയമുള്ളവരെ തഴഞ്ഞതിലും കോൺഗ്രസ് വിട്ടെത്തിയ വിശ്വനാഥനെ സ്ഥാനാർഥിയാക്കിയതിലും പ്രവർത്തകർക്കിടയിൽ അമർഷമുണ്ട്. എൻ.ഡി.എ ഇത്തവണയും രാഷട്രീയ ജനസഭയുടെ സി.കെ. ജാനുവിനെ മത്സരിപ്പിക്കാനാണ് സാധ്യത. കഴിഞ്ഞതവണ 27,920 വോട്ടുകളാണ് ജാനു നേടിയത്. എൻ.ഡി.എ കൂടുതൽ വോട്ടുപിടിച്ചാൽ അത് ഇടത്, വലത് മുന്നണികളെ ബാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.