കൊച്ചി: ചില സമുദായങ്ങളിൽപെട്ടവർ അടുത്തിടെയായി ബി.ജെ.പിയിലേക്ക് വരുന്നത് അവരുടെ താൽപര്യങ്ങൾക്ക് വേണ്ടിയാണെന ്ന് അറിയാമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. പക്ഷേ, അത് നോക്കുന്നില്ല. ആളെക്കിട്ടുകയാണ് പ്രധാനം. ബി.ജെ.പി അംഗത്വ കാമ്പയിന് മുന്നോടിയായി വിവിധ മോർച്ചകളുടെ സംസ്ഥാനതല ശിൽപശാല കൊച്ചിയിൽ ഉദ്ഘാടനം ചെ യ്യവേയാണ് ശ്രീധരൻപിള്ളയുടെ പരാമർശം.
സദസ്സിലെ മാധ്യമപ്രവർത്തകരുടെ സാന്നിധ്യം അറിയാതെയാണ് അദ്ദേഹം പ്രവർ ത്തകർക്ക് മുന്നിൽ കാര്യങ്ങൾ തുറന്നുപറഞ്ഞത്. കേന്ദ്ര മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിന് ചിലരെ കേരളത്തിൽനിന്ന് വി.വി.ഐ.പിയായി പങ്കെടുപ്പിക്കണമെന്ന് ദേശീയ അധ്യക്ഷൻ വിളിച്ചുപറഞ്ഞു. അവരുടെ പേരൊന്നും പറയുന്നില്ല. നമുക്ക് എതിരെ പ്രവർത്തിച്ചവരാണ്. അവരൊക്കെ 24 മണിക്കൂറിനകം ബി.ജെ.പിയിലേക്ക് വരാൻ തയാറായി.
ആര് പാർട്ടിയിലേക്ക് വന്നാലും തങ്ങളുമായി ലയിക്കുകയല്ലാതെ മലീമസമാക്കാൻ കഴിയില്ല. ഒരു കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറുതന്നെ വിളിച്ച് ബി.ജെ.പിയിൽ അംഗത്വം ആവശ്യപ്പെട്ടു. പേരുകൊണ്ട് അയാൾ മുസ്ലിമാണ്. ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ സി.പി.എമ്മിന് കാര്യമായ തകർച്ചയുണ്ടായിട്ടില്ല. അതിനെക്കുറിച്ച് പഠിക്കണം. സ്വയം വിമർശനവും പ്രധാനമാണ്. ശബരിമല വിഷയത്തിെൻറ പശ്ചാത്തലത്തിൽ പ്രതീക്ഷക്കൊത്ത് ഉയരാൻ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ലെന്നും ശ്രീധരൻപിള്ള പറഞ്ഞു.
പ്രസംഗം ഇത്രയും എത്തിയപ്പോൾ മാധ്യമങ്ങളുണ്ടെന്ന് കാണിച്ച് യുവമോർച്ച സംസ്ഥാന പ്രസിഡൻറ് പ്രകാശ് ബാബു കുറിപ്പ് നൽകി. ഒരുനിമിഷം സ്തബ്ധനായിനിന്ന ശേഷം മാധ്യമങ്ങൾകൂടി കേൾക്കാനാണ് പറയുന്നതെന്നായി ശ്രീധരൻപിള്ള. ജാതിയും മതവും രാഷ്ട്രീയവുമില്ലാതെ ആളുകളെ പാർട്ടിയിലെത്തിക്കണമെന്നും ട്രെൻറ് മനസ്സിലാക്കി പ്രവർത്തിക്കണമെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു. ജില്ല പ്രസിഡൻറ് എൻ.കെ. മോഹൻദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്, വിവിധ മോർച്ചകളുടെ സംസ്ഥാന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.