ആലപ്പുഴ: വനം-വന്യജീവി വകുപ്പ് റേഞ്ച് ഫോറസ്റ്റ് ഓഫിസർ തസ്തികയിൽ ജോലിക്ക് കയറി 18 മാസത്തെ പരിശീലനം പൂർത്തിയാക്കിയതിന് പിന്നാലെ റാങ്ക് ജേതാവിന്റെ നിയമനം പി.എസ്.സി റദ്ദാക്കിയതായി പരാതി. കുട്ടനാട് കിടങ്ങറ മനാകരി വീട്ടിൽ രേഷ്മ എം. രാജിന്റെ (32) നിയമനമാണ് മരവിപ്പിച്ചത്. ഏറെ ആഗ്രഹിച്ചും പരിശ്രമിച്ചും കിട്ടിയ ജോലി നഷ്ടമായതിന്റെ വേദനയിലാണ് കുടുംബം. പി.എസ്.സി മുഖേനയാണ് റേഞ്ച് ഓഫിസറായി ജോലിയിൽ പ്രവേശിച്ചത്.
നിയമനത്തിന്റെ ഭാഗമായി അഞ്ചുലക്ഷം രൂപയുടെ ബോണ്ട് നൽകുകയും മഹാരാഷ്ട്രയിലെ കുണ്ടൽ ഫോറസ്റ്റ് അക്കാദമിയിൽ പരിശീലനം നടത്തി ദേശീയതലത്തിൽ മൂന്നാംറാങ്കും നേടി. പരിശീലനം കഴിഞ്ഞ് നാട്ടിലെത്തിയപ്പോൾ മറ്റൊരു ഉദ്യോഗാർഥിയുടെ അവകാശവാദം അംഗീകരിച്ച് രേഷ്മയുടെ നിയമനം പി.എസ്.സി റദ്ദാക്കുകയായിരുന്നു. പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ മാർക്ക് കണക്കുകൂട്ടിയതിൽ പി.എസ്.സിക്കുണ്ടായ പിഴവാണ് ജോലി നഷ്ടമാകാൻ കാരണമെന്ന് രേഷ്മ പറഞ്ഞു. ഇതിനാൽ പട്ടികയിലെ മൂന്നാംറാങ്കുകാരനെ രണ്ടാം റാങ്കുകാരനാക്കിയതിലെ തിരിമറി അന്വേഷിക്കണം. സുപ്രീംകോടതിയിൽ കേസ് നിലനിൽക്കെ പി.എസ്.സി റാങ്ക് പട്ടിക മാറ്റുന്നത് നീതിനിഷേധമാണ്.2022 ജൂണിലാണ് പട്ടികജാതി-വർഗ വിഭാഗക്കാർക്കുള്ള പ്രത്യേക വിജ്ഞാപനത്തിലൂടെ റേഞ്ച് ഫോറസ്റ്റ് ഓഫിസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്. രണ്ട് ഒഴിവാണുണ്ടായിരുന്നത്. രേഷ്മക്ക് രണ്ടാംറാങ്ക് ലഭിക്കുകയും ചെയ്തു. പി.എസ്.സിയുടെ നിയമന ശിപാർശ കിട്ടി ജോലിയിൽ പ്രവേശിച്ചതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. പട്ടികയിൽ ഇടംപിടിച്ച മൂന്നാംറാങ്കുകാരൻ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിൽ കേസ് നൽകി നിയമനത്തിന് സ്റ്റേ വാങ്ങി. ഇതിനെതിരെ രേഷ്മ ഹൈകോടതിയിൽ നൽകിയ അപ്പീൽ തള്ളിയതോടെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് പി.എസ്.സി കാരണംകാണിക്കൽ നോട്ടീസ് നൽകി. ഇതിനുള്ള മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പി.എസ്.സി റാങ്ക് പട്ടിക പുനഃക്രമീകരിച്ചതെന്ന് ഇവർ ആരോപിച്ചു. വാർത്തസമ്മേളനത്തിൽ രേഷ്മയുടെ പിതാവ് രാജുവും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.