തിരുവനന്തപുരം: കേരള പബ്ലിക് സർവിസ് കമീഷനിൽ രജിസ്റ്റർ ചെയ്ത 65 ലക്ഷത്തോളം ഉദ്യോഗാർഥികളുടെ യൂസർ ഐഡിയും പാസ് വേഡും സൈബർ ഹാക്കർമാർ പി.എസ്.സിയുടെ സർവറിൽനിന്ന് ചോർത്തി ഡാർക്ക് നെറ്റിൽ വിൽപനക്ക് വെച്ചു. പൊലീസിന്റെ സൈബർ ഡോം നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ കഴിഞ്ഞ മാസം കണ്ടെത്തിയത്.
ആഭ്യന്തര സുരക്ഷയെപ്പോലും ബാധിച്ചേക്കാവുന്ന രേഖകളും വിവരങ്ങളും പുറത്തുപോയതോടെ പ്രൊഫൈലുകൾ സംരക്ഷിക്കണമെന്ന് പൊലീസ് പി.എസ്.സിയോട് ആവശ്യപ്പെട്ടു. യൂസർ ഐഡികളും പാസ് വേഡുകളും എത്ര കോടിക്കാണ് വിൽപനക്ക് വെച്ചതെന്ന വിവരം അധികൃതർ പുറത്തുവിട്ടില്ല. എന്നാൽ, സംഭവത്തിന്റെ ഗൗരവം ഉൾക്കൊണ്ട് ഈ മാസം മുതൽ ഉദ്യോഗാർഥികൾക്ക് സ്വന്തം പ്രൊഫൈൽ ലോഗിൻ ചെയ്യാൻ മൊബൈൽ ഒ.ടി.പി നിർബന്ധമാക്കിയതായി പി.എസ്.സി അധികൃതർ ‘മാധ്യമ’ത്തോട് പറഞ്ഞു.
യൂസർ ഐഡിയും പാസ്വേഡും ഉപയോഗിച്ച് ഉദ്യോഗാർഥികളുടെ ചിത്രങ്ങളും ആധാർ രേഖകളും വിരലടയാളവും വിദ്യാഭ്യാസ യോഗ്യത അടക്കമുള്ള വിവരങ്ങളും ദുരുപയോഗം ചെയ്യാനുള്ള സാധ്യതയേറെയാണ്. ഹാക്കർമാർ പ്രൊഫൈലിൽ കയറി ഉദ്യോഗാർഥിയുടെ വിദ്യാഭ്യാസ യോഗ്യത, ജാതി, മതം തിരുത്തിയാൽതന്നെ അത് പി.എസ്.സി പരീക്ഷ ഫലത്തെയും ഉദ്യോഗാർഥിയുടെ ജോലി സാധ്യതയെയും ബാധിക്കും.
ഇതുമനസ്സിലാക്കി ജൂലൈ ഒന്നുമുതൽ യൂസർ ഐഡിയും പാസ്വേഡും ഉപയോഗിച്ച് ഉദ്യോഗാർഥി പ്രൊഫൈൽ ലോഗിൻ ചെയ്യുമ്പോൾ മൊബൈൽ നമ്പറും ഇ-മെയിൽ ഐഡിയും ഉറപ്പാക്കാൻ പി.എസ്.സി ആദ്യമേ ആവശ്യപ്പെടുന്നുണ്ട്. മൊബൈൽ നമ്പറും ഇ-മെയിൽ ഐഡിയും ഉറപ്പാക്കുന്ന മുറക്ക് ഉദ്യോഗാർഥി പി.എസ്.സിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പറിലേക്ക് ഒ.ടി.പി വരും. ഈ നമ്പർ രേഖപ്പെടുത്തുന്നതോടെ പ്രൊഫൈൽ സുരക്ഷിതമാകും. ഉദ്യോഗാർഥികൾ നിലവിൽ ഉപയോഗിക്കുന്ന മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി എന്നിവ നിർബന്ധമായും പ്രൊഫൈലിൽ അപ്ഡേറ്റ് ചെയ്യണമെന്നും ആറുമാസം കൂടുമ്പോൾ പാസ്വേഡ് പുതുക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
ഉദ്യോഗാർഥികളുടെ യൂസർ ഐഡിയും പാസ്വേഡും ഡാർക്ക് നെറ്റിൽനിന്ന് വാങ്ങുന്നവർക്ക് വ്യക്തി വിവരങ്ങളും ആധാർ വിവരങ്ങളും വിരലടയാളവും ശേഖരിച്ച് സാമ്പത്തിക തട്ടിപ്പിനും ആൾമാറാട്ടത്തിനും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കാമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ആധാറിലെയും മറ്റും വ്യക്തിവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ പി.എസ്.സി പ്രൊഫൈൽ ഉദ്യോഗാർഥികൾ എത്രയും വേഗം അപ്ഡേറ്റ് ചെയ്യണമെന്നാണ് അധികൃതരുടെ നിർദേശം.
‘ഇന്റർനെറ്റിലെ അധോലോകം’ എന്നാണ് ഡാർക്ക് വെബിനെ വിശേഷിപ്പിക്കുന്നത്. ഇന്റർനെറ്റിന്റെ ഭാഗമാണെങ്കിലും എല്ലാവർക്കും എത്തിപ്പെടാന്‍ കഴിയാത്ത മേഖല. ഡാർക്ക് വെബിലെ വിവരങ്ങൾ ഗൂഗ്ൾ പോലെയുള്ള സേർച് എൻജിനുകളില്‍ ലഭ്യമല്ല. പ്രത്യേകമായി എൻക്രിപ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളതാണ് ഡാര്‍ക്ക് വെബ് വിവരങ്ങൾ. സുരക്ഷിതവും അജ്ഞാതവുമായ ആശയവിനിമയത്തിനായാണ് ഡാർക്ക് വെബ് ആദ്യം വികസിപ്പിച്ചെടുത്തത്.
എന്നാൽ, പിന്നീട് ലഹരിമരുന്നുകള്‍, ആയുധങ്ങള്‍, ചൂതാട്ടം, ലൈംഗിക വ്യാപാരം, വാടകകൊലയാളികളെ ഏര്‍പ്പെടുത്തല്‍ മനുഷ്യക്കടത്ത് തുടങ്ങി നിയമവിരുദ്ധമായ ഏതു കാര്യത്തിനുള്ള ഇടനാഴിയായി ഡാർക്ക് വെബ് മാറി. ഡാർക്ക് വെബിൽ സാമ്പത്തിക ഇടപാടുകൾക്ക് ഉപയോഗിക്കുന്നത് ബിറ്റ് കൊയിൻ എന്ന വിർച്വൽ മണി ആണ്. ഇത് ഏതു അക്കൗണ്ടിൽനിന്ന് വരുന്നു, ഏത് അക്കൗണ്ടിലേക്ക് പോകുന്നു എന്ന് കണ്ടെത്തുക ഏറെ പ്രയാസാണെന്നതാണ് ഡാർക്ക് വെബിനെ പ്രിയങ്കരമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.