തിരുവനന്തപുരം: പൊലീസ് ബറ്റാലിയനിലേക്കുള്ള പി.എസ്.സി പരീക്ഷപേപ്പർ ചോർന്നെന്ന് പ്രതികൾ സമ്മതിച്ചതോടെ ക്രൈംബ്രാഞ്ച് അന്വേഷണം പി.എസ്.സി ആസ്ഥാനത്തേക്ക് നീളുന്നു. സി വില്‍ പൊലീസ് ഓഫിസര്‍ കെ.എ.പി (കാസര്‍കോട്) നാലാം ബറ്റാലിയനിലെ ഒന്നാം റാങ്കുകാരനായ ശി വരഞ്ജിത്തും രണ്ടാം റാങ്കുകാരനായ പ്രണവും 28ാം റാങ്കുകാരനായ നസീമും പരീക്ഷയെഴുതിയ കേന്ദ്രങ്ങളിൽ ഡ്യൂട്ടി ചെയ്തിരുന്ന പി.എസ്.സി ഉദ്യോഗസ്ഥരെ ചുറ്റിപ്പറ്റിയായിരിക്കും അന്വേഷണം. ഇവിടെ ഡ്യൂട്ടിയിലുണ്ടായ ഉദ്യോഗസ്ഥരുടെ കൂടുതൽ വിവരങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് എസ്.പി ഷാനവാസ് പി.എസ്.സി സെക്രട്ടറിക്ക് കഴിഞ്ഞദിവസം കത്ത് നൽകി.
2018 ജൂലൈ 22ന് പി.എസ്.സി നടത്തിയ ഒ.എം.ആർ പരീക്ഷ ആർ. ശിവരഞ്ജിത്ത് ആറ്റിങ്ങല്‍ വഞ്ചിയൂരുള്ള ഗവണ്‍മെൻറ് യു.പി സ്കൂളിലും പി.പി. പ്രണവ് ആറ്റിങ്ങല്‍ മാമത്തുള്ള ഗോകുലം പബ്ലിക് സ്കൂളിലും എ.എൻ. നസീം തൈക്കാട് ഗവ. ടീച്ചര്‍ എജുക്കേഷന്‍ കോളജിലുമാണ് എഴുതിയത്.
ഈ ദിവസം മൂന്ന് പരീക്ഷ കേന്ദ്രങ്ങളിലുമുണ്ടായിരുന്ന പി.എസ്.സി അഡീഷൽ ചീഫ് സൂപ്രണ്ടുമാർ, പരീക്ഷഹാളിലുണ്ടായിരുന്ന ഇൻവിജിലേറ്റർമാർ, മറ്റ് പി.എസ്.സി ഉദ്യോഗസ്ഥർ, ചോദ്യപേപ്പർ പരീക്ഷ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയ വാഹനങ്ങളിലെ ഡ്രൈവർമാരുടെ വിവരങ്ങൾ, മൊബൈൽ നമ്പറുകൾ എന്നിവയടക്കമാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതിന് പുറമെ പി.എസ്.സിയുടെ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് മറ്റ് ചില രഹസ്യരേഖകൾകൂടി ക്രൈംബ്രാഞ്ച് പരീക്ഷ കൺട്രോളറോടും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, അന്വേഷണം മുന്നോട്ടുപോകണമെങ്കിൽ പി.എസ്.സി ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരെയടക്കം ചോദ്യം ചെയ്യേണ്ടിവരുമെന്ന നിലപാടിലാണ് അന്വേഷണസംഘം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.