കോട്ടയം: പി.എസ്.സി ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തതായി ആരോപണം. ഭരണമുന്നണിയിലെ ഘടകകക്ഷിയായ കേരള കോൺഗ്രസ് സ്കറിയ തോമസ് വിഭാഗം സംസ്ഥാനനേതാവിനെ പാർട്ടി പുറത്താക്കി.
യുവജനവിഭാഗം സംസ്ഥാന പ്രസിഡൻറും പാർട്ടി ജില്ല കമ്മിറ്റി അംഗവും ആയിരുന്ന ചങ്ങനാശ്ശേരി സ്വദേശി രാജീവ് ജോസഫിനെതിരെയാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. എറണാകുളം മരട് സ്വദേശിനിയുടെ മകളുടെ ഭർത്താവിന് പി.എസ്.സിയിൽ ജോലി നൽകാമെന്ന് പറഞ്ഞ് രണ്ടുതവണയായി നാലുലക്ഷം രൂപ വാങ്ങിയെന്നാണ് ആക്ഷേപം.
2019 ജൂൺ 15ന് അഡ്വാൻസായി മൂന്നുലക്ഷം രൂപ രാജീവ് ജോസഫിെൻറ ചങ്ങനാശ്ശേരി ചെത്തിപ്പുഴ ശാഖയിലെ സൗത്ത് ഇന്ത്യൻ ബാങ്ക് അക്കൗണ്ടിലേക്ക് െകെമാറി.
ബാക്കി ഒരു ലക്ഷം രൂപ 2020 ജനുവരി 21നും നൽകി. നാലുമാസത്തിനകം ജോലി ലഭിക്കുമെന്നായിരുന്നു പരാതിക്കാരിക്ക് നൽകിയ ഉറപ്പ്. പി.എസ്.സിയിൽ ജോലി വാഗ്ദാനം ചെയ്ത് പണം ആവശ്യപ്പെട്ടതും വാങ്ങിയതുമടക്കം വിവരങ്ങൾ ഉൾപ്പെടുത്തി ജൂലൈ 24ന് മുദ്രപ്പത്രത്തിൽ കരാർ എഴുതി ഒപ്പിട്ടുനൽകിയിട്ടുമുണ്ട്. എന്നാൽ, തുടർനടപടിയില്ലാതെ വന്നപ്പോൾ പരാതിക്കാരി കോട്ടയത്ത് പാർട്ടി ഭാരവാഹികളെ സമീപിക്കുകയായിരുന്നു.
അതേസമയം, പാർട്ടിക്ക് ഈ പണമിടപാടിലോ ജോലി വാഗ്ദാനത്തിലോ പങ്കില്ലെന്ന് കേരള കോൺഗ്രസ് സ്കറിയ തോമസ് വിഭാഗം ജില്ല പ്രസിഡൻറ് അഡ്വ. ബോബൻ തെക്കേൽ പറഞ്ഞു. ഇത് സംബന്ധിച്ച പരാതി ലഭിച്ചിരുന്നു.
മറ്റ് സാമ്പത്തികക്രമക്കേടുകൾകൂടി ഉയർന്നതോടെ, ജില്ല കമ്മിറ്റി അംഗമായിരുന്ന ഇയാളെ രണ്ടാഴ്ച മുമ്പ് പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കിയിരുന്നു. പാർട്ടി ഇക്കാര്യം അന്വേഷിച്ചപ്പോൾ ജോലി വാഗ്ദാനം ചെയ്തിട്ടില്ലെന്നും വ്യക്തിപരമായ ആവശ്യത്തിന് വാങ്ങിയതാെണന്നുമാണ് രാജീവ് ജോസഫ് പറഞ്ഞത്.
പരാതിക്കാരിയുമായി ഉണ്ടാക്കിയ കരാർ സംബന്ധിച്ചും പാർട്ടിക്ക് അറിവില്ല. ആഗസ്റ്റ് 20ന് പണം തിരിച്ചുനൽകുമെന്നും അതോടെ പ്രശ്നം തീരുമെന്നും കരുതിയാണ് പരാതിക്കാരി എഴുതിത്തയാറാക്കി കൊണ്ടുവന്ന കരാറിൽ ചങ്ങനാശ്ശേരിയിലെ വീട്ടിൽവെച്ച് ഒപ്പിട്ടുെകാടുത്തതെന്നും രാജീവ് പറഞ്ഞിരുന്നു.
പരാതിക്കാരിയും രാജീവ് ജോസഫും തമ്മിെല പ്രശ്നത്തിൽ പാർട്ടിയെ കുടുക്കാൻ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നും പാർട്ടിയിൽനിന്ന് നേരത്തേ പുറത്താക്കിയവരടക്കമാണ് ഇതിന് പിന്നിലെന്നും ബോബൻ തെക്കേൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.