തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിലെ ഉന്നത തസ്തികയിലേക്ക് പി.എസ്.സി നടത്തിയ അഭിമുഖ പരീക്ഷയിൽ വൻ അട്ടിമറി. എഴുത്തുപരീക്ഷയിൽ ഒന്നാമതെത്തിയ ഉദ്യോഗാർഥികളെ വെട്ടിയൊതുക്കി, പകരം പിന്നിലായ ആസൂത്രണ ബോർഡിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് നിയമനം ഉറപ്പാക്കുന്നതിന് അഭിമുഖത്തിൽ ഉയർന്ന മാർക്ക് നൽകിയെന്നാണ് ആക്ഷേപം. പി.എസ്.സി നടത്തുന്ന ഏറ്റവും ഉയർന്ന പരീക്ഷകളായ ആസൂത്രണ ബോർഡ് ചീഫ് സോഷ്യൽ സർവിസ്, ചീഫ് പ്ലാനിങ് കോഓഡിനേഷൻ, ചീഫ് ഡീ സെൻട്രലൈസ്ഡ് പ്ലാനിങ് എന്നിവയുടെ റാങ്ക് പട്ടികകളിലാണ് ക്രമക്കേട് നടന്നത്. 89,000-1,20,000 രൂപ ശമ്പള സ്കെയിലിലാണ് നിയമനങ്ങൾ.
എഴുത്തുപരീക്ഷക്കുശേഷം നടത്തുന്ന അഭിമുഖങ്ങളിൽ ഉദ്യോഗാർഥികൾക്ക് 70 ശതമാനത്തിന് മുകളിൽ മാർക്ക് നൽകാൻ പാടില്ലെന്ന സുപ്രീംകോടതിവിധി നിലനിൽക്കെയാണ് ഇടതുപക്ഷ അനുഭാവികളായ മൂന്നു പേർക്ക് 90 മുതൽ 95 ശതമാനത്തിന് മുകളിൽ മാർക്ക് നൽകിയത്. പി.എസ്.സി അഭിമുഖപരീക്ഷയുടെ ചരിത്രത്തിൽതന്നെ ഏറ്റവും ഉയർന്ന മാർക്കാണിതെന്ന് പി.എസ്.സി അധികൃതർ ചൂണ്ടിക്കാട്ടുന്നു.
2018 നവംബറിലാണ് മൂന്ന് തസ്തികയിലേക്കും എഴുത്തുപരീക്ഷ നടത്തിയത്. ഓരോ ഒഴിവ് വീതമാണ് ഉണ്ടായിരുന്നത്. ചീഫ് സോഷ്യൽ സർവിസ് തസ്തികയിൽ 200ൽ 91.75 മാർക്ക് നേടി പി.ജെ. സൗമ്യയാണ് ഒന്നാമതെത്തിയത്. എന്നാൽ, ആസൂത്രണ ബോർഡ് വൈസ് ചെയർമാനെ ഒപ്പമിരുത്തി കഴിഞ്ഞ സെപ്റ്റംബറിൽ പി.എസ്.സി നടത്തിയ അഭിമുഖത്തിൽ സൗമ്യക്ക് ലഭിച്ചത് 40ൽ 11 മാർക്ക്. സൗമ്യക്ക് പിന്നിൽ രണ്ട്, മൂന്ന്, അഞ്ച് സ്ഥാനങ്ങളിലെത്തിയ കെ.ജി.ഒ.എ സംസ്ഥാന നേതാവിനും ആസൂത്രണ ബോർഡിലെ രണ്ട് ഉദ്യോഗസ്ഥർക്കും ലഭിച്ചത് 36 മാർക്ക്. ഇതോടെ ഒന്നാം സ്ഥാനക്കാരി നാലാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ചീഫ് ഡീ സെൻട്രലൈസ്ഡ് പ്ലാനിങ് തസ്തികയിലെ എഴുത്തുപരീക്ഷയിൽ 200ൽ 52.50 മാർക്ക് നേടിയയാളെ മുന്നിലെത്തിക്കാൻ നൽകിയത് 40ൽ 38 മാർക്ക്. അഭിമുഖത്തിൽ വാരിക്കോരി മാർക്ക് നൽകിയതോടെ എഴുത്തുപരീക്ഷയിൽ പിന്നിലായ ഇടത് അനുഭാവികളായ മൂന്നുപേരും മൂന്ന് റാങ്ക് പട്ടികകളിലും നിയമനം ഉറപ്പിച്ചു.
ആസൂത്രണ ബോർഡിൽ മൂന്നുപേർക്കുമുള്ള മുൻപരിചയവും ആസൂത്രണവിഷയങ്ങളിൽ ഇവരുടെ അറിവും പരിഗണിച്ചാണ് ഇത്രയും മാർക്ക് നൽകിയതെന്ന് പി.എസ്.സി ചെയർമാൻ അഡ്വ. എം.കെ. സക്കീർ ‘മാധ്യമ’ത്തോട് പറഞ്ഞു. എന്നാൽ, അങ്ങനെയുള്ളവർ എങ്ങനെ എഴുത്തുപരീക്ഷയിൽ പിന്നാക്കം പോയെന്ന ചോദ്യത്തിന് പി.എസ്.സിക്ക് ഉത്തരമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.