തിരുവനന്തപുരം: തൊഴിൽ നിഷേധത്തിനെതിരെ മാധ്യമങ്ങൾക്കു മുന്നിൽ പ്രതികരിച്ച ഉദ്യോഗാർഥികളെ തെരഞ്ഞെടുപ്പ് നടപടികളിൽനിന്ന് വിലക്കാനും അവർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കാനുമുള്ള തീരുമാനത്തിൽ കമീഷനുള്ളിൽ ഭിന്നത. ഇത്തരമൊരു നിലപാട് പി.എസ്.സി സ്വീകരിച്ചിട്ടില്ലെന്നും ആഭ്യന്തര അന്വേഷണത്തിന് മാത്രമേ നിർദേശം നൽകിയിട്ടുള്ളൂവെന്നും വിവിധ കമീഷൻ അംഗങ്ങൾ 'മാധ്യമ'ത്തോട് പറഞ്ഞു. സംഭവം വിവാദമായതോടെ അടുത്ത കമീഷനിൽ ഇതുസംബന്ധിച്ച വാദപ്രതിവാദങ്ങൾക്ക് പി.എസ്.സി ആസ്ഥാനം സാക്ഷിയാകും.
കാസർകോട് ജില്ലയിലെ സ്റ്റാഫ് നഴ്സ് തസ്തികയിലേക്കുള്ള ഒഴിവുകൾ പി.എസ്.സി പൂഴ്ത്തിവെക്കുന്നെന്നാരോപിച്ച ഉദ്യോഗാർഥികളെയാണ് ഈ മാസം 25ന് വിലക്കിയത്. കമീഷൻ തീരുമാനമെന്ന പേരിലായിരുന്നു സെക്രട്ടറിയുടെ വിവാദ പത്രക്കുറിപ്പ്. ബന്ധപ്പെട്ട തസ്തികയിലെ 38 ഒഴിവുകൾ സുപ്രീംകോടതി ഉത്തരവനുസരിച്ച് മാറ്റിവെച്ചതാണെന്നും വസ്തുതകൾ അറിയാമായിരുന്നിട്ടും ഉദ്യോഗാർഥികൾ പി.എസ്.സിക്കെതിരെ വ്യാജപ്രചാരണം നടത്തിയെന്നുമാണ് ചൊവ്വാഴ്ച ചേർന്ന യോഗത്തിൽ അംഗങ്ങൾ അറിയിച്ചത്.
ആരോഗ്യവകുപ്പിലെയും ആയുർവേദ കോളജിലെയും ഫിസിയോ തെറപ്പിസ്റ്റ് തസ്തികകളുടെ പരീക്ഷാകേന്ദ്രം മാറ്റാനെന്ന പേരിൽ ചില ഉദ്യോഗാർഥികൾ 'ഗൂഗിൾ സ്പ്രെഡ് ഷീറ്റ്' വഴി സമാന്തര സംവിധാനവും ഒരുക്കിയതും യോഗത്തിൽ ചർച്ചയായി. എങ്കിൽ രണ്ട് സംഭവങ്ങളിലും ആഭ്യന്തര വിജിലൻസ് അന്വേഷണമാകാമെന്ന നിലപാടാണ് യോഗം ഒന്നടങ്കം സ്വീകരിച്ചത്.
എന്നാൽ, ഇതുമറികടന്നാണ് ചെയർമാൻ എം.കെ. സക്കീർ ചട്ടം 22 പ്രകാരം ഉദ്യോഗാർഥികളെ വിലക്കാനും അവർക്കെതിരെ ശിക്ഷാനടപടി സ്വീകരിച്ച് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടാനും നിർദേശിച്ചത്.പി.എസ്.സിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഉദ്യോഗാർഥികളെ മാധ്യമങ്ങളിൽ പ്രതികരിച്ചതിെൻറ പേരിൽ കാരണം കാണിക്കൽ നോട്ടീസുപോലും നൽകാതെ വിലക്കുന്നത്. സാധാരണഗതിയിൽ വിജിലൻസ് റിപ്പോർട്ട് ലഭിച്ച ശേഷമാണ് ഉദ്യോഗാർഥികൾക്കെതിരെ കമീഷൻ നടപടി സ്വീകരിക്കുക.
എന്നാൽ, ഇവിടെ ശിക്ഷാനടപടികൾ സ്വീകരിച്ച ശേഷം വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുന്നത് വിരോധാഭാസമാണെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട തിരിമറിക്കല്ലാതെ ഉദ്യോഗാർഥികളെ വിലക്കാൻ പി.എസ്.സിക്ക് അധികാരമില്ലെന്ന് മുൻ പരീക്ഷ കൺട്രോളറും അഭിഭാഷകനുമായ മരുതംകുഴി സതീഷ്കുമാർ 'മാധ്യമ'ത്തോട് പറഞ്ഞു.
ശിക്ഷാനടപടിക്ക് എന്തൊക്കെ
കാരണങ്ങൾ
•വ്യാജരേഖകളോ തെറ്റായ വിവരങ്ങളോ
പി.എസ്.സിക്ക് സമർപ്പിക്കുക
•പരീക്ഷകളിലോ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലോ
തിരിമറി കാണിക്കുക
•തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട്
ചെയർമാനെതിരെയും പി.എസ്.സി
അംഗങ്ങൾക്കെതിരെയും വ്യാജ ആരോപണം ഉന്നയിക്കുക
•പി.എസ്.സി ജീവനക്കാരെ സ്വാധീനിക്കുക
•മറ്റ് ഉദ്യോഗാർഥികൾക്കെതിരായ തെറ്റായ വിവരങ്ങൾ
പി.എസ്.സിക്ക് നൽകുക
•പരീക്ഷാവേളയിലെ മോശം പെരുമാറ്റം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.