തിരുവല്ല: ലഹരിമരുന്നിന് അടിമയായ മകൻ്റെ മാനസിക പീഡനം സഹിക്കാൻ വയ്യാതെ തിരുവല്ലയിലെ വേങ്ങലിൽ വയോധിക ദമ്പതികൾ കാറിനുള്ളിൽ തീ കൊളുത്തി ആത്മഹത്യ ചെയ്തു . തിരുവല്ല തുകലശ്ശേരി ചെമ്പോലില്‍ മുക്ക് വേങ്ങശേരില്‍ രാജു തോമസ് ജോർജ് (69), ഭാര്യ ലൈലി തോമസ് (62) എന്നിവരുടെ മൃതദേഹങ്ങളാണ് കത്തിക്കരിഞ്ഞ നിലയിൽ കാറിനുള്ളിൽ കണ്ടെത്തിയത്.
വേങ്ങൽ - വേളൂർമുണ്ടകം റോഡിൽ പെട്രോളിങ്ങിന് എത്തിയ തിരുവല്ല എസ്ഐയും സംഘവും വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ റോഡിലെ ആളൊഴിഞ്ഞ ഭാഗത്ത് കത്തിയെരിയുന്ന നിലയിൽ മാരുതി വാഗണർ കാർ കണ്ടെത്തിയത്. ഉടൻ തന്നെ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. തിരുവല്ലയിൽ നിന്നും എത്തിയ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ ചേർന്ന് തീ അണച്ചെങ്കിലും ഇരുവരും മരണത്തിന് കീഴടങ്ങി. റോഡ് വക്കിൽ കാർ പാർക്ക് ചെയ്ത ശേഷം പെട്രോളിയം ഉൽപ്പന്നം കാറിന് ഉള്ളിൽ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് എത്തിയ ഫോറൻസിക് സംഘത്തിൻ്റെ റിപ്പോർട്ട് കൂടി ലഭിച്ച ശേഷമേ കാർ കത്തിയതിന്റെ യഥാർഥ കാരണം വ്യക്തമാകു എന്ന് പൊലീസ് പറഞ്ഞു.
കാറിൻ്റെ രജിസ്ട്രേഷൻ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയാണ് മരിച്ചത് രാജു തോമസും ഭാര്യയുമാണെന്ന് തിരിച്ചറിഞ്ഞത്. സ്ഥലത്തെത്തിയ വാര്‍ഡ് കൗണ്‍സിലർ റീന വിശാലും ഇക്കാര്യം സ്ഥിരീകരിച്ചു. വർഷങ്ങളായി വിദേശത്ത് ജോലി ചെയ്തിരുന്ന രാജുവിനോ കുടുംബത്തിനോ സാമ്പത്തിക പ്രശ്‌നങ്ങളൊന്നുമില്ലെന്ന് വാർഡ് കൗണ്‍സിലര്‍ പറഞ്ഞു. അതേസമയം ഇവരുടെ വീട്ടിൽ നിന്നും രാജു തോമസ് എഴുതിയ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സ്വത്തിന്റെ പേരിൽ ലഹരിമരുന്ന് അടിമയായ ഏക മകനായ ജോർജി തോമസിൻ്റെ മാനസിക പീഡനത്തെ തുടർന്ന് തങ്ങൾ ജീവിതം അവസാനിപ്പിക്കുക ആണെന്നാണ് ആത്മഹത്യ കുറിപ്പ്. ജോർജി മയക്കുമരുന്നിന് അടിമയായതോടെ ഇയാളുടെ ഭാര്യയും മകനും മാസങ്ങൾക്കു മുമ്പ് ഭാര്യ ഗൃഹത്തിലേക്ക് പോയിരുന്നു.
ഇതിന് പിന്നാലെ തങ്ങളുടെ സ്വത്തുക്കൾ രാജു തോമസ് ജോർജിയുടെ ഭാര്യയുടെയും മകന്റെയും പേരിൽ എഴുതിവെച്ചിരുന്നു. ഇതേ ചൊല്ലി പലപ്പോഴും ജോർജി മാതാപിതാക്കളുമായി കലഹത്തിൽ ഏർപ്പെട്ടിരുന്നതായി ആണ് ലഭിക്കുന്ന വിവരം. ലഹരിമരുന്നിന് അടിമയായ ജോർജി കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഡി അഡിക്ഷൻ സെൻ്ററിൽ ചികിത്സയിലാണ്. ഇരുവരുടെയും മൃതദേഹങ്ങൾ തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.