പി.ടി.എ ഫണ്ട് : കാവന്നൂർ സ്കൂളിൽ പ്രത്യേക അക്കൗണ്ടും രസീതുമില്ലെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: മലപ്പുറം കാവന്നൂർ സ്കൂളിൽ പി.ടി.എ ഫണ്ടിന് പ്രത്യേക അക്കൗണ്ടും രസീതുമില്ലെന്ന് ധനകാര്യ പരിശോധന റിപ്പോർട്ട്. സംസ്ഥാനത്തെ സർക്കാർ-എയ്‌ഡഡ് സ്കൂളുകളിൽ പി.ടി.എ രൂപീകരണവും തുടർപ്രവർത്തനങ്ങളും സംബന്ധിച്ച് സർക്കാർ ഉത്തരവുകളുണ്ട്. എന്നാൽ ഈ ഉത്തരവ് പാലിച്ച് പി.ടി.എയുടെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോവാൻ കാവന്നൂർ ജി.എൽ.പി.എസിന് സാധിച്ചിട്ടില്ലെന്നാണ് പരിശോധനയിലെ കണ്ടെത്തൽ.

സ്കൂളിലെ പി.ടി.എ ഫണ്ടിന്റെ വിനിയോഗം സംബന്ധിച്ച് പി.ടി.എ മിനിറ്റ്‌സും, വരവുചെലവുകളുടെ രജിസ്റ്ററും പരിശോധിച്ചപ്പോഴാണ് നിർദേശങ്ങളൊന്നും പാലിക്കുന്നില്ലെന്ന് വ്യക്തമായത്. സ്കൂൾ പ്രവേശന സമയത്തും മറ്റും രക്ഷിതാക്കളിൽനിന്ന് ശേഖരിക്കുന്ന പി.ടി.എ അംഗത്വ തുക മുഴുവനായി അടുത്ത ദിവസം തന്നെ പി.ടി.എ അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നാണ് വ്യവസ്ഥ. ഇതിനായി സ്കൂളിന് പരിസരത്തുള്ള ദേശസാൽകൃത ബാങ്കിലോ, സഹകരണ ബാങ്കിലോ, പോസ്റ്റ് ഓഫിസിലെ സേവിങ്സ് ബാങ്കിലോ പി.ടി.എ പ്രസിഡൻറ്, സെക്രട്ടറി, ഖജാൻജി എന്നിവരുടെ പേരിൽ ജോയിൻറ് അക്കൗണ്ട് ആരംഭിക്കണമെന്നാണ് സർക്കാർ നിർദേശം.

എന്നാൽ, കാവന്നൂർ ജി.എൽ.പി.എസിൽ നാളിതുവരെയായി പി.ടി.എ അക്കൗണ്ട് കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക ബാങ്ക് അക്കൗണ്ട് ആരംഭിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. രക്ഷിതാക്കാളിൽനിന്ന് ലഭിക്കുന്നതും സംഭാവനകളായും മറ്റും ലഭിക്കുന്നതുമായ തുക രജിസ്റ്ററിൽ രേഖപ്പെടുത്തിയ ശേഷം പണമായി കൈകാര്യം ചെയ്യുന്ന രീതിയാണ് സ്കൂൾ അധികൃതർ സ്വീകരിച്ചത്. പണമായിത്തന്നെയാണ് ഇതിൽ നിന്നുള്ള ചെലവുകൾ നടത്തിയത്.

പി.ടി.എ ഫണ്ടിനത്തിൽ സംഭാവനയായി ലഭിക്കുന്ന തുകക്ക് പി.ടി.എയുടെ പേരിൽ കൃത്യമായി രസീത് നൽകുന്ന രീതി നാളിതുവരെയായി ഈ സ്കൂളിൽ സ്വീകരിച്ചിട്ടില്ലെന്ന് പരിശോധനയിൽ വ്യക്തമായി. പി.ടി.എക്ക് വിവിധയിനങ്ങളിൽ ലഭിക്കുന്ന തുകയും, ഇതിൽനിന്നും ചെലവഴിക്കുന്ന തുകയും സംബന്ധിച്ചുമുള്ള വിവരങ്ങൾ ഒരു രജിസ്റ്ററിൽ രേഖപ്പെടുത്തിവെക്കുന്നു എന്നതിൽ കവിഞ്ഞ് ഇതിന്റെ ആധികാരികത പരിശോധിക്കാവുന്ന സാഹചര്യം നിലവിലില്ല. പി.ടി.എ ഫണ്ടിൽനിന്നും സ്കൂളിൻറെ വിവിധ ആവശ്യങ്ങൾക്കായി ചെലവഴിക്കുന്ന തുകയുടെ ബില്ലുകളും വൗച്ചറുകളും കൃത്യമായ രീതിയിൽ സൂക്ഷിക്കുന്നില്ല. ഇക്കാര്യങ്ങളെല്ലാം പി.ടി.എ രൂപീകരണവും പ്രവർത്തനങ്ങളും സംബന്ധിച്ച സർക്കാർ മാർഗനിർദേശങ്ങൾക്ക് വിരുദ്ധമാണ്.

പി.ടി.എയുടെ കണക്കുകൾ ബന്ധപ്പെട്ട എ.ഇ.ഒ/വിദ്യാഭ്യാസ ഉപ ഡയറക്ടർ/റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ (എച്ച.എസ്.എസ്)/ അസിസ്റ്റൻറ് ഡയറക്ടർ (വി.എച്ച്.എസ്.എസ്) എന്നിവർ ഓഡിറ്റ് ചെയ്യണമെന്ന് നിർദേശമുണ്ട്. എന്നാൽ ഇക്കാര്യം സംബന്ധിച്ച് അരീക്കോട് എ.ഇ.ഒയിൽ നിന്ന് കൃത്യമായ പരിശോധനകൾ നടത്തിയിട്ടില്ലെന്നാണ് കണ്ടെത്തൽ. പി.ടി.എ ഫണ്ടിന്റെ സൂക്ഷിപ്പ്, വിനിയോഗം എന്നിവ സംബന്ധിച്ച് സർക്കാർ നിർദേശങ്ങൾ പൂർണമായും അവഗണിച്ചാണ് കാവന്നൂർ ജി.എൽ.പി.എസി ലെ പി.ടി.എ പ്രവർത്തനങ്ങൾ നടത്തിയത്. ഇക്കാര്യത്തിൽ പ്രധാനാധ്യാപകനായ മനോജിൽ നിന്ന് വിശദീകരണം തേടി. പി.ടി.എ എക്സ‌ിക്യൂട്ടീവ് യോഗം വിളിച്ച് അക്കൗണ്ട് തുടങ്ങാനുള്ള നടപടികൾ ആരംഭിച്ചെന്നാണ് പ്രധാനാധ്യാപകൻ നൽകിയ മറുപടി.

സർക്കാർ നിർദേശങ്ങൾക്കനുസൃതമായി പി.ടി.എ അക്കൗണ്ട് ആരംഭിച്ച്, അക്കൗണ്ട് വഴി മാത്രം സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിനും ചെലവുകളുമായി ബന്ധപ്പെട്ട ബില്ലുകളും വൗച്ചറുകളും കൃത്യമായി സൂക്ഷിക്കുന്നതിനും പൊതുവിദ്യാഭ്യാസ വകുപ്പ് കർശന നിർദേശം നൽകണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ. പി.ടി.എയുടെ സാമ്പത്തിക ഇടപാടുകൾ സർക്കാർ നിർദേശങ്ങൾ പ്രകാരം, പി.ടി.എ അക്കൗണ്ടിലൂടെയാണ് നടക്കുന്നതെന്നുറപ്പുവരുത്തുന്നതിന് അരീക്കോട് എ.ഇ.ഒക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകണമെന്നാണ് ശിപാർശ.

Tags:    
News Summary - PTA Fund : Kavannur School reports that there is no separate account and receipt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.