തിരുവനന്തപരം: ഗവർണർ ഒപ്പിട്ടതോടെ പൊതുജനാരോഗ്യ ബിൽ നിയമമായെങ്കിലും സാംക്രമിക-സാംക്രമികേതര രോഗങ്ങളുടെ ചികിത്സാക്കാര്യത്തിൽ ആശങ്ക വിട്ടൊഴിയാതെ ആയുഷ് വിഭാഗങ്ങൾ. ആയുര്‍വേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോ എന്നിവയുൾക്കൊള്ളുന്ന ആയുഷ് വിഭാഗത്തെ ഒഴിവാക്കിയതോടെ 34 ഓളം പകർച്ചവ്യാധികളുടെയും 20 ഓളം പകർച്ചവ്യാധി ഇതര രോഗങ്ങളുടെയും ചികിത്സക്കായി രോഗിക്ക് ഇഷ്ടാനുസരണമുള്ള ചികിത്സ രീതി തെരഞ്ഞെടുക്കാനാകില്ല. പൊതുജനാരോഗ്യ നിയമത്തിലെ അധ്യായം ഏഴിലും 11 ലുമാണ് ഇക്കാര്യങ്ങൾ അടിവരയിടുന്നത്. മുമ്പ് ദേശീയ ആരോഗ്യ നയത്തിന്റെ ഭാഗമായി ഏതാനും സാംക്രമിക രോഗങ്ങൾ ‘വിജ്ഞാനപ്പെടുത്തേണ്ട രോഗങ്ങളിൽ’ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, പൊതുജനാരോഗ്യ നിയമത്തിൽ സാധാരണയായി കാണുന്ന പകർച്ചപ്പനി വരെ ഉൾപ്പെടുത്തിയിരിക്കുകയാണ്.
ഈ പട്ടികയിലെ രോഗങ്ങൾക്കു പുറമെ, സാഹചര്യങ്ങൾക്കനുസരിച്ച് ഏത് രോഗാവസ്ഥയെയും നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാനും ചികിത്സ പ്രോട്ടോകോളുകൾ പുറപ്പെടുവിക്കാനും അലോപ്പതി വിഭാഗത്തിൽ നിന്നുള്ള പബ്ലിക് ഹെൽത്ത് ഓഫിസർക്ക് അധികാരമുണ്ട്. പട്ടികയിലുൾപ്പെട്ട രോഗം പ്രാദേശികമായി സ്ഥിരീകരിച്ചാൽ വ്യാപനം തടയാനും ചികിത്സ നിശ്ചയിക്കാനുമുള്ള അധികാരവും പബ്ലിക് ഹെൽത്ത് ഓഫിസർക്കാണ്.
കരട് ബിൽ അവതരിപ്പിച്ച വേളയിൽ ആയുഷ് വിഭാഗങ്ങൾ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും കണ്ണിൽ പൊടിയിടും വിധം ഏതാനും ഭാഗങ്ങളിൽ ഭേദഗതി വരുത്തിയതൊഴിച്ചാൽ കാതലായ ആശങ്കകൾ അതേപടി അവശേഷിക്കുകയാണ്. ചികിത്സിക്കുന്ന ഡോക്ടർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകാനുള്ള അധികാരം നൽകിയതാണ് ഇതിലൊന്ന്. പ്രധാന സാംക്രമിക-സാംക്രമികേതര രോഗങ്ങൾക്കെല്ലാം അലോപ്പതി വിഭാഗം ചികിത്സ പ്രോട്ടോക്കോളുകൾ നിശ്ചയിക്കുന്നതോടെ, ആയുഷ് വിഭാഗങ്ങൾ അപ്രസക്തമാകുകയും ഇവയുടെയെല്ലാം ചികിത്സ മോഡേൺ മെഡിസിനിലേക്ക് നീങ്ങുകയും ചെയ്യും.
ഈ സാഹചര്യത്തിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകൽ വ്യവസ്ഥക്ക് എന്ത് പ്രസക്തി എന്നാണ് ആയുഷ് ഡോക്ടർമാർ ചോദിക്കുന്നത്. പബ്ലിക് ഹെൽത്ത് ഓഫിസർ നിർദേശിക്കുന്ന ചികിത്സ മാത്രമേ പട്ടികയിലുൾപ്പെട്ട അസുഖങ്ങൾക്ക് നൽകാൻ സാധിക്കൂവെന്നതും അതിന് വിപരീതമായി പ്രവർത്തിച്ചാൽ വലിയ പിഴശിക്ഷക്ക് രോഗിയും ചികിത്സിച്ച ഡോക്ടറും അർഹരാകുമെന്നതും നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇത്തരം അസുഖങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ പബ്ലിക് ഹെൽത്ത് ഓഫിസറെ അറിയിക്കണമെന്നും അല്ലാത്ത പക്ഷം ഭീമമായ പിഴശിക്ഷക്ക് വിധേയരാകുമെന്ന മുന്നറിയിപ്പും നിയമത്തിലുണ്ട്. നിയമം പാസായെങ്കിലും ചട്ടങ്ങൾ കൂടി രൂപവത്കരിക്കുമ്പോഴാണ് വ്യവസ്ഥകളുടെ ആഘാതം കൂടുതൽ വ്യക്തമാകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.