കൊച്ചി: പബ്ലിക് പ്രോസിക്യൂട്ടർമാരുടെ നിയമനത്തിൽ സൂക്ഷ്മത ഉറപ്പുവരുത്താൻ ഹൈകോടതിയുടെ ഇടപെടൽ. പോക്സോ അടക്കം പ്രധാനപ്പെട്ട പല കേസിലും വിചാരണക്കോടതികളിൽ പ്രോസിക്യൂഷെൻറ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചകളുണ്ടാകുന്ന സാഹചര്യത്തിലാണ് ഡിവിഷൻ ബെഞ്ചിെൻറ നടപടി.
പ്രോസിക്യൂഷൻ പരാജയം ആവർത്തിക്കുന്നത് കണക്കിലെടുത്ത് വിഷയം സ്വമേധയാ ഹരജിയായി പരിഗണിക്കാൻ തീരുമാനിച്ച ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സിയാദ് റഹ്മാൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് സംസ്ഥാന സർക്കാർ, ആഭ്യന്തര സെക്രട്ടറി, സാമൂഹികനീതി സെക്രട്ടറി, ഹൈകോടതി രജിസ്ട്രാർ ജനറൽ, ഹൈകോടതിയിലെ ജില്ല ജുഡീഷ്യറി രജിസ്ട്രാർ എന്നിവരെ കക്ഷിചേർക്കാൻ നിർദേശിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ പരിഗണിച്ച ചില ക്രിമിനൽ കേസുകളിലെ അപ്പീൽ ഹരജികളാണ് വിഷയം ഗൗരവത്തോടെ എടുക്കാൻ കോടതിക്ക് േപ്രരണയായത്. പെരുമ്പാവൂരിൽ ടാക്സി ഡ്രൈവറെ കൊലപ്പെടുത്തി കാർ തട്ടിയെടുത്ത കേസിലെ പ്രതികൾക്കെതിരെ മതിയായ തെളിവ് നൽകാൻ പ്രോസിക്യൂഷന് കഴിയാത്തതിനാൽ വിചാരണക്കോടതി വിധിച്ച ശിക്ഷ റദ്ദാക്കി ഇവരെ വെറുതെ വിടേണ്ടിവന്നു. കാർ കണ്ടെടുത്തെങ്കിലും കളവുപോയ കാറാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നില്ല. മഞ്ചേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന് തെളിയിക്കാനും പ്രോസിക്യൂഷന് കഴിഞ്ഞില്ല. ഇതേതുടർന്ന് പോക്സോ നിയമപ്രകാരമുള്ള കുറ്റം റദ്ദാക്കേണ്ടിവന്നു. എങ്കിലും ബലാത്സംഗക്കുറ്റത്തിന് തെളിവുള്ളതിനാൽ ജീവപര്യന്തം വിധിച്ചു. ഇരുകേസും പരാമർശിച്ചാണ് പ്രോസിക്യൂഷൻ വീഴ്ചയിൽ ഡിവിഷൻ ബെഞ്ച് അതൃപ്തി രേഖപ്പെടുത്തിയത്.
പബ്ലിക് പ്രോസിക്യൂട്ടർമാരുടെ നിയമനം സർക്കാറിെൻറ അധികാരമാണെങ്കിലും സർക്കാറിന് ഇക്കാര്യത്തിൽ പൂർണ സ്വാതന്ത്ര്യമില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ക്രിമിനൽ നടപടി ചട്ടപ്രകാരം സെഷൻസ് ജഡ്ജിയുമായി കൂടിയാലോചിച്ച് കലക്ടർമാർ നൽകുന്ന പാനലിൽനിന്നാണ് പബ്ലിക് പ്രോസിക്യൂട്ടർമാരെ നിയമിക്കുന്നത്. അതേസമയം, നിയമനത്തിൽ രാഷ്ട്രീയ ബന്ധം കലരുന്നതിനാൽ കലക്ടർമാർക്ക് പലപ്പോഴും മികച്ച പാനൽ തയാറാക്കാൻ കഴിയുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
പ്രോസിക്യൂഷെൻറ വീഴ്ചകൾ സർക്കാറിെൻറ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ അറിയിച്ചു. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടി അറിയിക്കാൻ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.