തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.ടി പാർക്കുകളിലും വിനോദസഞ്ചാര മേഖലകളിലും ബാറുകളും പബുകളും വരുന്നു. കാർഷിക ഉൽപന്നങ്ങളിൽനിന്ന് വൈൻപോലെ വീര്യംകുറഞ്ഞ മദ്യം നിർമിക്കുന്ന യൂനിറ്റുകൾ തുടങ്ങും. മദ്യനയത്തിൽ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. എക്സൈസ് വകുപ്പിന്റെ ശിപാർശയും ഐ.ടി സെക്രട്ടറിയുടെ റിപ്പോർട്ടും സർക്കാർ ഏറക്കുറെ അംഗീകരിച്ചു. മാർഗനിർദേശത്തിന്റെ കരടുമായി.
മദ്യവിൽപന കുറച്ചുകൊണ്ടുവരണമെന്ന ആവശ്യം നിലനിൽക്കെയാണ് സർക്കാറിന്റെ ഈ നീക്കം. 10 വർഷമായി പ്രവർത്തിക്കുന്ന മികച്ച ഐ.ടി സ്ഥാപനങ്ങൾക്കാകും പബ് ലൈസൻസ് നൽകുക.നിശ്ചിത വാർഷിക വിറ്റുവരവുള്ള കമ്പനികളാകണമെന്ന നിബന്ധനയും കരട് മാർഗനിർദേശത്തിലുണ്ട്. പബുകൾ ഐ.ടി പാർക്കുകൾക്കുള്ളിലാകും പ്രവർത്തിക്കുക. പുറമേ നിന്നുള്ളവർക്ക് പ്രവേശനമുണ്ടാകില്ല.പബ് നടത്തിപ്പിനായി ഐ.ടി സ്ഥാപനങ്ങൾക്ക് ആവശ്യമെങ്കിൽ ഉപകരാർ നൽകാം. നിലവിൽ അനുവദിച്ച ക്ലബുകളുടെ ഫീസിനേക്കാൾ കൂടിയ തുക പബുകളുടെ ലൈസൻസ് ഫീസായി ഈടാക്കാനാണ് ആലോചന. ഇതുസംബന്ധിച്ച് അബ്കാരി നിയമത്തിൽ മാറ്റം വരുത്തും. സംസ്ഥാനത്താകെ ഒന്നര ലക്ഷം ഐ.ടി ജീവനക്കാരാണുള്ളത്.
പഴത്തിൽനിന്ന് വൈൻ ഉൽപാദിപ്പിക്കാൻ നിയമഭേദഗതിയായിട്ടുണ്ട്. കശുമാങ്ങ, ജാതിക്ക, പൈനാപ്പിൾ തുടങ്ങിയവയിൽനിന്നുള്ള ഉൽപാദനമാണ് ആദ്യഘട്ടം ലക്ഷ്യമിടുന്നത്.
വിനോദ സഞ്ചാര മേഖലകളിലുൾപ്പെടെ കൂടുതൽ ബിവറേജസ് മദ്യവിൽപനശാലകളും ബാറുകളും അനുവദിക്കുന്ന തീരുമാനവും അടുത്ത മാസത്തോടെയുണ്ടാകുമെന്നാണ് വിവരം. ബവ്കോ ഔട്ട്ലറ്റുകൾ പുതുതായി തുടങ്ങുമ്പോൾ വാഹന പാർക്കിങ്ങിന് സ്ഥലം ഉണ്ടാകണമെന്ന് വ്യവസ്ഥ ചെയ്യും. അതേസമയം, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയിൽനിന്നുള്ള കള്ളുഷാപ്പുകളുടെ ദൂരപരിധി 400 മീറ്ററിൽനിന്ന് 200 മീറ്ററാക്കി കുറക്കുന്നത് പദ്ധതിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.