തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്ന് ഒഴിവുവന്ന പുതുപ്പള്ളിയിൽ കോൺഗ്രസ് സ്ഥാനാർഥി ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽനിന്നുതന്നെ. മറിച്ചൊരു ആലോചന കോൺഗ്രസ് നേതൃത്വത്തിലില്ല. സ്ഥാനാർഥി ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽനിന്നായിരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ഞായറാഴ്ച രാവിലെ കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.
ഉച്ചയോടെ അത് തിരുത്തി കെ.പി.സി.സി പത്രക്കുറിപ്പിറക്കി. പാര്‍ട്ടിയില്‍ ചര്‍ച്ച നടന്നിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നാകുമോയെന്ന ചോദ്യത്തിന് അതും പരിഗണിക്കുമെന്നാണ് പറഞ്ഞതെന്നും കെ. സുധാകരൻ വിശദീകരിച്ചു. കെ. സുധാകരന്റെ തിരുത്ത് സാങ്കേതികം മാത്രമാണ് എന്നാണ് സൂചന.
സ്ഥാനാർഥി ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്നാകുന്നതിൽ നേതാക്കളിൽ എതിരഭിപ്രായമില്ല. അക്കാര്യം പാർട്ടി ചർച്ച ചെയ്യുന്നതിന് മുമ്പ് കെ.പി.സി.സി പ്രസിഡന്റ് പ്രഖ്യാപിച്ചതിൽ രാഷ്ട്രീയകാര്യസമിതിയിലെ മറ്റ് എതിർപ്പാണ് പ്രശ്നം. വിയോഗത്തിന്റെ കണ്ണീരാറുന്നതിന് മുമ്പ് സ്ഥാനാർഥി ചർച്ചകളിലേക്ക് കടക്കുന്നതിലുള്ള അനൗചിത്യവും ചില നേതാക്കൾ ചൂണ്ടിക്കാട്ടി. ഇതിനെതുടർന്നാണ് കെ. സുധാകരൻ പ്രസ്താവന തിരുത്തിയത്. കെ.പി.സി.സിയുടെ നേതൃത്വത്തിലുള്ള ഉമ്മൻ ചാണ്ടി അനുസ്മരണം തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കുകയാണ്. അതിനുശേഷം പുതുപ്പള്ളി സ്ഥാനാർഥി നിർണയവും ഒരുക്കങ്ങളും ചർച്ച ചെയ്യാമെന്നാണ് കോൺഗ്രസ് നേതൃത്വത്തിലെ ധാരണ.
ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ സ്ഥാനാർഥിയാകാനാണ് സാധ്യത. പ്രവർത്തന പരിചയവും ജോഡോ യാത്രയിലെ പങ്കാളിത്തം ഉൾപ്പെടെ രാഹുൽ ഗാന്ധിയുമായുള്ള അടുപ്പവും അനുകൂല ഘടകമാണ്. പാർട്ടി ഏതു ഉത്തരവാദിത്തം ഏൽപ്പിച്ചാലും തയാറെന്ന് പറഞ്ഞ ചാണ്ടി ഉമ്മൻ താൽപര്യം പ്രകടമാക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, മകൾ അച്ചു ഉമ്മനെ കൊണ്ടുവരണമെന്ന ചർച്ചയും ഉയർന്നിട്ടുണ്ട്. മകനോ മകളോ എന്ന കാര്യത്തിൽ കുടുംബത്തിന്റെ താൽപര്യം കൂടി പരിഗണിച്ചാകും കെ.പി.സി.സിയുടെ തീരുമാനം. മറുഭാഗത്ത് സി.പി.എമ്മും ഉപതെരഞ്ഞെടുപ്പ് ചർച്ചകൾ തുടങ്ങി. ശനിയാഴ്ച ചേർന്ന ഇടതുമുന്നണിയോഗത്തിൽ പുതുപ്പള്ളി തെരഞ്ഞെടുപ്പ് പ്രധാന ചർച്ചയായി.
മണിപ്പൂർ പ്രശ്നത്തിൽ പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള മുന്നണി തീരുമാനം പുതുപ്പള്ളിയിലെ വോട്ടുബാങ്കിലേക്ക് കൂടി കണ്ണുവെച്ചാണ്. പുതുപ്പള്ളിയിലെ ഒഴിവ് സംബന്ധിച്ച് നിയമസഭ സെക്രേട്ടറിയറ്റ് വിജ്ഞാപനം പുറപ്പെടുവിച്ച് ഇലക്ഷൻ കമീഷനെ അറിയിച്ചിട്ടുണ്ട്.
ആറുമാസത്തിനകം തെരഞ്ഞെടുപ്പ് വേണമെന്ന നിബന്ധന അനുസരിച്ച് നവംബർ അല്ലെങ്കിൽ ഡിസംബർ മാസത്തിൽ തെരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്നുണ്ട്.
തിരുവനന്തപുരം: പുതുപ്പള്ളി ഉപെതരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വം പാർട്ടി ചർച്ച ചെയ്തിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് എം.പി പത്രക്കുറിപ്പിൽ പറഞ്ഞു. തന്നെ പരാമര്‍ശിച്ച് ചില വാര്‍ത്തകള്‍ വരുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് ആകുമോ സ്ഥാനാര്‍ഥി എന്ന ചോദ്യത്തിന് അതും പരിഗണിക്കും എന്നാണ് താന്‍ പറഞ്ഞത്. സ്ഥാനാര്‍ഥിയെ തീരുമാനിക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ കുടുംബവുമായും ആലോചിക്കും എന്നാണ് ഉദ്ദേശിച്ചത്. ഇതുസംബന്ധിച്ച് ഒരു ചര്‍ച്ചയും പാര്‍ട്ടിയില്‍ നടന്നിട്ടില്ലെന്നും സുധാകരൻ തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.