സുൽത്താൻ ബത്തേരി: നൂൽപ്പുഴ പഞ്ചായത്തിലെ കല്ലൂർ പുലിതൂക്കി പണിയ കോളനി മുത്തങ്ങ സമരത്തിന്റെ ഓർമകളിലാണ്. സമരത്തിൽ പങ്കെടുത്ത് പൊലീസ് മർദനമേറ്റ നിരവധി ആളുകൾ ഈ കോളനിയിൽ ഉണ്ട്. സി.കെ. ജാനുവിന്റെയും ഗീതാനന്ദന്റെയും നേതൃത്വത്തിലുള്ള ഗോത്ര മഹാസഭ 20 വർഷങ്ങൾക്ക് മുമ്പ് പുലിതൂക്കി കോളനിയിൽ നിന്നായിരുന്നു കൂടുതൽ കരുത്തോടെ സമരഭൂമിയിലേക്ക് നീങ്ങിയത്. കോളനിയിലെ 13 വീട്ടുകാരിൽ ഏഴു കുടുംബങ്ങൾ അന്നത്തെ സമരത്തിൽ പങ്കെടുത്തിരുന്നു.
പൊലീസ് മർദനമേൽക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് രാത്രി സമര നേതാക്കൾ പുലിതൂക്കി കോളനിയിൽ പ്രത്യേക പൂജ നടത്തിയാണ് കാട്ടിലേക്ക് നീങ്ങിയത്.
അതുവരെ സമരത്തിൽ പങ്കെടുത്തിരുന്ന ആളുകളൊക്കെ ഈ കോളനിയിൽ എത്തുകയുണ്ടായതായി കോളനിയിൽ നിന്ന് സമരത്തിൽ പങ്കെടുത്ത കമ്മാക്കി പറഞ്ഞു. ‘അന്ന് രാവിലെ പത്ത് മണിയോടെയാണ് പൊലീസുകാർ സമരഭൂമിയിലേക്ക് ഇറച്ചുകയറിയത്. അവർ പോകാൻ പറഞ്ഞു. ഞങ്ങൾ കൂട്ടാക്കിയില്ല. അതോടെ അടി തുടങ്ങി. തീവെപ്പും. പാത്രം, പുതപ്പ്, പായ എല്ലാം ഉപേക്ഷിച്ച് ഓടുകയായിരുന്നു. തലക്കൊക്കെ പരിക്കേറ്റു. കാട്ടിലൂടെ ഏറെ സഞ്ചരിച്ച് രാത്രിയാണ് കോളനിയിൽ എത്തിയത്’ -കമ്മാക്കി ഓർക്കുന്നു...
കമ്മാക്കിയുൾപ്പെടെയുള്ളവരെ പൊലീസ് പിന്നിട് അറസ്റ്റ് ചെയ്തു. ബത്തേരി സ്റ്റേഷനിലും പനമരം ഹോസ്റ്റലിലും താമസിപ്പിച്ചതിന് ശേഷം കണ്ണൂർ ജയിലിലേക്ക് കൊണ്ടുപോയി. ഇതേ കോളനിയിലെ ശോഭയുടെ ഭർത്താവ് പാലൻ മുത്തങ്ങ സമരത്തോടുകൂടിയാണ് മരണത്തിന് കീഴടങ്ങുന്നത്.
പാലൻ സമരത്തിൽ പങ്കെടുത്തിരുന്നില്ല. എന്നാൽ, പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ഞപ്പിത്തബാധിതനായ പാലൻ പെട്ടെന്ന് മരിക്കുകയായിരുന്നു. പാലന്റെ മക്കളുടെ പഠനം പോലും അതോടെ മുടങ്ങി. കോളനിയിലെ വെള്ളനും സമരത്തിൽ പങ്കെടുത്തിട്ടുണ്ട്. അന്ന് 46 വയസുള്ള വെള്ളന് ഇന്ന് 66 ആയി.
പലവിധ അസുഖങ്ങൾ കാരണം അവശതയിലാണ്. അന്നത്തെ പൊലീസ് തേർവാഴ്ചയെക്കുറിച്ച് വെള്ളനും പറയാനേറെയുണ്ട്. വെള്ളൻ പൊലീസിന് കീഴടങ്ങിയിരുന്നില്ല. സംഭവത്തിന് ശേഷം കാട്ടിലൂടെ ഓടി രാത്രി കോളനിയിലെത്തി. പിന്നീട് മുങ്ങി നടക്കുകയായിരുന്നു.
കമ്മാക്കി, വെള്ളൻ ഉൾപ്പെടെ സമരത്തിൽ പങ്കെടുത്ത എല്ലാ കുടുംബങ്ങൾക്കും ഭൂമി ലഭിക്കുകയുണ്ടായി. മേപ്പാടി, ആറളം എന്നിവിടങ്ങളിലായിരുന്നു ഇത്. മേപ്പാടിയിൽ വെള്ളമില്ലാത്തതും മറ്റും പ്രശ്നമായി. അതിനാൽ കിട്ടിയവർ താമസിക്കാൻ പോയില്ല. ആറളത്തും ആദിവാസികളെ സംബന്ധിച്ച് ജീവിക്കാൻ പ്രയാസമാണെന്നാണ് പറയുന്നത്. എന്നാൽ, കമ്മാക്കിയുടെ മകൻ ബാലൻ ആറളത്തേക്ക് താമസം മാറ്റിയിട്ടുണ്ട്.
പൊലീസ് അടിച്ചമർത്തലിനുള്ള സാധ്യത കണ്ടതോടെയാണ് സമരക്കാർ കല്ലൂർ 64ലെ കോളനിയിൽ ഒത്തുകൂടിയത്. ഇവിടെ ഒത്തുകൂടിയവർ യുദ്ധക്കളത്തിലേക്കിറങ്ങും പോലെയായിരുന്നു മുത്തങ്ങ കാട്ടിലേക്ക് നീങ്ങിയത്. ചരിത്ര സമരത്തിന്റെ തുടക്കത്തിന് സാക്ഷ്യം വഹിച്ച പുലിതൂക്കി കോളനി രണ്ട് പതിറ്റാണ്ടുകൾക്കിപ്പുറവും പഴയ അവസ്ഥയിൽത്തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.