പുൽപള്ളി ബാങ്ക് ക്രമക്കേട്: കെ.കെ. എബ്രഹാമിന് ചികിത്സക്കുവേണ്ടി ജാമ്യം

കൊച്ചി: പുൽപള്ളി സർവിസ് സഹകരണ ബാങ്ക് വായ്പ ക്രമക്കേട് കേസിൽ പ്രതിയായി ജയിലിൽ കഴിയുന്ന മുൻ പ്രസിഡന്‍റും കോൺഗ്രസ് നേതാവുമായ കെ.കെ. എബ്രഹാമിന് ചികിത്സക്കായി ഹൈകോടതി ജാമ്യം അനുവദിച്ചു. ഉദര സംബന്ധമായ ഗുരുതര രോഗാവസ്ഥയിലാണെന്ന കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടറുടെ റിപ്പോർട്ട് പരിഗണിച്ചാണ് ജസ്റ്റിസ് സി.എസ്. ഡയസ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസിലാണ് ഹരജിക്കാരൻ തടവിൽ കഴിയുന്നത്.

രോഗാവസ്ഥ രൂക്ഷമായതിനാൽ ജയിലിൽവെച്ച് പലതവണ ബോധക്ഷയമുണ്ടായിട്ടുള്ളതായി ഹരജിയിൽ പറയുന്നു. ജീവന് അപായമുള്ള രോഗം അലട്ടുന്നുവെന്ന് വ്യക്തമാക്കുന്ന രേഖകൾ ഹാജരാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളിയിരുന്നു. ജാമ്യത്തിൽ വിട്ടില്ലെങ്കിൽ ജീവഹാനിക്ക് സാധ്യതയെന്ന് കാട്ടി വീണ്ടും ഹൈകോടതിയെ സമീപിക്കുകയായിരുന്നു.

ഒരുലക്ഷം രൂപയുടെ സ്വന്തവും തത്തുല്യമായ മറ്റ് രണ്ടുപേരുടെയും ബോണ്ടിന്‍റെ അടിസ്ഥാനത്തിലാണ് ജാമ്യം. വ്യവസ്ഥകൾ ലംഘിച്ചാൽ ജാമ്യം റദ്ദാക്കാനാവും. ഹരജി വീണ്ടും പരിഗണിക്കുന്ന ആഗസ്റ്റ് 21നോ അതിന് മുമ്പോ ഡോക്ടറുടെ റിപ്പോർട്ട് ഹാജരാക്കാനും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.

Tags:    
News Summary - Pulpally Bank Irregularity: K.K. Abraham bailed for treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.