കോഴിക്കോട്: പുല്പള്ളി സർവിസ് സഹകരണ ബാങ്ക് തട്ടിപ്പു കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കസ്റ്റഡിയിലുള്ള കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറിയും ബാങ്ക് മുൻ പ്രസിഡന്റുമായ കെ.കെ. അബ്രഹാം റിമാൻഡിൽ. രണ്ടുദിവസത്തെ ചോദ്യം ചെയ്യലിനുശേഷം ഇ.ഡി കോടതിയുടെ ചുമതലയുള്ള ജില്ല സെഷൻസ് കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്. തട്ടിപ്പിലെ മുഖ്യസൂത്രധാരൻ കെ.കെ. അബ്രഹാമാണെന്നും തട്ടിയ പണം ഇഞ്ചി കൃഷിയിലുൾപ്പെടെയാണ് നിക്ഷേപിച്ചതെന്നും ഇ.ഡി അറിയിച്ചു.
അബ്രഹാം ബാങ്കിന്റെ പ്രസിഡന്റായി പ്രവർത്തിച്ച കാലയളവിലാണ് ബാങ്കിൽ 5.6 കോടി രൂപയുടെ തട്ടിപ്പ് നടന്നത്. പ്രസിഡന്റ് എന്ന നിലയിലുള്ള അധികാരം ഉപയോഗിച്ച് പല ജാമ്യവസ്തുക്കൾക്കും അമിത മൂല്യം കാണിച്ച് വായ്പ തുക ഉയർത്തിക്കാട്ടിയാണ് സാമ്പത്തിക തിരിമറി നടത്തിയത്.
വൻതോതിൽ വായ്പകൾ അനുവദിച്ചതായി രേഖകളുണ്ടാക്കിയും തട്ടിപ്പ് നടത്തി. പ്രാദേശിക കോൺഗ്രസ് നേതാവും കേസിൽ നേരത്തെ അറസ്റ്റിലാവുകയും ചെയ്ത സജീവൻ കൊല്ലപ്പള്ളിയെ കൂട്ടുപിടിച്ചായിരുന്നു തട്ടിപ്പ്. തട്ടിയ പണത്തിലെ വൻതുക ഇഞ്ചികൃഷിയിൽ നിക്ഷേപിച്ചു. ഇതിന്റെ ലാഭവിഹിതമെന്നോണം 10 ശതമാനത്തോളം തുക അക്കൗണ്ട് വഴി സ്വീകരിക്കുകയും ഇത് പിന്നീട് പിൻവലിക്കുകയും ചെയ്തു. സജീവന്റെ അക്കൗണ്ടിൽനിന്നാണ് ഈ തുക അബ്രഹാമിന്റെ അക്കൗണ്ടിലെത്തിയത്. കള്ളപ്പണം വെളുപ്പിക്കലടക്കം നടന്നതായും സൂചനയുണ്ട്.
കേസിൽ അബ്രഹാമിനെ ചൊവ്വാഴ്ച വൈകീട്ടാണ് ഇ.ഡിയുടെ കോഴിക്കോട് യൂനിറ്റ് കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി രണ്ടുദിവസത്തെ കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. വിശദ ചോദ്യം ചെയ്യലിലാണ് തട്ടിപ്പ് സംബന്ധിച്ച നിർണായക വിവരങ്ങൾ ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. ബാങ്ക് തട്ടിപ്പിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നേരത്തെ അബ്രഹാം അടക്കമുള്ള പ്രതികൾ അറസ്റ്റിലായിരുന്നു. ഇതിൽ പ്രതിയായതിനു പിന്നാലെയാണ് കെ.പി.സി.സി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചത്.
ബാങ്കിന്റെ വായ്പ തട്ടിപ്പിനിരയായ പുല്പള്ളി കേളക്കവല ചെമ്പകമൂല സ്വദേശി രാജേന്ദ്രൻ നായർ ആത്മഹത്യചെയ്തതിനു പിന്നാലെയാണ് പൊലീസ് അബ്രഹാമിനെയുൾപ്പെടെ നേരത്തെ അറസ്റ്റ് ചെയ്തത്. ഇ.ഡി രജിസ്റ്റർ ചെയ്ത കേസിൽ കൂടുതൽ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.