കോന്നി: ഒരുവർഷത്തിനിടെ പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പൊലിഞ്ഞത് 15 ജീവൻ. നിർമാണം പൂർത്തിയായി വാഹനങ്ങൾ സുഗമമായി കടന്നുപോകാൻ തുടങ്ങിയതുമുതൽ അമിത വേഗത കാരണം കുരുതിക്കളമായിരിക്കുകയാണ് സംസ്ഥാന പാത. കുടുംബത്തിലെ നാലുപേർ മുറിഞ്ഞകല്ലിൽ അപകടത്തിൽ മരണപ്പെട്ടതാണ് അവസാന സംഭവം.
ശനിയാഴ്ച നിയന്ത്രണംവിട്ട കാർ ഇപ്പോൾ അപകടം നടന്നതിന്റെ തൊട്ടടുത്ത സ്ഥലമായ നെടുമൺകാവിൽ പിക്അപ് വാനിന് പിന്നിൽ ഇടിച്ചിരുന്നു. കലഞ്ഞൂരിൽ അയ്യപ്പഭക്തരുടെ വാഹനം കത്തിനശിക്കുകയും വകയാറിൽ കാർ നിയന്ത്രണംവിട്ട് ഇടിച്ച് ഒരാൾക്ക് പരിക്കേൽക്കുകയും കൂടലിൽ ഓട്ടോറിക്ഷ ഇടിച്ച് ഒരാൾ മരിക്കുകയും ചെയ്തത് കഴിഞ്ഞ ഞായറാഴ്ചയാണ്. അശ്രദ്ധയും അമിത വേഗതയും അപകടകാരണമാകുന്നുണ്ട്.
കുമ്പഴ മുതൽ കലഞ്ഞൂർ വരെ സംസ്ഥാന പാതയുടെ കോന്നി റീച്ചിൽ നടന്ന അപകടങ്ങളിൽ പത്തോളം പേരാണ് മരണപ്പെട്ടത്. പാതയിലെ പരമാവധി വേഗത 70 കിലോമീറ്ററാണെന്ന് നിർമാണം പൂർത്തിയാക്കിയ കെ.എസ്.ടി.പി അധികൃതർ പറയുന്നു. എന്നാൽ, ഇരുചക്ര വാഹനങ്ങളടക്കം കോന്നിയിൽകൂടി കടന്നുപോകുന്നത് ഇതിലും ഉയർന്ന വേഗതയിലാണ്. വാഹനങ്ങളുടെ വേഗത കുറക്കുന്നതിനാവശ്യമായ നടപടിയും ഇല്ല. അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരും അനവധിയാണ്.
മാമൂട്, ചിറ്റൂർ മുക്ക്, ഇളകൊള്ളൂർ, മല്ലശ്ശേരിമുക്ക്, മുറിഞ്ഞകൽ, കൊല്ലൻപടി, നെടുമൺകാവ്, ഇഞ്ചപ്പാറ, കലഞ്ഞൂർ തുടങ്ങി വിവിധ ഇടങ്ങളിൽ അപകടങ്ങൾ ദിനേന വർധിക്കുകയാണ്. റോഡിൽ പലയിടത്തും വീതി കുറവുള്ളത് അപകടങ്ങളുടെ തോത് വർധിപ്പിക്കുന്നു. തമിഴ്നാട്, ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിൽനിന്നുള്ള അയ്യപ്പഭക്തർ അടക്കം കോന്നി വഴിയാണ് കടന്നുവരുന്നത്. ഇടക്കിടെ പെയ്യുന്ന മഴമൂലം വാഹനങ്ങളുടെ ടയറുകൾ തെന്നിമാറുന്നതും അപകടം വർധിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.