‘സ്മാര്‍ട് സിറ്റി പദ്ധതി അവസാനിപ്പിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണം’; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

തിരുവനന്തപുരം: ടീകോമിന് നഷ്ടപരിഹാരം നല്‍കി സ്മാര്‍ട് സിറ്റി പദ്ധതി അവസാനിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്.

വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ടീകോമില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാമെന്ന കരാര്‍ നിലനില്‍ക്കെ കമ്പനിക്ക് സര്‍ക്കാര്‍ പണം നല്‍കുന്നത് സംസ്ഥാന താല്‍പര്യത്തിന് എതിരാണ്. ഒരുകാരണവശാലും ടീകോമിന് നഷ്ടപരിഹാരം നല്‍കാന്‍ പാടില്ല. ഭൂമി കച്ചവടമാണ് സര്‍ക്കാരിന്റെ ലക്ഷ്യം എന്ന ആക്ഷേപം വ്യാപകമാണ്. വ്യവസ്ഥകള്‍ ലംഘിച്ച ടീകോമിന് അങ്ങോട്ട് പണം നല്‍കി പദ്ധതിയില്‍ നിന്നും പിന്‍മാറാനുള്ള ഏകപക്ഷീയമായ നീക്കം സര്‍ക്കാര്‍പുനരാലോചിക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു.

കത്ത് പൂര്‍ണരൂപത്തില്‍

സംസ്ഥാനത്തെ ഐ.ടി വ്യവസായത്തിന് പുത്തന്‍ ഉണര്‍വ് നല്‍കാനും പത്ത് വര്‍ഷം കൊണ്ട് 90,000 പേര്‍ക്ക് തൊഴില്‍ നല്‍കാനും വിഭാവനം ചെയ്ത ബൃഹത് പദ്ധതി ആയിരുന്നല്ലോ സ്മാര്‍ട്ട് സിറ്റി പദ്ധതി. ടീകോം കമ്പനിയും സംസ്ഥാന സര്‍ക്കാരും 2007 ല്‍ ഉണ്ടാക്കിയ 'ഫ്രെയിംവര്‍ക്ക് എഗ്രിമെന്റില്‍' കരാര്‍ വ്യവസ്ഥകളില്‍ വീഴ്ച വരുത്തുന്ന കക്ഷിയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തിയിരുന്നു.

പ്രസ്തുത കരാറിലെ 7,11 വ്യവസ്ഥകള്‍ പ്രകാരം ടീകോമിന്റെയോ, സര്‍ക്കാരിന്റെയോ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായാല്‍ വീഴ്ച വരുത്തുന്ന കക്ഷിയില്‍ നിന്നും മറ്റേ കക്ഷിക്ക് അവര്‍ നടത്തിയ എല്ലാ മുതല്‍ മുടക്കുകളും നഷ്ടങ്ങളും ഈടാക്കാന്‍ വ്യവസ്ഥയുണ്ട്.

ഈ കരാറിലെ 7.2.2(സി) പ്രകാരം ടീകോമിന്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായാല്‍ സര്‍ക്കാരിന് സര്‍ക്കാര്‍ നടത്തിയ മുതല്‍മുടക്ക് ഈടാക്കാവുന്നതാണ്. 'recover all investments made, costs and expenses incur from TECOM as certified by an independent firm of chartered accountants jointly appointed by the Parties.' എന്ന് 7.2.2(സി)യില്‍ കൃത്യമായി പറയുന്നുണ്ട്. കരാറിലെ 11.2 വ്യവസ്ഥ പ്രകാരം കരാര്‍ വ്യവസ്ഥകളില്‍ ടീകോം വീഴ്ച വരുത്തുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന് ഉണ്ടാകുന്ന നഷ്ടം നികത്താന്‍ ടി കോമിന് ഉത്തരവാദിത്വമുണ്ടായിരിക്കുമെന്നും വ്യവസ്ഥ ചെയ്യുന്നുണ്ട്. '11.2 TECOM and its Permitted Affiliates shall be jointly and severally liable. to indemnify, defend and hold GoK and Society harmless for damages arising directly or indirectly from or in connection with:(a) Any breach of any warranty of TECOM contained in this Agreement; or (b)Any breach of any covenant or agreement of TECOM contained in this Agreement.'

2007 ല്‍ സര്‍ക്കാരുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം ടീകോം ഈ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ അവരില്‍ നിന്നാണ് സര്‍ക്കാര്‍ നടത്തിയ മുതല്‍മുടക്കും, നഷ്ടപരിഹാരവും ഈടാക്കേണ്ടത് എന്നിരിക്കെ പദ്ധതിയില്‍ വീഴ്ച വരുത്തിയ ടീകോമിന് സര്‍ക്കാര്‍ അങ്ങോട്ട് പണം നല്‍കുന്നത് സംസ്ഥാന താല്പര്യത്തിന് എതിരാണ്.

സ്മാര്‍ട്ട് സിറ്റി പദ്ധതി അവസാനിപ്പിക്കാനും ടീകോമിന് പണം നല്‍കാനുമുള്ള സര്‍ക്കാര്‍ നീക്കം ദുരൂഹമാണ്. വ്യവസ്ഥകള്‍ ലംഘിച്ച ടീകോമിന് അങ്ങോട്ട് പണം നല്‍കി പദ്ധതി അവസാനിപ്പിക്കാനുമുള്ള ഏകപക്ഷീയമായ സര്‍ക്കാര്‍ തീരുമാനം റദ്ദ് ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. 

Tags:    
News Summary - Opposition leader's letter to the Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.