വന്യമൃഗങ്ങളുടെ ആക്രമണം തടയാൻ നടപടി വേണമെന്ന് പുന്നല ശ്രീകുമാർ

അടിമാലി: വനാതിർത്തിയിലെ കാർഷിക ഗ്രാമങ്ങളിൽ രൂക്ഷമാകുന്ന വന്യമൃഗങ്ങളുടെ ആക്രമണം തടയാൻ ഫലപ്രദമായ നടപടി വേണമെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. അയ്യൻകാളി ചരിത്ര സ്മാരക നിധി സമാഹരണ യോഗം അടിമാലിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മൃഗങ്ങളുടെ ആക്രമണത്തെ തുടർന്ന് ജീവനും ജീവനോപാധികളും നഷ്ടപ്പെട്ടവർക്ക് മതിയായ നഷ്ട പരിഹാരവും, പുനരധിവാസവും സാധ്യമാക്കണം. മലിനീകരണം, പ്രകൃതി ചൂഷണം, കാലാവസ്ഥ വ്യതിയാനം എന്നിവ ഇപ്പോഴത്തെ അവസ്ഥക്ക് കാരണമായിട്ടുണ്ട്. രൂക്ഷമാകുന്ന വന്യജീവി ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 2017 ൽ പുറപ്പെടുവിച്ച ദേശീയ വനം വന്യജീവി സംരക്ഷണ നയത്തിൻ്റെ നിർദേശങ്ങൾ ഇനിയും പൂർണതോതിൽ നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല.

കിടങ്ങുകൾ തീർത്തും, വൈദ്യുതി വേലി സ്ഥാപിച്ചും പ്രതിരോധിച്ചതിനെ മറികടന്നാണ് ഇപ്പോൾ വന്യമൃഗങ്ങൾ എത്തുന്നത്. ജനപങ്കാളിത്തം ഉറപ്പാക്കിയും, വകുപ്പിൻ്റെ ശേഷി വർധിപ്പിച്ചും, ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയും മലയോര മേഖലയിലെ ജനതയുടെ ദുരിതത്തിന് ശാശ്വത പരിഹാരം കാണണം. പ്രതിരോധ പ്രവത്തനങ്ങൾക്കെതിരെ പ്രചാരത്തിനുവേണ്ടി ഇപ്പോഴുണ്ടായിട്ടുള്ള പൊതുതാൽപ്പര്യ ഹർജികളും, അതിന് കോടതികൾ നൽകുന്ന അമിത പ്രാധാന്യവും ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

യുനിയൻ പ്രസിഡന്റ് പി.കെ ഉണ്ണി അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ.കെ.രാജൻ, ശിവൻ കോഴിക്കമാലി, ടി.കെ.സുകുമാരൻ, പി.സി ബാബു, എ.കെ.ശശി, അനുപ് രാജു, ശ്യാമളമോഹൻ എന്നിവർ സംസാരിച്ചു.

Tags:    
News Summary - Punnala Sreekumar said action should be taken to prevent attacks by wild animals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.