കോട്ടയം: പുതുപ്പള്ളിക്കാർക്ക് ഉമ്മൻ ചാണ്ടിയില്ലാതെ ആദ്യ ഞായറാഴ്ച. ലോകത്തെവിടെ ആണെങ്കിലും ഉമ്മൻ ചാണ്ടി ഞായറാഴ്ച പുതുപ്പള്ളിയിലുണ്ടാകുമായിരുന്നു. ശനിയാഴ്ച രാത്രി തറവാട്ടുവീട്ടിലെത്തും. ഭക്ഷണം കഴിച്ച് ഉറങ്ങാൻ നാട്ടകം ഗസ്റ്റ് ഹൗസിലേക്കു പോവും. ഞായറാഴ്ച രാവിലെ പുതുപ്പള്ളി പള്ളിയിൽ പ്രാർഥന. എത്ര തിരക്കുണ്ടെങ്കിലും കുർബാനയിൽ പങ്കുകൊള്ളും. ശേഷം വീണ്ടും തറവാട്ടുവീട്ടിൽ. അപ്പോഴേക്കും വീട്ടുമുറ്റം പൂരപ്പറമ്പിനു സമാനം നിറഞ്ഞുകഴിഞ്ഞിരിക്കും.
പുതുപ്പള്ളിക്കു പുറത്തുള്ളവരാണ് ഞായറാഴ്ചകളിലെത്തുന്നവർ അധികവും. പിന്നെ പാതിരാത്രി വരെ നീളുന്ന ജനസമ്പർക്കം. കാലങ്ങളായി ഇതാണ് ഉമ്മൻ ചാണ്ടിയുടെ പതിവ്. പുതുപ്പള്ളിയിലെ കുഞ്ഞുങ്ങൾക്കുപോലും അറിയാം ഈ ശീലങ്ങൾ. കോവിഡ് കാലത്ത് നാലുമാസവും അസുഖബാധിതനായി ചികിത്സക്കു പോയ എട്ടുമാസവും മാത്രമാണ് ഈ പതിവ് തെറ്റിയത്. കഴിഞ്ഞവർഷം നവംബർ രണ്ടിനാണ് അദ്ദേഹം അവസാനമായി പുതുപ്പള്ളി പള്ളിയിലെത്തിയത്.
ഇന്ന് ജീവിതവേഷം അഴിച്ചുവെച്ച് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ കല്ലറയിൽ അന്ത്യവിശ്രമം കൊള്ളുമ്പോഴും കടലിലേക്കെന്നപോലെ ഒഴുകിയെത്തുകയാണ് കുട്ടികളും വയോധികരുമടക്കം ജനം. ഞായറാഴ്ചകളിൽ കരോട്ടുവള്ളക്കാലിൽ വീട്ടിലേക്ക് വന്നിരുന്ന ആൾക്കൂട്ടം ഇപ്പോഴെത്തുന്നത് പുതുപ്പള്ളിയിലെ കബറിടത്തിലേക്കാണ്. പ്രശ്നങ്ങളും ആവലാതികളുമൊന്നും പറയാനല്ല. തങ്ങളുടെ പ്രിയപ്പെട്ടവനുവേണ്ടി നിറകണ്ണുകളോടെ പ്രാർഥിക്കണം. ചെയ്തുതന്ന പുണ്യങ്ങൾ ഓർമിക്കണം. മെഴുകുതിരി തെളിക്കണം. ഉമ്മൻ ചാണ്ടിക്കും പ്രിയപ്പെട്ട ഇടമാണ് പുതുപ്പള്ളി പള്ളി. കല്ലറയിലേക്ക് സംസ്കാര ദിവസം തുടങ്ങിയ ജനപ്രവാഹം ഇപ്പോഴും തുടരുകയാണ്. ഞായറാഴ്ച പള്ളിയിലെ കുർബാനക്കുശേഷം കബറിടത്തിൽ ധൂപ പ്രാർഥന നടന്നു. കുടുംബാംഗങ്ങളെല്ലാവരും എത്തിയിരുന്നു. പി.കെ. കുഞ്ഞാലിക്കുട്ടി, എൻ.കെ. പ്രേമചന്ദ്രൻ, ഹൈബി ഈഡൻ എന്നിവർ കുടുംബസമേതം കബറിടം സന്ദർശിച്ചു. മന്ത്രി ജി.ആർ. അനിൽ, കേന്ദ്രമന്ത്രി വി. മുരളീധരൻ എന്നിവരും എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.