കോട്ടയം: പുതുപ്പള്ളിയിലെ സഹതാപതരംഗ പ്രചാരണങ്ങൾക്ക് സുരേഷ് കുറുപ്പിനെ മുന്നിൽനിർത്തി സി.പി.എം മറുപടി. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ സഹതാപം വെല്ലുവിളിയാകുമെന്ന ആശങ്ക ഉയരുന്നതിനിടെയാണ് കോട്ടയത്തെ വിജയമുഖമായിരുന്ന കുറുപ്പിനെ ചേർത്തുനിർത്തിയുള്ള സി.പി.എം പ്രതിരോധം. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടശേഷം നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളി നിയോജകമണ്ഡലം ഉൾപ്പെടുന്ന കോട്ടയത്ത് എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച കെ. സുരേഷ്കുറുപ്പ് വിജയിച്ചതാണ് സി.പി.എം ഉയർത്തുന്നത്. രാജ്യമാകെ ഇന്ദിര സഹതാപതരംഗം ആഞ്ഞടിച്ചപ്പോഴും മണ്ഡലം മറിച്ചുചിന്തിച്ചുവെന്നാണ് സി.പി.എം പ്രചാരണത്തിന്റെ കാതൽ.
1984ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാർഥിയായിരുന്ന സുരേഷ് കുറുപ്പ് യു.ഡി.എഫിലെ സ്കറിയാ തോമസിനെ 5853 വോട്ടിനാണ് പരാജയപ്പെടുത്തിയത്. അന്ന് പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ 1800ലേറെ വോട്ടിന്റെ ലീഡും കുറുപ്പ് സ്വന്തമാക്കിയിരുന്നു. മന്ത്രി വി.എൻ. വാസവൻ അടക്കമുള്ള നേതാക്കൾ ഇത് ആവർത്തിക്കുന്നതിനൊപ്പം സമൂഹമാധ്യമങ്ങളിലടക്കം വ്യാപകമായി ചർച്ചയാക്കുന്നുമുണ്ട്.
ലോക്സഭ തെരഞ്ഞെടുപ്പിൽ രണ്ടുതവണ കൂടി പുതുപ്പള്ളി മണ്ഡലത്തിൽ എൽ.ഡി.എഫ് ലീഡ് നേടിയിരുന്നു. സുരേഷ് കുറുപ്പ് തന്നെയായിരുന്നു സ്ഥാനാർഥി. 1999ൽ പി.സി. ചാക്കോക്കെതിരെ 850 വോട്ട് ലീഡ് നേടിയ സുരേഷ് കുറുപ്പ് 2004ൽ ആന്റോ ആന്റണിയെയും പരാജയപ്പെടുത്തി. അന്ന് പുതുപ്പള്ളിയിൽ ലഭിച്ചത് 4995 വോട്ടിന്റെ ലീഡായിരുന്നു.
പാലാ മണ്ഡലത്തെ പോലെ പുതുപ്പള്ളിയും മാറി ചിന്തിക്കുമെന്ന പ്രചാരണവും എൽ.ഡി.എഫ് ക്യാമ്പുകൾ സജീവമായി ഉയർത്തുന്നുണ്ട്. പുതുപ്പള്ളിയുടെ അയൽമണ്ഡലമായ പാലായെ അരനൂറ്റാണ്ട് നയിച്ച കെ.എം. മാണിയുടെ മരണത്തിന് ശേഷം 2019 സെപ്റ്റംബറിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണിക്കായിരുന്നു വിജയം. ഇടതിനൊപ്പമായിരുന്ന മാണി.സി.കാപ്പനാണ് അട്ടിമറി ജയം സ്വന്തമാക്കിയത്.
തൃക്കാക്കരയുമായി പുതുപ്പള്ളിയെ താരതമ്യം ചെയ്യേണ്ടതില്ലെന്നും എൽ.ഡി.എഫ് വാദിക്കുന്നു. തൃക്കാക്കര അടിയുറച്ച യു.ഡി.എഫ് മണ്ഡലമായിരുന്നെങ്കിൽ പുതുപ്പള്ളി അങ്ങനെയല്ലെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഇടതിന് ഏറെ രാഷ്ട്രീയ അടിത്തറയുള്ള മണ്ഡലമാണ് പുതുപ്പള്ളി. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിൽ ആറിടത്ത് എൽ.ഡി.എഫിനാണ് ഭരണം. 1970വരെ പുതുപ്പള്ളി സി.പി.എമ്മിന്റെ കരുത്തുറ്റ മണ്ഡലമായിരുന്നുവെന്നും എൽ.ഡി.എഫ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.