മലപ്പുറം: നിലമ്പൂരിൽ യു.ഡി.എഫ്-ബി.ജെ.പി വോട്ട് കച്ചവടം നടന്നുവെന്ന് പി.വി അന്‍വര്‍ എം.എല്‍.എ. കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പ് വ്യക്തമാക്കുന്നത് ഈ കച്ചവടത്തെ കുറിച്ചാണെന്നും പി.വി അൻവർ എം.എൽ.എ ഫേസ്ബുക്കിൽ കുറിച്ചു. ആര്യാടൻ ഷൗക്കത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിലെ 'പദവികൾക്ക് വേണ്ടി മതേതര മൂല്യങ്ങൾ പണയം വച്ച്, മതാത്മക രാഷ്ട്രീയത്തിന്റെ മുന്നിൽ മുട്ടിൽ ഇഴയുന്നവർ' എന്ന വരികളാണ് ഇതിന് തെളിവായി അൻവർ ചൂണ്ടിക്കാട്ടുന്നത്.
മതേതര മൂല്യങ്ങൾ ഉയർത്തി പിടിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു ദേശീയ പാർട്ടിയായ കോൺഗ്രസിന്‍റെ ഡി.സി.സി പ്രസിഡണ്ടിന്‍റെ വർഗീയതയുടെ കപടമുഖം ചർച്ച ചെയ്യപ്പെടണം. അതിന് വേണ്ടിയാണ് ഈ ഫേസ്ബുക്ക് കുറിപ്പ്. മറുപടി പറയേണ്ടത് കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വമാണ്. ബി.ജെ.പിയിൽ ചേരുമെന്ന ഭീഷണി മുഴക്കി സ്ഥാനാർത്ഥിയായി സ്വന്തം അണികളെയും പ്രസ്ഥാനത്തെയും വർഗീയതയുടെ കൂടാരത്തിൽ കൊണ്ട് കെട്ടിയ ഇയാളെയൊക്കെ ജനം തിരിച്ചറിയുക തന്നെ ചെയ്യും -പി.വി അൻവർ കുറിച്ചു.
'പദവികൾക്ക് വേണ്ടി മതേതര മൂല്യങ്ങൾ പണയം വച്ച്, മതാത്മക രാഷ്ട്രീയത്തിന്റെ മുന്നിൽ മുട്ടിൽ ഇഴയുന്നവർ'. ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയും നിലവിൽ മലപ്പുറം ഡി.സി.സി പ്രസിഡന്റുമായ വ്യക്തിയെകുറിച്ച് കെ.പി.സി.സി അംഗവും കഴിഞ്ഞ തവണത്തെ യു.ഡി.എഫ് സ്ഥാനാർത്ഥിയുമായിരുന്ന ആര്യാടൻ ഷൗക്കത്ത് അദ്ദേഹത്തിന്‍റെ സ്വന്തം ഫേസ് ബുക്ക് പേജിൽ കുറിച്ച വാക്കുകളാണിത്..
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ആദ്യഘട്ടത്തിൽ തന്നെ യു.ഡി.എഫ് സ്ഥാനാർത്ഥി ബി.ജെ.പിയുമായി നടത്തിയ കൂട്ടുകച്ചവടത്തിന്റെ കൃത്യമായ വിവരങ്ങൾ ലഭിച്ചിരുന്നു.മണ്ഡലത്തിലെ പ്രമുഖ ബി.ജെ.പി നേതാവിന്റെ വീട്ടിൽ വച്ച് യു.ഡി.എഫ് സ്ഥാനാർത്ഥിയും ബി.ജെ.പി നേതൃത്വവും രണ്ട് തവണ നേരിട്ട് ചർച്ചയും നടത്തിയിരുന്നു.
ഈ വിവരങ്ങൾ അറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ തന്നെയാണ്,ബി.ജെ.പി ഉൾപ്പെടെയുള്ള ഒരു വർഗ്ഗീയ കക്ഷികളുടെയും വോട്ട് എനിക്ക് ആവശ്യമില്ല എന്ന് പരസ്യമായി പ്രഖ്യാപിച്ചതും,യു.ഡി.എഫ് സ്ഥാനാർത്ഥിക്കും ഇങ്ങനെ പരസ്യമായി പറയാൻ തന്റേടമുണ്ടോ എന്ന് വെല്ലുവിളിച്ചതും.എന്നാൽ ഇന്ന് വരെ ഈ വിഷയത്തിൽ ഡി.സി.സി പ്രസിഡന്റ് കൂടിയായ എതിർ സ്ഥാനാർത്ഥി ഒരക്ഷരം മിണ്ടിയിട്ടില്ല.
നിലമ്പൂരിൽ കൃത്യമായ വോട്ട് കച്ചവടം യു.ഡി.എഫ് സ്ഥാനാർത്ഥിയും ബി.ജെ.പിയും തമ്മിൽ നടത്തിയിട്ടുണ്ട്.അത് ആര്യാടൻ ഷൗക്കത്തിന്റെ വാക്കുകളിൽ കൂടി ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. ഏതൊക്കെ വർഗ്ഗീയ ശക്തികളുമായി സന്ധി ചെയ്തിട്ടും കാര്യമില്ല. ഈ കൂട്ടുകെട്ടുകളെ നിലമ്പൂരിലെ ജനത പോളിംഗ് ബൂത്തിലെത്തി,തകർത്ത് തരിപ്പണമാക്കിയിട്ടുണ്ട്.ഈ നാടിനൊരു മതേതര മുഖമുണ്ട്.അത് ഉടൻ തന്നെ നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് ബോധ്യപ്പെടും. മതേതര മൂല്യങ്ങൾ ഉയർത്തി പിടിക്കുന്ന ഒരു ദേശീയ പാർട്ടി എന്ന് അവകാശപ്പെടുന്ന കോൺഗ്രസിന്റെ ഡി.സി.സി പ്രസിഡന്റിന്റെ വർഗ്ഗീയതയുടെ കപടമുഖം ചർച്ച ചെയ്യപ്പെടണം.അതിന് വേണ്ടിയാണ് ഈ പോസ്റ്റ്. കാരണമായത് കോൺഗ്രസ് നേതാവിന്റെ പോസ്റ്റാണെന്നതും യാദൃശ്ചികം.
മറുപടി പറയേണ്ടത് കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വമാണ്.കാരണം ഈ വർഗ്ഗീയ കൂട്ടുകെട്ടിനെ കുറിച്ച് പരസ്യമായി പറഞ്ഞത് പി.വി.അൻവർ മാത്രമല്ല.ഞാൻ പറഞ്ഞതിനെ സാധൂകരിക്കുന്ന ആരോപണങ്ങൾ ഇപ്പോൾ ഉയർത്തിയിരിക്കുന്നത് കെ.പി.സി.സി അംഗം കൂടിയായ ആര്യാടൻ ഷൗക്കത്താണ്.
ബി.ജെ.പിയിൽ ചേരുമെന്ന ഭീഷണി മുഴക്കി സ്ഥാനാർത്ഥിയായി,സ്വന്തം അണികളെയും പ്രസ്ഥാനത്തെയും വർഗ്ഗീയതയുടെ കൂടാരത്തിൽ കൊണ്ട് കെട്ടിയ ഇയാളെയൊക്കെ ജനം തിരിച്ചറിയുക തന്നെ ചെയ്യും..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.