മലപ്പുറം: ചേലക്കര യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെതിരെ പേര് പറയാതെ വാർത്താസമ്മേളനത്തിൽ നടത്തിയ അധിക്ഷേപ പരാമർശം ചാനൽ ചർച്ചയിലും ആവർത്തിച്ച് പി.വി. അൻവർ എം.എൽ.എ. താൻ അധിക്ഷേപിക്കുന്നതായി ആ കമ്യൂണിറ്റിക്ക് തോന്നില്ലെന്നും മാധ്യമങ്ങൾക്കാണ് തോന്നുന്നതെന്നും ചാനൽ ചർച്ചയിൽ അൻവർ പറഞ്ഞു.
ജനങ്ങൾ തെരഞ്ഞെടുത്ത ജനപ്രതിനിധി എന്ന നിലയിൽ ആയിരം തവണ അഭിപ്രായം പറയാൻ തനിക്ക് അവകാശമുണ്ടെന്നും അൻവർ പറഞ്ഞു. അതേസമയം, തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിക്കും വോട്ട് ചെയ്തവർക്കും ഒരേ അവകാശമാണുള്ളതെന്ന ചാനൽ അവതാരകയുടെ പ്രതികരണത്തിൽ അൻവർ പ്രകോപിതനായി. അഭിപ്രായം അധിക്ഷേപമാകുന്ന സന്ദർഭത്തിൽ ജനപ്രതിനിധിയെ ചോദ്യം ചെയ്യാൻ രാജ്യത്തെ ഏതൊരു പൗരനെയും പോലെ തനിക്കും അവകാശമുണ്ടെന്ന് അവതാരിക ചൂണ്ടിക്കാട്ടി.
അവതാരകർ എ.സി റൂമിൽ ഇരുന്നുപറഞ്ഞിട്ട് കാര്യമില്ലെന്നും തങ്ങൾ ജനങ്ങൾക്കിടയിലൂടെയാണ് നടക്കുന്നതെന്നും അവരുടെ അനുഭവം പറയുമ്പോൾ നിങ്ങൾക്ക് എന്താണ് പൊള്ളുന്നതെന്നും അൻവർ ചോദിച്ചു. താങ്കൾ എ.സി ഉപയോഗിക്കാറില്ലേ എന്നും സെൻട്രലൈസ്ഡ് എ.സിയുള്ള നിയമസഭയിൽ ഇരുന്നല്ലേ താങ്കൾ അഭിപ്രായം പറയുന്നതെന്നും അവതാരക തിരിച്ചടിച്ചു.
ജനങ്ങൾ വോട്ട് ചെയ്തിട്ടാണ് എ.സിയുള്ള നിയമസഭയിൽ താൻ പോകുന്നതെന്ന് അൻവർ പറഞ്ഞു. താൻ ജോലി ചെയ്യുന്നത് വഴി ലഭിക്കുന്ന ശമ്പളത്തിൽ നിന്നുള്ള നികുതിയിൽ നിന്നുകൂടിയുള്ള നിയമസഭയിലാണ് താങ്കൾ ഇരിക്കുന്നതെന്നും അവതാരിക ചൂണ്ടിക്കാട്ടി.
പൊതുപ്രവർത്തകരും എം.പിമാരും എം.എൽ.എമാരും ലിപ്സ്റ്റിക്കും പൗഡറുമിട്ടും എ.സിയിലല്ല നടക്കേണ്ടത്. ജനങ്ങൾക്കിടയിലൂടെയും കോളനികളിലൂടെയും കള്ളിമുണ്ടുത്തും നടക്കണം. ജനപ്രതിനിധികൾ ലിപ്റ്റിക് ഇടരുതെന്ന് തിട്ടൂരമുണ്ട്. ഇക്കാര്യം പറയാൻ തനിക്ക് സ്വാതന്ത്ര്യമുണ്ടെന്നും അൻവർ വ്യക്തമാക്കി. എന്ത് അരാഷ്ട്രീയതയാണ് അൻവർ പറയുന്നതെന്ന് അവതാരിക ചോദിച്ചു.
രാവിലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് ചേലക്കര യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെതിരെ പേര് പറയാതെ പി.വി. അൻവർ അധിക്ഷേപ പരാമർശം നടത്തിയത്. ചേലക്കരയിൽ കൊണ്ടുപോയി നിർത്തിയ സ്ഥാനാർഥിയെ കുറിച്ച് ഞാൻ പറയണോ എന്ന ചോദ്യവുമായി തുടങ്ങിയ അൻവർ, അവരുടെ കമ്യൂണിറ്റിയുടെ പേര് പറയുന്നത് പോലും അവർക്കിഷ്ടമല്ലെന്നും ലിപ്സ്റ്റിക് തേച്ചിട്ടാണ് നടക്കുന്നതെന്നും അധിക്ഷേപിച്ചു.
ചേലക്കരയിൽ കൊണ്ടുപോയി നിർത്തിയ സ്ഥാനാർഥിയെക്കുറിച്ച് ഞാൻ പറയണോ? അവരുടെ കമ്യൂണിറ്റിയുടെ പേര് പറയുന്നത് പോലും അവർക്കിഷ്ടമല്ല. ഈ കമ്യൂണിറ്റിയിൽനിന്ന് വന്ന പല നേതാക്കന്മാരെയും ഇങ്ങനെ കണ്ടിട്ടുണ്ട്.
പ്രത്യേകിച്ച് ജയിച്ച് എം.എൽ.എയും എം.പിയുമൊക്കെയായ കമ്യൂണിറ്റിയുടെ റിസർവേഷനിൽ വരുന്ന ഒരുവിധം ആളുകളുടെയും സ്വഭാവം ഇതുതന്നെയാണ്. ചിലരൊക്കെ ലിപ്സ്റ്റിക് തേച്ചിട്ടാണ് നടക്കുന്നത്.
ചുണ്ടൊക്കെ ചോപ്പിച്ചിട്ട്. കാരണം, ഒരുനിലക്കും കാഴ്ചയിൽ അങ്ങനെ ഒരു ഫീലിങ് ഉണ്ടാകരുത് എന്ന് കരുതിയിട്ട്. ലിപ്സ്റ്റിക് തേച്ച് നടക്കുന്ന നേതാക്കന്മാർ ഇവിടുണ്ട്. ഈ പാവപ്പെട്ട കമ്യൂണിറ്റിയുടെ വോട്ടും വാങ്ങി അധികാരത്തിന്‍റെ വക്കിൽ എത്തിയാൽ സ്വഭാവം തന്നെ മാറുകയാണ്.
പിന്നെ മേക്കപ്പ് സാധനങ്ങളൊക്കെ കാറിന്‍റെ പോക്കറ്റിലാണ്. പൊതുസ്ഥലത്ത് എത്തുമ്പോൾ മിനുക്കി സുന്ദരക്കുട്ടപ്പനായി ഇറങ്ങുകയാണ്. ഇതാണ് ഈ കമ്യൂണിറ്റിയിലെ ആൾക്കാരുടെ സ്വഭാവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.