പിണറായി ‘ഡീപ് ഫേക്ക്’ ആണെന്നാണ് അൻവർ പറഞ്ഞുവെക്കുന്നത് -ഷാഫി പറമ്പിൽ

പാലക്കാട്: മുഖ്യമന്ത്രിയും സി.പി.എമ്മും സ്വന്തം ചെയ്തികൾ കൊണ്ട് ചോദിച്ചു വാങ്ങിയ പി.വി അൻവറുമായി ബന്ധപ്പെട്ട പ്രതിസന്ധിയെന്ന് ഷാഫി പറമ്പിൽ എം.പി. സംഘ്പരിവാർ മാതൃകയിൽ രാഹുൽ ഗാന്ധിക്കെതിരെ വൃത്തിക്കെട്ട അധിക്ഷേപം നടത്തിയ അൻവറിന് ബ്ലാങ്ക് പേപ്പറിൽ ക്രെഡിബിലിറ്റി സർട്ടിഫിക്കറ്റ് ഒപ്പിട്ടു നൽകിയത് പിണറായിയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ‘ഡീപ് ഫേക്ക്’ ആണെന്നാണ് അൻവർ പറഞ്ഞുവെക്കുന്നതെന്നും ഷാഫി പറഞ്ഞു.

മുഖ്യമന്ത്രി മടിയിലിരുത്തി പാലൂട്ടി വളർത്തി പ്രതിപക്ഷ നേതാവിനെതിരെയും പറയിപ്പിച്ചു. ഇപ്പോൾ ഉള്ളിലെ കാര്യങ്ങൾ പറയാൻ തുടങ്ങിയപ്പോൾ, അത് തടിയിൽ തട്ടാൻ തുടങ്ങിയപ്പോൾ, ക്ലിഫ് ഹൗസിന് നേരെ ആ മരം ചായാൻ തുടങ്ങിയപ്പോഴാണ് മുഖ്യമന്ത്രിക്ക് അൻവറിനെ പറ്റാതെ വന്നത്. സി.പി.എമ്മിനും മുഖ്യമന്ത്രിക്കുമാണ് എല്ലാറ്റിന്‍റെയും ഉത്തരവാദിത്തം.

എ.ഡി.ജി.പി ആർ.എസ്.എസ് നേതാക്കളുമായി ചർച്ച നടത്തിയെന്ന് കേരളത്തിലെ എല്ലാവർക്കും ബോധ്യപ്പെട്ടു. എ.ഡി.ജി.പി മാറ്റാത്തത് ബി.ജെ.പിയുടെ അംഗീകാരം ലഭിക്കാത്തത് കൊണ്ടാണോ എന്ന് കേരളം സംശയിക്കുന്നു. 2016ൽ അധികാരമേറ്റത് മുതൽ തൃശൂർ ലോക്സഭ തെരഞ്ഞെടുപ്പ് വരെ തുടരുന്ന ബി.ജെ.പി ബന്ധമാണിത്. തൃശൂർ തന്ത്രം പാലക്കാട് എടുക്കാൻ നോക്കിയാൽ അവിടുത്തെ സി.പി.എം പ്രവർത്തകർ തന്നെ പരാജയപ്പെടുത്തും.

അൻവറിനെതിരെ പാർട്ടി നേതാക്കൾ വരിവരിയായി നിന്ന് മറുപടി പറയുന്നുണ്ട്. എന്നാൽ, കോടിയേരി ബാലകൃഷ്ണന്‍റെ ഭൗതികശരീരം എ.കെ.ജി സെന്‍ററിൽ പൊതുദർശനത്തിന് വയ്ക്കാത്തതിൽ ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. എന്തുകൊണ്ട് പൊതുദർശനത്തിന് വച്ചില്ല എന്ന ചോദ്യം സാധാരണ പ്രവർത്തകർ ചോദിക്കുകയാണ്. പിണറായി പേടിയിൽ മറുപടി പറയാൻ സി.പി.എം നേതാക്കൾ നിർബന്ധിതരാവുകയാണെന്നും ഷാഫി പറമ്പിൽ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - PV Anvar says that Pinarayi is a 'deepfake' - Shafi Parambil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.