‘മുഖ്യമന്ത്രിയെ വികൃതമാക്കുന്നത് കാട്ടുകള്ളൻ ശശി; കേരളത്തിൽ കത്തി ജ്വലിച്ചുനിന്ന പിണറായി എന്ന സൂര്യൻ കെട്ടുപോയി’; കടന്നാക്രമിച്ച് അൻവർ

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനും പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കും എ.ഡി.ജി.പി എം.ആർ അജിത് കുമാറിനുമെതിരെ ആരോപണങ്ങൾ കടുപ്പിച്ച് പി.വി. അൻവർ എം.എൽ.എ. ‘കാട്ടുകള്ളൻ’ ശശിയാണ് മുഖ്യമന്ത്രിയെ വികൃതമാക്കുന്നതെന്നും പൊലീസുമായി ബന്ധപ്പെട്ട ഒരു വിഷയവും സി.എമ്മിനോട് ചർ‌ച്ച ചെയ്യുന്നില്ലെന്നും അൻവർ ആരോപിച്ചു. കേരളത്തിൽ കത്തി ജ്വലിച്ചുനിന്ന സൂര്യനായിരുന്നു പിണറായി വിജയനെന്നും ആ സൂര്യൻ കെട്ടുപോയെന്നും ഇപ്പോൾ കമ്യൂണിസ്റ്റുകാർക്ക് പോലും വെറുപ്പാണെന്നും അദ്ദേഹത്തോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും അൻവർ വെളിപ്പെടുത്തി. 

‘താൻ ഉന്നയിച്ച ആരോപണങ്ങൾ സിറ്റിങ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണ്. എ.ഡി.ജി.പി എഴുതിക്കൊടുത്ത വാറോല വായിക്കേണ്ട ഗതികേടിലേക്ക് മുഖ്യമന്ത്രി എത്തിയോ എന്ന് അദ്ദേഹവും പാർട്ടിയും ആലോചിക്കണം.സിറ്റിങ് ജഡ്ജിയെ വെച്ച്, സത്യസന്ധരായ ഉദ്യോഗസ്ഥരെ കൊണ്ട് 158 കേസുകൾ പുനരന്വേഷിക്കാൻ മുഖ്യമന്ത്രി തയാറാണോയെന്ന് വീണ്ടും ചോദിക്കുകയാണ്. പൊലീസ് പിടികൂടുന്ന സ്വർണത്തിന്റെ പകുതി പോലും കസ്റ്റംസിന് കിട്ടുന്നില്ല. 30 മുതൽ 50 ശതമാനം വരെ സ്വർണം വിഴുങ്ങുകയാണ്. മുഖ്യമന്ത്രി ഇത് മനസ്സിലാക്കണം’ -അൻവർ പറഞ്ഞു.

‘ഞാൻ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫിസിൽ‌ പോയി. രാവിലെ ഒമ്പത് മണിക്ക് കാണാമെന്ന് പറഞ്ഞു. പിന്നീട് 12 മണിക്ക് വന്നാൽ മതിയെന്ന് പറഞ്ഞു. 12.30നാണ് മുഖ്യമന്ത്രിയെ കണ്ടത്. 11 പേജ് അടങ്ങിയ പരാതി മുഖ്യമന്ത്രിക്ക് കൊടുത്തു. വായിക്കുന്നതിനിടെ ഇടക്കിടെ എന്നെ നോക്കുന്നുണ്ടായിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും ചോദിച്ചു. ഉള്ളുതുറന്ന് ഞാൻ പറ‍ഞ്ഞു, എല്ലാം കേട്ടു. സി.എ.മ്മിനോട് ചില കാര്യങ്ങൾ പറയാനുണ്ടെന്ന് പറ‍ഞ്ഞു. നീ പറഞ്ഞോയെന്ന് പറഞ്ഞു. അജിത് കുമാറും ശശിയുമെല്ലാം കള്ളന്മാരാണെന്നും സൂക്ഷിക്കണമെന്നും ഞാൻ പറഞ്ഞു. കസേരയിലിരുന്നു ഒരു നിശ്വാസം. ഇങ്ങനെയൊക്കെ ആയാൽ എന്താ ചെയ്യുകയെന്ന് അദ്ദേഹം പറഞ്ഞു. എന്തോ ഒരു നിസ്സഹായാവസ്ഥ എനിക്ക് ഫീൽ ചെയ്തു.

കേരളത്തിൽ കത്തി ജ്വലിച്ചുനിന്ന സൂര്യനായിരുന്നു പിണറായി വിജയൻ. ആ സൂര്യൻ കെട്ടുപോയി എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഗ്രാഫ് താഴ്ന്നു പോയെന്നും കമ്യൂണിസ്റ്റുകാർക്ക് പോലും വെറുപ്പാണെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ശശിയുടെ ക്യാബിൻ ചൂണ്ടിക്കാട്ടി എല്ലാത്തിനും കാരണം അവനാണെന്ന് ഞാൻ പറഞ്ഞു. ഞാൻ സിഎമ്മിന്റെ മുന്നിൽ നിന്നും ശബ്ദം ഇടറി കരഞ്ഞു. അവിടെയിരുന്ന് കണ്ണൊക്കെ തുടച്ച് ശാന്തനായി. അജിത് കുമാറിനെ അന്വേഷണത്തിൽ നിന്നും മാറ്റിനിർത്തണമെന്ന് ഞാൻ പറഞ്ഞു. നമുക്ക് നോക്കാമെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരോട് എന്ത് പറയണമെന്ന് ചോദിച്ചപ്പോൾ നിങ്ങൾ പറഞ്ഞോയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്’ – അൻവർ കൂട്ടിച്ചേർത്തു.

Tags:    
News Summary - PV Anwar against Pinarayi Vijayan and P Sasi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.