പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ യോഗത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധവുമായി പി.വി അൻവർ

കൊച്ചി: എറണാകുളം പത്തടിപാലത്തെ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ യോഗത്തിന് അനുമതി നിഷേധിച്ചതിൽ പ്രതി​ഷേധവുമായി പി.വി അൻവർ എം.എൽ.എ. യോഗം ചേരാനായി അൻവറിന് ഗസ്റ്റ് ഹൗസിൽ മുറി നൽകിയിരുന്നില്ല. തുടർന്ന് റസ്റ്റ് ഹൗസിന് മുന്നിൽ അൻവർ പ്രതിഷേധമുയർത്തി. മുറി നൽകിയില്ലെങ്കിലും റസ്റ്റ് ഹൗസിന്റെ മുറ്റത്ത് യോഗം നടത്തുമെന്ന് പി.വി അൻവർ പറഞ്ഞു.

രാഷ്ട്രീയ യോഗമല്ല ചേരുന്നതെന്ന് ഗസ്റ്റ് ഹൗസ് അധികൃതരെ അറിയിച്ചിരുന്നു. മുഖ്യമന്ത്രി വാളെടുക്കുമ്പോൾ മരുമകൻ വടിയെടുക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും പി.വി അൻവർ കുറ്റപ്പെടുത്തി. 50 ഓളം പേർക്ക് ഇരിക്കാവുന്ന ഹാളാണ് ബുക്ക് ചെയ്തിരുന്നത്. ഇതിന് വേണ്ടി ഇമെയിൽ നൽകിയിരുന്നു. ഉച്ചയോടെ രാഷ്ട്രീയപാർട്ടിയുടെ യോഗമാണ് നടക്കുന്നതെന്നതിനാൽ അനുമതി നൽകാനാവില്ലെന്ന് പി.ഡബ്യു.ഡി ഉദ്യോഗസ്ഥർ അറിയിച്ചുവെന്നും.

പിന്നീട് കാര്യങ്ങൾ വിശദമാക്കി വീണ്ടും മെയിൽ അയച്ചുവെങ്കിലും ഒരു മറുപടിയും തന്നില്ലെന്നും അൻവർ കൂട്ടിച്ചേർത്തു. ഇടതുസർക്കാർ നടത്തുന്നത് ഫാസിസമാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ സംസ്ഥാന സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി പി.വി അൻവർ രംഗത്തെത്തിയിരുന്നു. ജനങ്ങളോടല്ല കോർപ്പറേറ്റ് കർത്തയോടാണ് ബാധ്യതയെന്ന നിലയിലാണ് ഇപ്പോഴത്തെ ഭരണം പോവുന്നതെന്നായിരുന്നു അൻവറിന്റെ വിമർശനം. കരിമണൽ ഖനനവും അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന തീരശോഷണം ഉൾപ്പടെയുള്ള വിഷയങ്ങളിൽ ഉയർന്ന് വന്നിട്ടുള്ള പ്രതിഷേധത്തെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് പി.വി അൻവർ എം.എൽ.എയുടെ പ്രതികരണം.

സാമ്പത്തിക പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന സർക്കാറിനെ സംബന്ധിച്ചടുത്തോളം ഖജനാവിലേക്ക് പണമുണ്ടാക്കാനുള്ള മാർഗങ്ങളിലൊന്നാണ് കരിമണൽ ഖനനം. ഇതിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് തന്നെ ജനങ്ങൾ നേരിടുന്ന തീരശോഷണം ഉൾപ്പടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാമെന്നും പി.വി അൻവർ പറഞ്ഞു.

എന്നാൽ, ഇന്ന് ജനങ്ങളെ കേൾക്കാൻ തയാറാകുന്ന ഒരു രാഷ്ട്രീയ നേതൃത്വം ഇവിടെ ഇല്ലാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം. ഭരണനേതൃത്വത്തിൽ നിന്ന് നീതി കിട്ടാതാകുമ്പോഴാണ് ജനങ്ങൾ പ്രതിപക്ഷത്തേയും മറ്റ് സാമൂഹിക സംഘടനകളേയും തേടി പോവുന്നതെന്നും പി.വി അൻവർ പറഞ്ഞു. കേരളത്തിലെ വിവിധ രാഷ്ട്രീയപാർട്ടികളിലെ നേതാക്കൾ തമ്മിൽ അന്തർ ധാരണയുണ്ടെന്നനും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് മൂലം ഇവിടെ ഒരു കാര്യവും നടക്കാത്ത നിലയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - PV anwar MLA Protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.