‘ഷിയാസ് വി.ഡി സതീശന്റെ ഗുണ്ട, വെള്ളക്കുപ്പായവും വെട്ടുകത്തിയും കൊടുത്തിട്ട് ഡി.സി.സി പ്രസിഡന്റായി ഇരുത്തിയിരിക്കുന്നു’; ആരോപണവുമായി അൻവർ

മലപ്പുറം: എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പി.വി അൻവർ എം.എൽ.എ. ഷിയാസ് വി.ഡി സതീശന്റെ ഗുണ്ടയാണെന്നും പേരിനൊരു വെള്ളക്കുപ്പായവും വെട്ടുകത്തിയും കൊടുത്തിട്ട് ഡി.സി.സി പ്രസിഡന്റെന്ന നെറ്റിപ്പട്ടം ചാർത്തി അവിടെ ഇരുത്തിയിരിക്കുകയാണെന്നും അൻവർ ആരോപിച്ചു. സ്വകാര്യ ചാനലുമായി സംസാരിക്കുന്നതിനിടെയായിരുന്നു എം.എൽ.എയുടെ പ്രതികരണം. രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ. ജയശങ്കറിന്റെ മുണ്ടൂരിക്കളയും, തലയിലൂടെ മാലിന്യമൊഴിക്കും എന്നൊക്കെ പറഞ്ഞ് എറണാകുളത്തേക്ക് വന്നാൽ അന്‍വര്‍ മുട്ടിലിഴഞ്ഞ് പോകേണ്ടി വരുമെന്ന ഷിയാസിന്റെ പ്രതികരണമാണ് അൻവറിനെ ചൊടിപ്പിച്ചത്.

‘വി.ഡി സതീശന്റെ ​ഒരു ഗുണ്ടയായി, പേരിനൊരു വെള്ളക്കുപ്പായവും വെട്ടുകത്തിയും കൊടുത്തിട്ട് ഡി.സി.സി പ്രസിഡന്റെന്ന നെറ്റിപ്പട്ടവും ചാർത്തി ഒരുത്തനെ അവിടെ ഇരുത്തിയിരിക്കുകയാണ്. കാല് വെട്ടുന്നത് കൊണ്ടല്ല കുഴപ്പം, ഏത് കാലാണ് വെട്ടുന്നതെന്ന് അവൻ പറഞ്ഞില്ലല്ലോ. അതുകൊണ്ട് ഞാൻ രണ്ട് കാലിന് ഇപ്പോൾ ഓർഡർ ചെയ്തിട്ടുണ്ട് -ലെഫ്റ്റും റൈറ്റും. ഏത് വെട്ടിയാലും ഒന്ന് ഇറങ്ങി നടക്കണമല്ലോ. ഏത് കാലാണെന്ന് പറഞ്ഞാൽ അത് മാത്രം വാങ്ങിയാൽ മതിയായിരുന്നു, ഇപ്പോൾ വെപ്പ് കാല് കിട്ടുമല്ലോ’ -അൻവർ പരിഹസിച്ചു. ‘കളമശ്ശേരി മെഡിക്കൽ കോളജിൽ സിയാസ്ക കാലെടുത്തവർക്ക്‌ വേണ്ടി മാത്രമായി ഒരു പ്രത്യേക ബ്ലോക്ക്‌ തന്നെ ഉണ്ടത്രേ.!! പേടിയായിട്ട്‌ വയ്യ...’ എന്ന് അൻവർ ഫേസ്ബുക്കിൽ കുറിപ്പിടുകയും ചെയ്തിട്ടുണ്ട്.

ഷിയാസ് ക്വട്ടേഷൻ വാങ്ങുന്നയാ​ളാണെന്നും അവിടെ ഡി.സി.സിയിൽ ഒരാളും മിണ്ടില്ലെന്നും അൻവർ ആരോപിച്ചു. ‘2015ൽ എം.ജി റോഡിലെ സഫയർ ഹോട്ടൽ കെട്ടിടം പൊളിച്ചുനീക്കാൻ ക്വട്ടേഷൻ വാങ്ങിയയാളാണ് ഷിയാസ്. തൊഴിലാളികളെ ക്രൂരമായി മർദിച്ചും സാധനങ്ങൾ പുറത്തിട്ടുമാണ് ഒഴിപ്പിച്ചത്. അതിനവർ വലിയ തുകയാണ് കൈപ്പറ്റിയത്. ഈ ക്വട്ടേഷൻ അജിത് കുമാറിന്റേതാണെന്ന് എറണാകുളത്തെ എല്ലാ കോൺഗ്രസുകാർക്കും അറിയും. അന്ന് ഷിയാസിനെയടക്കം പ്രതിചേർക്കാതെ സി.ഐ ആയിരുന്ന ഷെൽബിയെ മാത്രം ബലിയാടാക്കി. പരാതിയിൽ ഷിയാസാണ് ഒന്നാം പ്രതി. അജിത് കുമാറുമായി അന്ന് തൊട്ടുള്ള ബന്ധമാണ്. അജിത് കുമാറും വി.ഡി സതീശനും കൂടിയാലോചിച്ചാണ് ശങ്കരനെ (അഡ്വ. ജയശങ്കർ) രക്ഷിക്കാൻ എനിക്കെതിരെ ഭീഷണി മുഴക്കിയിട്ടുള്ളതെന്ന് എല്ലാവർക്കും മനസ്സിലാകും’ -അൻവർ കൂട്ടിച്ചേർത്തു.

താങ്കളോട് എം.എൽ.എ സ്ഥാനം ഒഴിയാൻ പറഞ്ഞ ഷിയാസിനോട് ഡി.സി.സി സ്ഥാനം ഒഴിവാൻ പറഞ്ഞുകൂടെ എന്ന് ചോദിച്ചപ്പോൾ, ജയശങ്കറിന്റെ ക്ലോസറ്റ് കഴുകാൻ പോകുന്നവനോട് രാജിവെക്കാൻ പറയേണ്ട വല്ല കാര്യവുമുണ്ടോയെന്നായിരുന്നു മറുപടി. അവന്റെ മേൽ ഒഴിച്ച മലം വടിച്ചെടുക്കുകയല്ലേ അവൻ ചെയ്യുന്നത്. അതിലും വലിയ വൃത്തികെട്ടവനോട് എന്ത് പറയാനാണെന്നും അൻവർ കൂട്ടിച്ചേർത്തു. മോശമായി പെരുമാറിയവർക്കെതിരെ ഡി.സി.സി സെക്രട്ടറിയായിരുന്ന സൗമ്യ ശശി നൽകിയ പരാതി അന്വേഷിക്കാൻ ഷിയാസ് തയാറായില്ലെന്ന ആരോപണവും അൻവർ ഉന്നയിക്കുന്നുണ്ട്. 

Tags:    
News Summary - PV Anwar's Allegations against Muhammed Shiyas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.